പുല്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ പരക്കെ സംഘർഷം. മാടപ്പള്ളിക്കുന്നിലും പെരിക്കല്ലൂരിലും പട്ടാണിക്കുപ്പിലും സുരഭിക്കവലയിലുമാണ് സംഘർഷങ്ങളുണ്ടായത്. പട്ടാണിക്കുപ്പിലും പെരിക്കല്ലൂരിലും പ്രവർത്തകരെ പോലീസെത്തി ലാത്തിവീശി വിരട്ടിയോടിച്ചു. യുഡിഎഫിന്റെ വിജയാഹ്ലാദപ്രകടനത്തിനിടെയാണ് എൽഡിഎഫ് പ്രവർത്തകരുമായി സംഘർഷമുണ്ടായത്. അക്രമസംഭവങ്ങളിൽ ഇരുവിഭാഗങ്ങളിലെയും ഒട്ടേറെ പ്രവർത്തകർക്ക് പരിക്കേറ്റു.
മാടപ്പള്ളിക്കുന്ന് ഉന്നതിയിൽ വോട്ടർമാർക്ക് നന്ദിപറയുന്നതിനായി യുഡിഎഫ് സ്ഥാനാർഥി ഷിനു കച്ചിറയിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായെത്തുന്നതിനിടെയാണ് എൽഡിഎഫ് പ്രവർത്തകരുമായി വാക്‌തർക്കവും സംഘർഷവുമുണ്ടായത്.
ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഎം ലോക്കൽ സെക്രട്ടറി കുറുവടിയുമായി നടക്കുന്നതിൻ്റെ വീഡിയോദൃശ്യങ്ങൾ കോൺഗ്രസ് അനുകൂലികൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മാടപ്പള്ളിക്കുന്നിലുണ്ടായ അക്രമത്തിൽ പരിക്കേറ്റ ഒരു കോൺഗ്രസ് പ്രവർത്തകർ പുല്ലള്ളിയിലെ ആശുപത്രിയിൽ ചികിത്സതേടി. ഇവിടെ കുട്ടികളടക്കമുള്ളവർക്ക് പരിക്കേറ്റതായി എൽഡിഎഫ് നേതാക്കളും ആരോപിച്ചു. സംഘർഷസാധ്യതയെത്തുടർന്ന് മാടപ്പള്ളിക്കുന്ന് ഉന്നതിയിൽ ഞായറാഴ്ചയും പോലീസ് സുരക്ഷയേർപ്പെടുത്തിയിരുന്നു.
പെരിക്കല്ലൂരിൽ വിജയാഹ്ലാദപ്രകടനത്തിനിടെ യുഡിഎഫിന്റെ പ്രചാരണവാഹനത്തിൻ്റെ ചില്ല് എൽഡിഎഫ് പ്രവർത്തകർ അടിച്ചുതകർത്തതായും പരാതിയുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ യുഡിഎഫ് പ്രവർത്തകർ ബത്തേരിയിലെ ആശുപത്രികളിൽ ചികിത്സതേടിയിട്ടുണ്ട്.
പെരിക്കല്ലൂരിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ എൽഡിഎഫ് പ്രവർത്തകനായ മൂഴിച്ചാലിൽ ഷിജുവിൻ്റെ പരാതിയിൽ പുല്ലള്ളി പോലീസ് നാല് യുഡിഎഫ് പ്രവർത്തകരുടെപേരിൽ കേസെടുത്തിട്ടുണ്ട്.
സുരഭിക്കവല വാർഡിൽ വിജയിച്ച കോൺഗ്രസിലെ ലിസി സാബുവിനെ എൽഡിഎഫ് പ്രവർത്തകർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇവിടെയും ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ആക്രമണം വിജയത്തിൽ വിറളിപൂണ്ട്- കോൺഗ്രസ്
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ വിറളിപൂണ്ടാണ് സിപിഎം ആക്രമണം നടത്തുന്നതെന്ന് കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിൽ 19-ൽ 13 സീറ്റുകൾ കരസ്ഥമാക്കി യുഡിഎഫ് ഉജ്ജ്വലവിജയം കൈവരിച്ചത് സിപിഎമ്മിന് ഉൾക്കൊള്ളാനായില്ല.
ഇതുകാരണമാണ് സുരഭിക്കവല, പണ്ണോത്തുകൊല്ലി, പട്ടാണിക്കുപ്പ് എന്നിവടങ്ങളിൽ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ പരക്കെ അക്രമം അഴിച്ചുവിട്ടത്.
യുഡിഎഫ് പ്രവർത്തകരെ മർദിച്ചതിലും അസഭ്യം പറഞ്ഞതിലും യോഗം പ്രതിഷേധിച്ചു.
അഡ്വ, രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു.വർഗീസ് മുരിയൻകാവിൽ, ബീന കരുമാംകുന്നേൽ പി.ഡി. സജി, ഒ.ആർ. രഘു, വി.ടി. തോമസ്, സുനിൽ പാലമറ്റം, ഷിനോ തോമസ്, സാജൻ കുടുപ്പിൽ, ജെയിംസ് വടക്കേക്കര തുടങ്ങിയവർ സംസാരിച്ചു.
അക്രമത്തിനുപിന്നിൽ യുഡിഎഫ് -സിപിഎം
മുള്ളൻകൊല്ലിയിൽ തിരഞ്ഞെടുപ്പുഫലം വന്നശേഷം യുഡിഎഫിന്റെ നേതൃത്വത്തിൽ ഒരു പ്രകോപനവുമില്ലാതെയാണ് എൽഡിഎഫ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതെന്ന് സിപിഎം പുല്ലള്ളി ഏരിയാകമ്മിറ്റി.
പെരിക്കല്ലൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ മൂഴിച്ചാലിൽ ഷിജു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മാടപ്പള്ളി ഉന്നതിയിൽ നടന്ന ആക്രമണത്തിൽ യുവാവിൻ്റെ കാൽ അടിച്ചൊടിച്ചു. ഈ ഉന്നതിയിലേക്ക് യുഡിഎഫ് പ്രവർത്തകർ കത്തിച്ചെറിഞ്ഞ പടക്കം പൊട്ടിത്തെറിച്ച് നാലു കുട്ടികൾക്കും പൊള്ളലേറ്റു. ഇവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വാർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ നേതൃത്വത്തിലാണ് അക്രമങ്ങൾ നടത്തിയത്. എന്നാൽ, എൽഡിഎഫ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഈ വിഷയത്തിൽ പോലീസ് കർശനനടപടി സ്വീകരിക്കാൻ തയ്യാറാവണമെന്നും അക്രമം അവസാനിപ്പിക്കാൻ യുഡിഎഫ് തയ്യാറായില്ലെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്നും ഏരിയാകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
