പൊന്നാനി വ്യാജ സർട്ടിഫിക്കറ്റ് സംഘത്തെ കുടുക്കിയത് പോലീസിന്റെ ജാഗ്രത. കഴിഞ്ഞവർഷം ഡിസംബറിൽ രഹസ്യാന്വേഷണവിഭാഗം നൽകിയ റിപ്പോർട്ടാണ് വമ്പൻ റാക്കറ്റിലേക്കെത്തിയത്. പൊന്നാനി കേന്ദ്രീകരിച്ച് വ്യാജ സർട്ടിഫിക്കറ്റ് ലോബി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്,
റിപ്പോർട്ട് കിട്ടിയ ഉടനെ പോലീസ് പ്രതികളെക്കുറിച്ച് അന്വേഷണമാരംഭിച്ചു. നരിപ്പറമ്പ് പോത്തനൂർ സ്വദേശി ഇർഷാദാണ് മേഖലയിൽ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകുന്നതെന്ന് പോലീസിന് വിവരംലഭിച്ചു. ഇയാളുടെ വീട്ടിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. അവിടെനിന്ന് ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് ചമ്രവട്ടം ജങ്ഷനിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്. ഇവിടെനിന്ന് നുറോളം സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു. തുടർന്നാണ് അന്വേഷണം മറ്റുള്ളവരിലേക്കു വ്യാപിപ്പിക്കുന്നത്.
പോലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വമ്പൻ റാക്കറ്റ് പിടിയിലായത്. തിരൂർ ഡിവൈഎസ്‌പി എ.ജെ. ജോൺസൺ, പൊന്നാനി പോലീസ് ഇൻസ്പെക്‌ടർ എസ്. അഷ്റഫ്. എസ്ഐമാരായ സി.വി. ബിബിൻ, ആന്റോ ഫ്രാൻസിസ്, ജയപ്രകാശ്, എഎസ്‌ഐമാരായ രാജേഷ്, ജയപ്രകാശ്. എലിസബത്ത്, നൗഷാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ വിശ്വൻ, എം.വി. അഷറഫ്, നാസർ, എസ്. പ്രശാന്ത്‌കുമാർ, ശ്രീജിത്ത്, സനീഷ്, സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ്, സൗമ്യ, മലപ്പുറം ജില്ലാ സൈബർസെല്ലിലെ അഫ്‌സൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി കോടതി പ്രതികളെ പൊന്നാനി സബ്ജയിലിലേക്ക് റിമാൻഡ്ചെയ്തു.
ഡാനി എന്ന തലവനിലേക്ക്...
ഇർഷാദും കൂട്ടാളികളും അറസ്റ്റിലായതിനുപിന്നാലെ തിരുവനന്തപുരം സ്വദേശി ജസീമും കുട്ടാളികളും പിടിയിലായി. ബെംഗളൂരുവിൽനിന്നാണ് ജസീമിനെ പോലീസ് പിടികൂടുന്നത്. ഡാനി എന്നയാളാണ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുന്നതെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു. എന്നാൽ, ഡാനി ആരാണെന്ന് ഇവർക്കാർക്കുമറിയില്ല. ഏജൻറുമാർ ഓരോരുത്തരായി പിടിയിലാകുമ്പോഴും പോലീസ് വിവരങ്ങൾ ചോരാതെ ശ്രദ്ധിച്ചു.
വാടക അക്കൗണ്ടുകളും വാടക സിംകാർഡുകളും ഉപയോഗിച്ചിരുന്ന ഡാനി തന്നിലേക്ക് അന്വേഷണം എത്താതിരിക്കാൻ ആർക്കും തൻ്റെ യഥാർഥ ചിത്രമോ മേൽവിലാസമോ നൽകിയിരുന്നില്ല. ഡാനി മലയാളിയാണെന്ന് പോലീസിന് മറ്റു പ്രതികളിൽനിന്ന് സൂചന ലഭിച്ചു. തുടർന്ന് അന്വേഷണസംഘം ബെംഗളൂരുവിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും എത്തി കുറിയർ സർവീസുകളും ബാങ്ക് അക്കൗണ്ടുകളും ദിവസങ്ങളോളം നിരീക്ഷിച്ചതിൽ തമിഴ്‌നാട് പൊള്ളാച്ചിയിൽ വീട് വാടകയ്ക്കെടുത്ത് തമിഴ്‌നാട് സ്വദേശികളായ ആളുകളെ ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് പ്രിന്റ്ചെയ്യുന്നതായി കണ്ടെത്തി.
ഇവിടെ പോലീസെത്തുമ്പോൾ ഇന്ത്യയിലെ വിവിധ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ പ്രിൻ്റ് ചെയ്യുകയായിരുന്നു. കെട്ടുകണക്കിന് മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാനുള്ള വിവിധ സർവകലാശാലകളുടെ മുദ്രയോടുകൂടിയ സർട്ടിഫിക്കറ്റ് പേപ്പറുകളും വിവിധ സർവകലാശാലകളുടെ ഹോളോഗ്രാമും സീലുകളും വൈസ് ചാൻസലറുടെ സീലുകളും അത്യാധുനിക രീതിയിലുള്ള കംപ്യൂട്ടറുകളും പ്രിൻ്ററും പോലീസ് ഇവിടെനിന്ന് പിടിച്ചെടുത്തു. തൊഴിലാളികളെ ചോദ്യംചെയ്‌തതിൽനിന്നാണ് ഡാനി എന്ന വ്യാജ പേരിൽ അറിയപ്പെടുന്നത് തിരൂർ മീനടത്തൂർ സ്വദേശി നെല്ലിക്കത്തറയിൽ ധനീഷ് (37) ആണെന്ന് സൂചന ലഭിച്ചത്.
ധനീഷ് സമ്പാദിച്ചത് കോടികൾ
വ്യാജ സർട്ടിഫിക്കറ്റ് വിതരണംചെയ്‌തതിന് ധനീഷ് 2013-ൽ കല്പകഞ്ചേരി പോലീസിന്റെ പിടിയിലായിരുന്നു. ആ കേസിൻ്റെ വാദം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ജയിലിൽനിന്ന് പുറത്തിറങ്ങിയ ധനിഷ് വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഡാനി എന്ന അപരനാമം ഉപയോഗിച്ച് ഏജന്റുമാർക്ക് തന്നെ തിരിച്ചറിയാത്തവിധത്തിൽ സംഘത്തെ നിയന്ത്രിച്ചു. തിരൂരിൽ കോടികളുടെ ആഡംബര വീടും പുണെയിൽ രണ്ട് പഞ്ചനക്ഷത്ര ബാർ ഹോട്ടലുകളും ധനീഷിനുണ്ട്. നാട്ടിലും വിദേശത്തും അപ്പാർട്ട്മെന്റുകളും അൽഐനിൽ സ്വന്തമായി ബിസിനസുമുണ്ട്. കോടികളുടെ ഇടപാടുകളുള്ള ധനീഷ് ആഡംബരജീവിതം നയിച്ചുവരുകയായിരുന്നു. 30 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അന്വേഷസംഘത്തോടു പറഞ്ഞിട്ടുള്ളത്.
അന്വേഷണം തന്നിലേക്ക് എത്തുന്നതു മനസ്സിലാക്കി കുടുംബത്തോടൊപ്പം വിദേശത്തേക്കു കടക്കാൻ ശ്രമിച്ച ധനീഷിനെ കുന്ദമംഗലം പോലീസിന്റെ സഹായത്തോടെ കുന്ദമംഗലത്തുവെച്ചാണ് പോലീസ് കഴിഞ്ഞിദവസം പിടികൂടിയത്.
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ
: പിടിച്ചെടുത്ത വ്യാജ സർട്ടിഫിക്കറ്റുകളിലെ ഹോളോഗ്രാം മുദ്രയും രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ സീലുകളും ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ളതാണ്. സർവകലാശാലകളുടെ പേരും മറ്റു വിശദാംശങ്ങളും അച്ചടിച്ച പേപ്പറിൽ ആവശ്യക്കാരുടെ വിവരങ്ങൾകൂടി ചേർത്താണ് വ്യാജ സർട്ടിഫിക്കറ്റുകൾ പ്രിൻ്റ്ചെയ്തെടുക്കുന്നത്. ധനീഷ് ഏജന്റുമാർ മുഖേന വിദേശത്തും സ്വദേശത്തുമായി ഒട്ടേറെ ആളുകൾക്ക് 75,000 മുതൽ ഒന്നരലക്ഷം രൂപവരെ വാങ്ങിയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. ആവശ്യക്കാർക്ക് കുറിയർ വഴി ഇവ എത്തിച്ചുനൽകുകയായിരുന്നു.
വാങ്ങിയവരും കുടുങ്ങും
പിടിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ടാണ് കേരളത്തിലെ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകാതിരുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് കയറിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കും.
ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ സർവീസുകളിലോ പ്രമോഷൻ തസ്തികകളിലോ കയറിയിട്ടുണ്ടോ എന്നും പ്രത്യേകം പരിശോധിക്കുന്നുണ്ട്. വിദേശത്ത് ഒട്ടേറെപ്പേർ വിവിധ സ്ഥാപനങ്ങളിൽ ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിക്കു ചേർന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
തെലങ്കാനയിൽ ഒരാളിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റ് പിടികൂടിയ കേസിൽ ജസീം പ്രതിയാണ്. അന്വേഷിച്ചെത്തിയ തെലങ്കാന പോലീസിനെ വെട്ടിച്ച് ഇയാൻ ആറുമാസം മുൻപ് കടന്നുകളയുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകുന്നതിന് ഏതെങ്കിലും സർവകലാശാലയിലെ ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

