കൊച്ചി: പോലീസ് പിടിച്ചുകൊണ്ടുപോയ ഭർത്താവിനെ അന്വേഷിച്ച് ഏറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ തള്ളുകയും കരണത്തടിക്കുകയും ചെയ്‌ത മുൻ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രനെതിരേ നിയമപോരാട്ടം തുടരുമെന്ന് വ്യക്തമാക്കി മർദനമേറ്റ ബെൻജോ-ഷൈമോൾ ദമ്പതിമാർ. സസ്പെൻഷൻകൊണ്ട് നീതിലഭിക്കില്ല. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതാപചന്ദ്രനെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്‌തിട്ടുണ്ടെങ്കിലും ഇത് വകുപ്പുതല നടപടി മാത്രമാണെണ് ഇവർ പറയുന്നു. സ്റ്റേഷനിൽവെച്ച് മർദിച്ചതിനും അസഭ്യം പറഞ്ഞതിനും പ്രതാപചന്ദ്രനെതിരേ ദമ്പതിമാർ എറണാകുളം എസിജെഎം കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ തുടർനടപടി ജനുവരി 17-ലേക്ക് മാറ്റിയിട്ടുണ്ട്.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് പരാതിക്കാർക്ക് ലഭിച്ച സ്റ്റേഷനിലെ സിസിടിവി ദൃശ്യം കോടതിയിൽ തെളിവായി സമർപ്പിക്കുമെന്നും ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കി.
അതിനിടെ സ്റ്റേഷനിലെ മർദനത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിൽ ദമ്പതിമാർ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയോ, കുഞ്ഞുങ്ങളെ എറിയാൻ ഷൈമോൾ ശ്രമിക്കുന്നതോ ആയ ദൃശ്യങ്ങളില്ല. 2024 ജൂൺ 20-നാണ് സംഭവം നടക്കുന്നത്. നോർത്ത് സ്റ്റേഷനിലെ അതിക്രമദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊച്ചി സ്വദേശി ഷൈമോളെ എസ്എച്ച്ഒ പ്രതാപചന്ദ്രൻ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇവരുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് കൈക്കുഞ്ഞുമായി യുവതി സ്റ്റേഷനിൽ എത്തിയത്. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് സിഐ മുഖത്തടിച്ചത്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തതിലും മുഖ്യമന്ത്രി ഇടപെട്ടതിലും സന്തോഷമെന്നും ഇനിയും നിയമപോരാട്ടം തുടരുമെന്നും ഷൈമോൾ പറഞ്ഞു.
അടി, പ്രതാപചന്ദ്രനെതിരേ മുൻപും പരാതി
ഗർഭിണിയായ ഷൈമോളെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതാപചന്ദ്രനെതിരേയുള്ള പഴയ പരാതികൾ വീണ്ടും ചർച്ചയായി. 2023 ഏപ്രിൽ ഒന്നിന് നോർത്ത് റെയിൽവേ മേൽപ്പാലത്തിനുതാഴെ വിശ്രമിക്കുകയായിരുന്ന കാക്കനാട് സ്വദേശി റനീഷ് എന്ന യുവാവിനെ പ്രതാപചന്ദ്രൻ മർദിച്ചതായി പരാതിയുയർന്നിരുന്നു. ഇതിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും കാര്യമായ ഫലമുണ്ടായില്ല. 'കാക്കനാട് വീടുള്ളവൻ എന്തിനാ നോർത്തിലെ പാലത്തിൻ്റെ അടിയിൽ വന്നിരിക്കുന്നത് എന്ന് ചോദിച്ചായിരുന്നു മർദനം. ഇവിടെ ഇരിക്കാൻ പാടില്ലെന്ന് അറിയില്ലായിരുന്നുവെന്ന് മറുപടി പറഞ്ഞതോടെ വീണ്ടും മർദിച്ചു. പോക്കറ്റിൽ എന്താണെന്ന് ചോദിച്ചപ്പോൾ ഹെഡ്‌സെറ്റ് എന്ന് മറുപടി നൽകി. ഇതിനിടെ ലാത്തികൊണ്ട് അടിച്ചു. ലാത്തി ഒടിഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോൾ മുഖത്തടിച്ചതായും യുവാവ് പരാതിപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിച്ച യുവാവ് ഛർദിച്ച് അവശനായപ്പോൾ പോലീസുതന്നെ ആശുപത്രിയിലെത്തിച്ചു. റിനീഷിന്റെ അമ്മയുടെ പരാതിയിൽ അസി. കമ്മിഷണർ സംഭവം അന്വേഷിച്ചിരുന്നു. സംശയകരമായ സാഹചര്യത്തിൽ യുവാവിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നുവെന്നാണ് പോലീസ് വിശദീകരണം.
പാലക്കാട് സ്വദേശിയായ സനൂപും പ്രതാപചന്ദ്രനെതിരേ പരാതി നൽകിയിരുന്നു. 2023 മേയ് 16-ന് രാത്രി ഒരുമണിക്ക് കലൂർ ജങ്ഷനിൽ ചായകുടിക്കാനെത്തിയപ്പോൾ പോലീസ് സംഘം വാഹനത്തിൻ്റെ രേഖകൾ ചോദിച്ചു. പോലീസ് നടപടി ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ പ്രതാപചന്ദ്രനും കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മർദിച്ചു. പോലീസിനെ ആക്രമിച്ചന്ന പേരിൽ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്തതായും നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇവരുടെ നിയമപോരാട്ടം തുടരുകയാണ്. സ്റ്റേഷനിൽ സുഹൃത്തായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കാണാനെത്തിയപ്പോൾ അനുവാദമില്ലാതെ ചിത്രമെടുത്തുവെന്നാരോപിച്ച് കൊച്ചി സ്വദേശിയായ യുവതിയും രംഗത്തുവന്നിട്ടുണ്ട്.
കരണത്തടി പ്രകോപിപ്പിച്ചതിനേത്തുടർന്ന് പ്രതാപചന്ദ്രൻ
ഗർഭിണിയായ യുവതിയുടെ കരണത്തടിക്കാനുണ്ടായ കാരണം മനഃപൂർവമായുള്ള പ്രകോപിപ്പിക്കലിനെ തുടർന്നെന്ന് സസ്പെൻഷനിലായ അരൂർ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രൻ. "വനിതാ പോലീസ് ഉദ്യോഗസ്ഥരെ അടക്കം തള്ളിനീക്കി നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചാണ് ഇവർ കയറിയത്. ഇരട്ടക്കുട്ടികളെ തറയിൽ എറിഞ്ഞ് കൊലപ്പെടുത്തുമെന്നുവരെ ഭീഷണി ഉയർത്തി. പിന്നീട് എന്നെ അവർ ആദ്യം തള്ളി. അതേത്തുടർന്ന് പെട്ടന്നുണ്ടായ പ്രതികരണമായാണ് അടിച്ചത്. തനിക്ക് അവരോട് പകയോ വൈരാഗ്യമോ ഉണ്ടായിരുന്നില്ല'. -പ്രതാപചന്ദ്രൻ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

