തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി
സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ ഭിന്നത. ഒത്തുതീർപ്പ് വേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രിയാണ് പറഞ്ഞത്. എന്നാൽ, ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധംകൂടിയാണ് സുപ്രീംകോടതിയിലെ പോരാട്ടമെന്നും അതിൽനിന്ന് മാറുന്നത് തിരിച്ചടിയാകുമെന്നും പറഞ്ഞ് ഒരു വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുടെ ആവശ്യത്തെ എതിർത്തു. പിഎംശ്രീയിൽ ഒപ്പിട്ട അനുഭവവും ചിലർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഒത്തുതീർപ്പിലെത്താതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞതോടെ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന യോഗത്തിലാണ് വിഷയം ഉന്നയിച്ചത്. ഇതിനുമുൻപുതന്നെ, മന്ത്രിമാരായ പി. രാജീവിനെയും ആർ. ബിന്ദുവിനെയും മുഖ്യമന്ത്രി ലോക്‌ഭവനിലേക്കയച്ച് ഒത്തുതീർപ്പിനുള്ള ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു. ഏതൊക്കെ ഉപാധിയിലാണ് സർക്കാരും ഗവർണറും ഒത്തുതീർപ്പുണ്ടാക്കുന്നതെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചിട്ടില്ല. ചർച്ചയുമുണ്ടായില്ല.
സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയിൽനിന്ന് മുഖ്യമന്ത്രി നിർദേശിക്കുന്നയാളെ ഗവർണർ നിയമിക്കണമെന്നായിരുന്നു ആദ്യം സുപ്രീംകോടതി നിർദേശിച്ചത്. ഇത് അംഗീകരിക്കാതിരുന്ന ഗവർണറുടെ നിലപാടിനെ സുപ്രീംകോടതി വിമർശിച്ചതാണ്. സമവായത്തിലെത്തിയില്ലെങ്കിൽ വി.സി. നിയമനനടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി കോടതി അതിനുള്ള നടപടികളിലേക്ക് കടന്നിരുന്നു. ഇങ്ങനെ വി.സി. നിയമനത്തിൽ സർക്കാരിന് പൂർണമേൽക്കൈ ലഭിക്കാനിടയുള്ള ഘട്ടത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയതിലാണ് സിപിഎമ്മിൽ എതിർപ്പുള്ളത്.
മന്ത്രിമാരുമായുള്ള ചർച്ചയിൽ ബിജെപി ബന്ധമുള്ള ആർക്കെങ്കിലും നിയമനം നൽകണമെന്ന താത്പര്യം തനിക്കില്ലെന്നും വി.സി. നിയമനം ചാൻസലറെന്ന നിലയിൽ ഗവർണറാണ് നടത്തേണ്ടതെന്നുമാണ് ഗവർണർ പറഞ്ഞത്.
പേരുകളിലേക്ക് വന്നപ്പോൾ സർക്കാരുമായി ഏറ്റുമുട്ടിനിൽക്കുന്ന ഡോ. സിസാ തോമസിനെ നിയമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥിൻ്റെ പേര് മന്ത്രിമാർ നിർദേശിച്ചു. എന്നാൽ, അവിടെ നടന്ന ക്രമക്കേടുകളിൽ ഓഡിറ്റ് നടക്കുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിൻ്റെ പേര് അംഗീകരിക്കാൻ ഗവർണറും തയ്യാറായില്ല.
ഇതിനുശേഷമാണ് മുഖ്യമന്ത്രി ലോകഭവനിലെത്തി ഗവർണറെ കണ്ടത്. സജി ഗോപിനാഥിന് നിയമനം നൽകാൻ സിസയുടെ പേരിൽ വഴങ്ങാനുള്ള സന്നദ്ധത മുഖ്യമന്ത്രി അറിയിച്ചു. അങ്ങനെയാണ് ഗവർണറുമായുള്ള ഒത്തുതീർപ്പുണ്ടായത്.
രണ്ടുവർഷത്തിലേറെയായി സിപിഎമ്മും സർക്കാരും സിസയ്ക്കെതിരേ കർക്കശ നിലപാടിലായിരുന്നു. ഇപ്പോൾ നിയമനമുൾപ്പെടെ സുപ്രീംകോടതിയിലെത്തിനിൽക്കുമ്പോൾ സർക്കാർ ഒത്തുതീർപ്പിന് തയ്യാറാകുന്നതും മുഖ്യമന്ത്രി അതിന് മുൻകൈ എടുക്കുന്നതും എന്തിനാണെന്ന് ചോദ്യമാണ് സിപിഎം നേതാക്കൾക്കിടയിലും ഉയരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
