കേരളത്തിന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ നാളുകളായി ചർച്ചാവിഷയമാണ് കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലറെ(വിസി) നിയമിക്കുന്നതും അതിനുള്ള അധികാരം ആർക്കെന്നതും സംബന്ധിച്ച തർക്കങ്ങൾ.കേരളത്തിലെമാത്രമല്ല, മറ്റുസംസ്ഥാനങ്ങളിലെ സർവകലാശാലകളിലും പ്രത്യേകിച്ച് തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ സമാനപ്രശ്‌നം ഉടലെടുത്തിരുന്നു. തർക്കങ്ങൾ പലതും 2022-23 കാലത്ത് സുപ്രീംകോടതിയുടെ പരിഗണനയിൽവന്നു. അതിൽ സുപ്രധാനമായത് 1955-ൽ ഗുജറാത്ത് സർക്കാർ പാസാക്കിയ നിയമപ്രകാരം സർദാർ പട്ടേൽ സർവകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഈ കേസിൽ കോടതിയുടേതായി പ്രധാനപ്പെട്ട ചില നിർദേശങ്ങളുണ്ടായി. അവയിൽ പ്രസക്തമായ ഒന്ന് സമവർത്തിപ്പട്ടിക(കൺകറൻ്റ് ലിസ്റ്റ്)യുമായി ബന്ധപ്പെട്ടുള്ളതാണ്. വിദ്യാഭ്യാസം ഭരണഘടനയുടെ സമവർത്തിപ്പട്ടികയിൽ മൂന്നാം ഷെഡ്യൂളിൽ വരുന്നതാണ്. അതിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്താം. എന്നാൽ, ഈ വിഷയത്തിൽ കേന്ദ്രനിയമത്തിനുവിരുദ്ധമായി സംസ്ഥാനങ്ങൾ നിയമം പാസാക്കിയാൽ ഭരണഘടനയുടെ അനുച്ഛേദം 254 പ്രകാരം കേന്ദ്രനിയമനത്തിനേ സാധുതയുള്ളൂ. അതിൻപ്രകാരം യുജിസി നിയമത്തിലെ വ്യവസ്ഥകളും ഇതിന്റെ പരിധിയിൽനിന്ന് പുറപ്പെടുവിച്ച യുജിസി റെഗുലേഷനും പാർലമെന്റ് പാസാക്കിയ നിയമമാണെന്ന പരിഗണനയിൽ വൈസ് ചാൻസലറെ നിയമിക്കാനുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കണം.എന്നാൽ, കഴിഞ്ഞ ഓഗസ്റ്റ് 18-ന് എപിജെ അബ്‌ദുൽകലാം സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും വിസി നിയമനവുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതിയുത്തരവ് കേരളത്തിലെ അക്കാദമിക് തലത്തിലും പൊതുസമൂഹത്തിലും ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിലെ സർവകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യത്തിലും വിസിയെ തിരഞ്ഞെടുക്കാനുള്ള ഗവർണർ/ചാൻസലറുടെ അധികാരത്തിലും പരിമിതികൾ സൃഷ്ടിക്കുന്നതും രാഷ്ട്രീയ ഇടപെടലിന് ഇടനൽകുന്നതുമാണിത്.
ഉത്തരവിന്റെ ഫലങ്ങൾ
മുകളിൽ സൂചിപ്പിച്ച വിധി/ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരാണ്. ഈ ഉത്തരവ് മുൻപ് സുപ്രീംകോടതിയുടെ വിശാലബെഞ്ച് 2023 നവംബർ 30-ന് ഡോ. രാമചന്ദ്രൻ കീഴോത്തും കണ്ണൂർ യൂണിവേഴ്‌സിറ്റി പാൻസലറും തമ്മിലുള്ള കേസിൽ പുറപ്പെടുവിച്ച വിധിക്ക് കടകവിരുദ്ധമാണ്. വിസിമാരെ നിയമിക്കാനുള്ള അവകാശം പാൻസലർക്കുമാത്രമാണെന്നും മറ്റൊരു ഇടപെടലും പാടില്ലെന്നുമാണ് 2023-ൽ വിധിച്ചത്. എൽഡിഎഫ് സർക്കാർ ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും കണ്ണൂർ വിസിയായി നിയമിച്ചതാണ് സുപ്രീംകോടതി അന്ന് ദുർബലപ്പെടുത്തിയത്. എ.പി.ജെ. അബ്ദുൽകലാം സാങ്കേതികസർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും വിസിമാരെ നിയമിക്കുന്നതിന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസവകുപ്പിനും ഇടപെടാൻ അവസരം കൊടുത്തതും സെർച്ച് കം സെലക്ഷൻ കമ്മിറ്റിയെ നിയമിച്ചതും മേൽസൂചിപ്പിച്ച സുപ്രീംകോടതിവിധിക്ക് എതിരാണ്. വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുൻപ് പുറപ്പെടുവിച്ച വിധികൾ പരിഗണിച്ചാണ് 2023-ൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേവിഷയത്തിൽ സുപ്രീംകോടതിയുടെ വിശാലബെഞ്ച് (ഇവിടെ മൂന്നംഗബെഞ്ച്) പുറപ്പെടുവിച്ച വിധി അതിനുതാഴെയുള്ള രണ്ടംഗബെഞ്ചിന് ബാധകമാണ്. അത് പരിഗണിച്ചുകൊണ്ടേ സമാനവിഷയത്തിൽ വിധി പ്രസ്താവിക്കാവൂ, കാരണം ഭരണഘടനയുടെ 30, 141 അനുച്ഛേദങ്ങൾപ്രകാരം സുപ്രീംകോടതിയുടെ വിശാലബെഞ്ചിൻ്റെ വിധി ഈ രാജ്യത്തെ നിയമമായി പരിഗണിക്കുന്നു. അത് മറ്റെല്ലാ കോടതികൾക്കും ബാധകവുമാണ്. ഓഗസ്റ്റ് 18-ലെ തങ്ങളുടെ വിധിയുടെ അടിസ്ഥാനത്തിൽ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിനുള്ള തുടർനടപടി സ്വീകരിക്കുന്നതിൽ താമസംവരുത്തുന്നതിൻ്റെപേരിൽ കേരള ഗവർണർ രാജേന്ദ്ര ആർലേകറെ ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയുടെയും കെ.വി. വിശ്വനാഥൻ്റെയും ബെഞ്ച് കഴിഞ്ഞദിവസം വിമർശിക്കുകയുണ്ടായി. വിസി നിയമനത്തിന് രണ്ടംഗബെഞ്ച് അംഗീകരിച്ച സെർച്ച് കം സെലക്ഷൻ പാനൽ മുന്നോട്ടുവെച്ച പേരുകളടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രി ഗവർണർക്ക് നൽകിയിരുന്നു. റിപ്പോർട്ട് നൽകി മൂന്നുമാസം പിന്നിട്ടിട്ടും ഗവർണർ വിസി നിയമനം നടത്തിയില്ലെന്ന് സംസ്ഥാനസർക്കാർ അറിയിച്ചപ്പോഴായിരുന്നു ബെഞ്ചിൻ്റെ വിമർശനം.
കേരളം കേന്ദ്രവ്യവസ്ഥ പാലിച്ചില്ല
2010 മാർച്ച് 27-ലെ ഉത്തരവിലൂടെ യുജിസി റെഗുലേഷനിലെ വ്യവസ്ഥകൾക്ക് സംസ്ഥാനസർക്കാർ അംഗീകാരംനൽകി. റെഗുലേഷനിലെ സെക്ഷൻ 7.4.0 പ്രകാരവും സുപ്രീംകോടതിയുടെ വിവിധ വിധികൾപ്രകാരവും റെഗുലേഷൻ സർക്കാർ അംഗീകരിച്ച ദിവസംമുതൽ ആറുമാസത്തിനുള്ളിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന സർവകലാശാലകളുമായി ബന്ധപ്പെട്ട നിയമത്തിലും ചട്ടത്തിലും യുക്തമായ ഭേദഗതികൾ വരുത്തണം. റെഗുലേഷൻവ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം വിസിമാരെ അതത് സർവകലാശാലകളിൽ ചാൻസലർ നിയമിക്കേണ്ടത്. എന്നാൽ, സംസ്ഥാനസർക്കാർ ഇതുവരെ സംസ്ഥാനത്ത് നിലനിൽക്കുന്ന സർവകലാശാലാനിയമങ്ങളിലും ചട്ടത്തിലും ഭേദഗതിവരുത്തി യുജിസി റെഗുലേഷനിലെ വ്യവസ്ഥകൾ നടപ്പാക്കിയിട്ടില്ല. സംസ്ഥാനസർക്കാരിൻ്റെ നിർദേശപ്രകാരമേ ചാൻസലർക്ക് വിസിമാരെ നിയമിക്കാൻ അധികാരമുള്ളൂവെന്ന വാദത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡോ. ഗോപിനാഥ് രവീന്ദ്രനെ വിസിയായി രണ്ടാമത് നിയമിക്കാനുള്ള അവകാശം സർക്കാർ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ, യുജിസി റെഗുലേഷൻ വ്യവസ്ഥപ്രകാരം അതത് യൂണിവേഴ്‌സിറ്റികളിൽ വിസിയായി നിയമിക്കാൻ ചാൻസലർക്കുമാത്രമേ അധികാരമുള്ളുവെന്നും മറ്റൊരുതരത്തിലുള്ള ഇടപെടലും, പ്രത്യേകിച്ച് സർക്കാരിൽനിന്നോ ബന്ധപ്പെട്ട മന്ത്രിമാരിൽനിന്നോ ഉണ്ടാകാൻ പാടില്ലെന്നും വിവിധ വിധികളിൽ സുപ്രീംകോടതി വ്യക്തമാക്കുന്നു.
(കടപ്പാട്: മാതൃഭൂമി ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)


_h_small.jpg)
_h_small.jpg)

