ആറ്റിങ്ങൽ : നഗരസഭയിൽ സ്ഥാനാർഥിനിർണയ ചർച്ചകൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. മൂന്നുമുന്നണികളിലും പ്രമുഖർ പോരാട്ടത്തിനിറങ്ങുമെന്നാണ് സൂചന. അനുഭവസമ്പന്നരെയും യുവനിരയെയും ഒരുമിച്ച് പരീക്ഷിച്ച് മത്സരം കടുപ്പിക്കാനാണ് മുന്നണികളുടെ ആലോചന.
എം.പ്രദീപിന്റെ നേത്യത്വത്തിൽ എൽഡിഎഫ്: തുടർഭരണം ഉറപ്പാക്കാനായി സിപിഎം ഏരിയാ സെക്രട്ടറി എം.പ്രദീപിൻ്റെ നേതൃത്വത്തിലായിരിക്കും എൽഡിഎഫ് കളത്തിലിറങ്ങുന്നതെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ജില്ലാക്കമ്മിറ്റിയുടെ അനുമതി ലഭിച്ചതായാണ് സൂചന. 2015 മുതൽ 2020 വരെ എം.പ്രദീപായിരുന്നു നഗരസഭാധ്യക്ഷൻ, അന്നുനടത്തിയ വികസനപ്രവർത്തനങ്ങൾ തുടർഭരണത്തിന് സഹായകമായതായി പാർട്ടി വിലയിരുത്തിയിരുന്നു.
കഴിഞ്ഞ ഏരിയാ സമ്മേളനത്തിലാണ് എം.പ്രദീപിനെ ഏരിയാസെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഏരിയാസെക്രട്ടറി പദവിയിൽ ഒരു വർഷം പിന്നിടുമ്പോഴാണ് വീണ്ടും മത്സരരംഗത്തേക്കിറങ്ങുന്നത്. എൽഡിഎഫിൽ സിപിഎമ്മും സിപിഐയുമാണ് ഘടകകക്ഷികൾ. 32 സീറ്റുള്ള നഗരസഭയിൽ അഞ്ചുസീറ്റ് സിപിഐക്ക് നല്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. എന്നാൽ, സീറ്റ് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കാനുണ്ട്. ഒരു സീറ്റുകൂടി സിപിഐ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. 2005 വരെ നഗരസഭയിൽ 26 വാർഡുകളാണുണ്ടായിരുന്നത്. 2005-ൽ 5 വാർഡ് വർധിച്ച് 31 ആയി. 2005-ലെ തിരഞ്ഞെടുപ്പിൽ ഡിഐസി എൽഡിഎഫിനൊപ്പമുണ്ടായിരുന്നു. പുതുതായി വന്ന അഞ്ചുസീറ്റിൽ ഒരെണ്ണം സിപിഎമ്മും ഒരെണ്ണം സിപിഐയും എടുക്കുകയും മൂന്ന് സീറ്റ് ഡിഐസിക്ക് നല്‌കുകയും ചെയ്തു. ഡിഐസി ഇല്ലാതായപ്പോൾ 2005-ൽ അവർക്ക് നല്‌കിയിരുന്ന മൂന്നുസീറ്റും സിപിഎം ഏറ്റെടുത്തു. ഇപ്പോൾ ഒരു സീറ്റ് കൂടി കൂടിയിട്ടുണ്ട്. 2005 മുതൽ അധികമായുണ്ടായ ആറ് സീറ്റിൽ അഞ്ചെണ്ണവും സിപിഎമ്മിന്റെ കൈവശമാണെന്നും അതിനാൽ ഒരു സീറ്റുകൂടി സിപിഐ ആവശ്യപ്പെടുമെന്നുമാണ് നേതാക്കൾ നല്‌കുന്ന സൂചന. എൽഡിഎഫ് യോഗം ചേർന്ന് ഈ വിഷയത്തിൽ അന്തിമതീരുമാനമുണ്ടാക്കും.
യുവനിരയെ പരീക്ഷിക്കാൻ യുഡിഎഫ് : ഇത്തവണ യുവനിരയെ രംഗത്തിറക്കി ശക്തി തെളിയിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കോൺഗ്രസിനു പുറമേ മുസ്‌ലിം ലീഗ്, ആർഎസ്‌പി എന്നിവരാണ് കളത്തിലുള്ളത്. 30 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഈ വിഷയത്തിൽ ധാരണയായിട്ടുണ്ട്. സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കിക്കഴിഞ്ഞുവെന്ന് പറയുന്നുണ്ടെങ്കിലും അപ്രതീക്ഷിതമാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. വിജയസാധ്യതമാത്രം കണക്കിലെടുത്താണ് സ്ഥാനാർഥികളെ നിർണയിച്ചിട്ടുള്ളതെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. അതേസമയം പല വാർഡുകളിലും മത്സരിക്കാൻ ഒന്നിലധികംപേർ തയ്യാറായി രംഗത്തെത്തിയത് നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. ഉൾപ്പാർട്ടി പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ചുവെന്നും പാർട്ടി ഒറ്റക്കെട്ടായിട്ടായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ, മുതിർന്ന നേതാക്കൾ തങ്ങളുടെ ആശ്രിതന്മാർക്കുവേണ്ടി പരടുവലികൾ നടത്തുന്നതായും സൂചനയുണ്ട്. സ്ഥാനാർഥിനിർണയത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായിട്ടുള്ളതുപോലുള്ള ആശയക്കുഴപ്പം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന് നേതൃത്യം ഉറപ്പിച്ചു പറയുന്നു. ജില്ലാനേതൃത്വവും സംസ്ഥാനനേതൃത്വവും കാര്യങ്ങൾ നിരീക്ഷിച്ചുവരുന്നുണ്ടെന്നും അതുകൊണ്ട് ജയസാധ്യതമാത്രമായിരിക്കും സ്ഥാനാർഥിയെ നിർണയിക്കുകയെന്നും നേതാക്കൾ സൂചിപ്പിക്കുന്നു.
അപ്രതീക്ഷിത നേതൃത്വം രംഗത്തെത്തുമെന്ന് ബിജെപി: മുതിർന്ന നേതാവിനെ രംഗത്തിറക്കി പോരാട്ടം ശക്തമാക്കാനാണ് ബിജെപി ആലോചിക്കുന്നത്. ബിജെപി ദക്ഷിണമേഖലാ മുൻ ഉപാധ്യക്ഷൻ തോട്ടയ്ക്കാട് ശശിയെ കളത്തിലിറക്കുമെന്നാണ് സൂചന. ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പുകൾ ഏറെ ഗൗരവത്തോടെയാണ് ബിജെപി കാണുന്നതെന്നുള്ള സൂചനയാണിത് നല്‌കുന്നത്. സാമുദായിക വോട്ടുകളുടെ ധ്രുവീകരണത്തിന് കളമൊരുക്കി അതിനെ അനുകൂലമാക്കാനുള്ള മുന്നൊരുക്കങ്ങളാണ് ബിജെപി പാളയത്തിൽ നടക്കുന്നതെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. എൻഡിഎയ്ക്കുവേണ്ടി ബിജെപി മാത്രമാണ് നഗരത്തിൽ മത്സരരംഗത്തുള്ളത്. നഗരത്തിലെ പ്രധാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകാനാണ് സാധ്യത.
നിലവിലെ നഗരസഭാംഗങ്ങളും മുൻ നഗരസഭാംഗങ്ങളും മത്സരിക്കും. പുതുമുഖങ്ങളെയും പരീക്ഷിക്കും. പട്ടിക തയ്യാറായിട്ടുണ്ടെന്നും ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു.
ജനകീയ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകൾ തങ്ങൾക്കനുകൂലമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്നും അതിലൂടെ ഭരണം പിടിക്കാനാകുമെന്നുമുള്ള പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. എന്നും ശക്തമായ രാഷ്ട്രീയപോരാട്ടത്തിന്റെ വേദിയാണ് ആറ്റിങ്ങൽ. ഇത്തവണ മൂന്നുമുന്നണികളും പോരാട്ടത്തിന് ശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.
എതിരാളികൾക്കുനേരേ തൊടുക്കാനുള്ള ആയുധങ്ങൾ ഒരുക്കുകയും അവയ്ക്ക് മൂർച്ചകൂട്ടുകയും ചെയ്യുന്ന നടപടികൾ അണിയറയിൽ ആരംഭിച്ചുകഴിഞ്ഞു. സ്ഥാനാർഥികളുടെ പട്ടിക പുറത്തുവരുന്നതോടെ മത്സരത്തിന്റെ ആദ്യചിത്രം വ്യക്തമാകും. സ്ഥാനാർഥിനിർണയം അന്തിമഘട്ടത്തിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

