കാഞ്ഞങ്ങാട്: പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ട് ബേക്കൽ ഫോർട്ട്, കാഞ്ഞങ്ങാട്, നീലേശ്വരം റെയിൽവേ സ്റ്റേഷനുകളിലെത്തി നിർമാണപുരോഗതി വിലയിരുത്തി. പല നിർമാണങ്ങളും മന്ദഗതിയിലാണെന്ന് വിലയിരുത്തിയ അദ്ദേഹം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. മഴകാരണമാണ് പണി പതുക്കെപോകുന്നതെന്ന് കാരാറുകാർ പറഞ്ഞു.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ സ്റ്റേഷൻ മാസ്റ്റർ പി.കെ. പ്രശാന്ത്, പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ടി. മുഹമ്മദ് അസ്ലം എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്റ്റേഷന് പുറത്ത് റോഡിലേക്കെത്തിയ ഡിആർഎം വടക്കുഭാഗത്തെ കാടുവെട്ടിത്തെളിച്ച് അവിടെ വാഹനപാർക്കിങ് കേന്ദ്രമാക്കാൻ നിർദേശിച്ചു.
തെക്കുഭാഗത്ത് മലിനജലം കെട്ടിക്കിടന്ന് കാടുകയറിയ സ്ഥലം മുഴുവൻ ഇപ്പോൾ മനോഹരമാക്കി പാർക്കിങ്ങിനുള്ള സൗകര്യമാക്കിയിരുന്നു. സമാന രീതിയിൽ വടക്കുഭാഗത്തുമാക്കണമെന്ന നിർദേശമാണ് അദ്ദേഹം നൽകിയത്. മീൻചന്തയിൽ നിന്നുള്ള മലിനജലം റോഡിലൂടെ ഒഴുകിയെത്തുന്നത് ഈ കുറ്റിക്കാട്ടിലേക്കാണ്. തെരുവുനായകൾ കൂട്ടത്തോടെയുണ്ടാകും ഇവിടെ.
മീറ്ററുകളോളം നീളമുള്ള ഈ സ്ഥലം കൂടി പാർക്കിങ് കേന്ദ്രമായാൽ കാടുനീങ്ങുകയും ഏറെ മനോഹരമാകുകയും ചെയ്യും.
ഒന്നാം പ്ലാറ്റ്ഫോമിൻ്റെ തെക്കുഭാഗത്ത് ഒരു റസ്റ്ററൻ്റ് കൂടി വരും. പുതിയ നിർമാണങ്ങളുടെ രൂപരേഖയിൽ ഇതുകൂടി ഉൾപ്പെടുന്നുണ്ടെന്ന് ഒപ്പമുണ്ടായിരുന്നവർ ഡിആർഎമ്മിനെ അറിയിച്ചു.
നീലേശ്വരം റെയിൽവേ സ്റ്റേഷനിലെത്തിയ ഡിആർഎമ്മിനെ എൻആർഡിസി പ്രസിഡന്റ് എൻ. സദാശിവൻ, വൈസ് പ്രസിഡൻ്റ് പി.യു ചന്ദ്രശേഖരൻ, സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ് നായക്, കൊമേഴ്‌സ്യൽ സൂപ്പർവൈസർ എം. സിന്ധു എന്നിവരുടെ നേത്യത്വത്തിൽ സ്വീകരിച്ചു.
സി.എം സുരേഷ്‌കുമാർ, പി.ടി. രാജേഷ്, എം. ബാലകൃഷ്‌ണൻ, ഗീത റാവു. എ. വിവേക്, സതീശൻ വൈറ്റ്‌മാർട് എന്നിവരുമുണ്ടായിരുന്നു.
നിലവിലുള്ള നിർമാണം പൂർത്തിയാകുന്ന മുറക്ക് ഒന്നാം പ്ലാറ്റ്‌ഫോമിൻ്റെ വീതി കൂട്ടുന്നത് ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















