പാലക്കാട്: കല്പാത്തി ഒരു കവിതയാണ്. തേരിന് കൊടിയേറിയാൽ രാത്രി വൈകും വരെ കൗതുകക്കണ്ണാൽ എല്ലാം ഇമചിമ്മാതെ കാണാം. മന്തക്കര മഹാഗണപതിയുടെ പുരോഹിതനായതിനുശേഷം ഇത് അമ്പത്തിയഞ്ചാമത്തെ രഥോത്സവം. ഓരോ വർഷവും തിരക്കും പൊലിമയും കൂടുന്നു...' പുതിയ കല്പാത്തിയിലെ ഭരദ്വാജ് എന്ന മഠത്തിലിരുന്ന് എ.വി. വെങ്കിടേശ്വരൻ പറഞ്ഞു
ഗ്രാമവാസികളുടെ അയു അണ്ണാ പറഞ്ഞതുകേട്ട് മുംബൈയിൽനിന്ന് തേരിനെത്തിയ സഹോദരി ഗിരിജാ കിഷോർ മേത്ത തലയാട്ടി. വീട്ടിലെ പുതുതലമുറ കുട്ടികളായ അദ്വൈതും അനികേതും തേരുകടയിലേക്ക് എപ്പൊ പോവാം എന്ന ചോദ്യവുമായി മുത്തച്ഛൻ്റെ അടുത്തുകൂടി.
പ്രായം എഴുപത്തിമൂന്നുകഴിഞ്ഞു. നേരോർമ്മകൾ പറഞ്ഞുതുടങ്ങും മുൻപേ അയു അണ്ണാ പറഞ്ഞു. കുട്ടിക്കാലത്തൊന്നും തേരിന് ഇത്ര തിരക്കില്ല. കല്പാത്തിക്കുചുറ്റും വിശാലമായ നെൽവയലാണ്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമിക്ക് മാത്രം 10,000 പറ നെല്ല് പാട്ടം കിട്ടുന്ന വയലുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രശാന്തി നഗറുൾപ്പെടെ വയലായിരുന്നു.
കല്ല് പാകിയ പാതയായിരുന്നു കല്ലാത്തിയിൽ തേര് വരും മുൻപേ ചെളിമണ്ണ് കല്ലുകൾക്കിടയിൽനിറച്ച് വലിയ കരിങ്കല്ലിൻ്റെ കുഴവി ആളുകൾ ചേർന്ന് വലിച്ച് മണ്ണ് ഉറപ്പിക്കും. പിന്നീടാണ് കോൺക്രീറ്റും ടാറുമെല്ലാം വന്നത്. ആദ്യകാലത്ത് തൂണിൽ വിളക്ക് തൂക്കിയിട്ട് അതിൽ എണ്ണ ഒഴിച്ചാണ് തെരുവുവിളക്കുകൾ കത്തിച്ചിരുന്നത്. പിന്നീട് വൈദ്യുതിവന്ന് ബൾബുകൾ കത്തിയപ്പോൾ വലിയ കൗതുകമായിരുന്നു.
അക്കാലത്ത് എം.എസ്. കൃഷ്‌ണൻ, കെ.ഇ. കൃഷ്‌ണൻ, അമ്പി, കുട്ടിരാമൻ തുടങ്ങിയ മുതിർന്നവരാണ് തേരുനടത്തിപ്പ്. കുണ്ടമ്പലത്തിലെ തേരുതള്ളാൻ പേരുകേട്ട കാച്ചാംകുറുശ്ശി ആനയൊക്കെ വന്നിരുന്നതായി മുതിർന്നവർ പറയും.
പുതിയ കല്പാത്തി തേര് അന്നും വീണ്ടി എന്നറിയപ്പെടുന്ന കട്ടിയുള്ള മരക്കട്ട ചക്രത്തിന് പിന്നിൽ വെച്ച് ബലം പ്രയോഗിച്ചാണ് തള്ളിയിരുന്നത്. തോണിപ്പാളയത്തുകാർ ഒരു ചക്രത്തിലും ഗ്രാമക്കാർ മറുചക്രത്തിലും വീണ്ടി പ്രയോഗിക്കും. തേരിൽ കെട്ടാൻ വാഴക്കുലയും കരിമ്പും ഇളനീരുമൊക്കെ പുഴയ്ക്ക് അക്കരെനിന്നുള്ളവർ കൊണ്ടുവരും.
ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രമുൾപ്പെടുന്ന പഴയ കല്പാത്തിയുടെ തുടർച്ചയാണ് പുതിയ കല്പാത്തിയും ചാത്തപ്പുരവും ഉൾപ്പെടെയുള്ള അഗ്രഹാരങ്ങൾ. തൊട്ടപ്പുറത്ത് വൈദ്യനാഥപുരം, ഗോവിന്ദരാജപുരം, കുമരപുരം തുടങ്ങിയ ഗ്രാമസമൂഹങ്ങൾ. അക്കാലത്ത് എല്ലാവരും പുഴയിലായിരുന്നു കുളി, ചാത്തപ്പുരം, കല്പാത്തി, വൈദ്യനാഥപുരം, കടവുകളിലെല്ലാം ഗ്രാമവാസികളുടെ തിരക്കുണ്ടാവും. വീടുകളിൽ പൈപ്പ് വന്നതോടെ കുളി കുളിമുറിയിലായി. അതോടെ പുഴ നശിച്ചുതുടങ്ങി.
അന്നൊന്നും വീടുകൾക്കുമുന്നിൽ അഴികളിട്ടിട്ടില്ല. നൂറണിയിൽനിന്നും മറ്റ് ഗ്രാമങ്ങളിൽ നിന്നുമൊക്കെ ബന്ധുക്കൾ തേരിനെത്തും.
അവർക്കായി പലഹാരങ്ങളൊരുക്കും. ഉച്ചയ്ക്ക് ഗംഭീര ഊണും, തേരുകാണാൻ വരുന്ന ദൂരദിക്കുകളിലെ ആളുകൾ കോലായിൽ കിടന്നുറങ്ങും. രാവിലെ പുഴയിൽ കുളിക്കും. പലപ്പോഴും സംഗീതജ്ഞരെത്തും. അവർ ഗ്രാമത്തിനു നടുവിലെ താത്കാലിക സ്റ്റേജിൽ പാടും.
ഇത്രയധികം കളിപ്പാട്ടങ്ങളുമായി തേരുകടകളുടെ ബാഹുല്യം അക്കാലത്തില്ല. കൽച്ചട്ടി, ഇരുമ്പുസാധനങ്ങൾ തുടങ്ങിയവ വിപണനത്തിനെത്തും. സ്ത്രീകൾ തേർക്കടകളിൽനിന്ന് തേരടി കുങ്കുമം എന്ന് വിളിക്കുന്ന കുങ്കുമം വാങ്ങി സൂക്ഷിക്കും-
സഹോദരന്റെ വാക്കുകൾക്ക് ചേർത്ത് ഗിരിജ പറഞ്ഞു. പഠനശേഷം 1969-ലാണ് ഗിരിജ ജോലിതേടി മുംബൈയിലേക്ക് പോയത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ അക്കൗണ്ട്സ് ഓഫീസറായി വിരമിച്ചു. പറ്റുന്ന കൊല്ലങ്ങളിലെല്ലാം തേരിനെത്തും, അത് ഹൃദയത്തിലുള്ളതല്ലേ... ഗിരിജ ചിരിച്ചു.
(കടപ്പാട്: മാതൃഭൂമി ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)


