കാഞ്ഞങ്ങാട്: 'ആശങ്കയും ചില ഘട്ടങ്ങളിൽ നല്ല ഭീതിയുമുണ്ടായിരുന്നു.
വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെയും ബാങ്കുകാരുടെയുമൊക്കെ നിറഞ്ഞ സഹകരണം വന്നുചേർന്നപ്പോൾ, അതൊക്കെ മാറി. ഉത്പന്നങ്ങൾക്ക് വിപണിയിൽ സ്വീകാര്യത കിട്ടിയതോടെ കൈയിൽ പണവുമെത്തി' -ജില്ലയിലെ വനിതാ സംരംഭകർ അനുഭവങ്ങൾ പങ്കിട്ടു. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായകേന്ദ്രവും ചേർന്ന് കാഞ്ഞങ്ങാട് രാജ് റെസിഡൻസി ഹാളിൽ നടത്തിയ വനിതാ നിക്ഷേപക സംഗമത്തിലാണ് സ്ത്രീ സംരംഭകർ അനുഭവങ്ങൾ പങ്കുവെച്ചത്.
നിത്യവരുമാനമില്ലാതെ എങ്ങനെ കഴിയുമെന്ന ചിന്തിച്ചിരിക്കെയാണ് വ്യവസായ ഉദ്യോഗസ്ഥരെത്തി സംരംഭകത്വത്തെക്കുറിച്ചും അതിൻ്റെ സാധ്യതകളെക്കുറിച്ചും പറയുന്നത്. തെല്ലൊരു ആശങ്കയോടെ അതിലേക്കിറങ്ങി. ഇപ്പോൾ 10,000 രൂപയിലധികം പ്രതിമാസ ശമ്പളം വാങ്ങുന്ന ജീവനക്കാർ കുറേപ്പേരുണ്ട് സ്ഥാപനത്തിൽ വനിതാ സംരംഭകർ ഒരുപാട് പേരാണ് സമാനരീതിയിൽ പറഞ്ഞത്.
തേങ്ങ വറുത്തരച്ച് നൽകി; അത് ജീവിതമാർഗമായി
മംഗൽപ്പാടിയിലെ മണ്ണംകുഴി മറിയാമ്മ മൂന്നുനാല് തേങ്ങകൾ ചിരകി അത് വറുത്ത് കറിയിലിടാൻ പാകത്തിൽ വിതരണം ചെയ്‌തു. നാടൊട്ടാകെ അതങ്ങ് ഏറ്റെടുത്തതോടെ 'മറിയം ഹുദ' എന്ന പേരിൽ വളർന്നുപന്തലിച്ചു. ഇന്ന് ഈ സ്ഥാപനത്തിൽ 16 തൊഴിലാളികളുണ്ട്. ഒരുദിവസം 500-ലധികം തേങ്ങ ചിരകിവറുത്ത് പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കുന്നു. ഇവരുടെ ഉത്പന്നങ്ങൾ കണ്ട് മന്ത്രി കെ.എൻ.ബാലഗോപാലൻ അഭിനന്ദിച്ചു.
അഞ്ചുവർഷം മുൻപാണ് ടി.കെ. ശ്രീലത ശ്രീകൃഷ്‌ണ അഗ്രോ ഫെർട്ടിന് തുടക്കമിട്ടത്. ചുരുങ്ങിയ വർഷംകൊണ്ട് ജൈവവള വിതരണരംഗത്ത് മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞെന്ന് ശ്രീലതയും മകൾ ഇ.യു.ഹരിതയും പറഞ്ഞു.
ചെറുമണിധാന്യങ്ങൾ കഴിച്ച് ജീവിതശൈലി രോഗങ്ങളിൽനിന്ന് മുക്തി നേടുവെന്ന ബോധവത്‌കരണമാണ് പാലാവയലിലെ ഷീനാ വർഗീസിന്റേത്. ചെറുമണിധാന്യങ്ങളിൽ 60 ശതമാനം അന്നജം, 78 ശതമാനം ഭക്ഷ്യനാരുകൾ, 7.8 ഗ്രാം മാംസ്യം, 0.5 ഗ്രാം കാത്സ്യം, 2.5 മുതൽ 3.5 ശതമാനം വര്യെ ധാതുലവണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ബോധവത്കരണം ക്ലിക്കായി. ജനം ഏറ്റെടുത്തു.
റെഡിമെയ്ഡ് വസ്ത്ര ഉത്പന്നങ്ങൾ, തുണിസഞ്ചി നിർമാണ ശാല, വിവിധ മേഖലകളിൽ കൈവച്ച് വിജയിച്ചവരെല്ലാം സംഗമത്തിൽ പങ്കാളികളായി.
അനന്തപുരിയിലും മടിക്കൈയിലും നിക്ഷേപം 1,800 കോടി
അനന്തപുരി വ്യവസായ എസ്റ്റേറ്റിൽ 212 ഏക്കറും കൈമാറിയെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത്കുമാർ പറഞ്ഞു. 140 പേരാണ് ഇവിടത്തെ സംരംഭകർ. 1200 കോടി രൂപയാണ് ആകെ നിക്ഷേപം. മടിക്കൈ വ്യവസായ പാർക്കിലെ 82.12 ഏക്കറിൽ 64 ഏക്കറും കൈമാറി. 31 സംരംഭകരാണിവിടെയുള്ളത്, നിക്ഷേപിച്ചത് 600 കോടി രൂപ. സംരംഭകരെ ഊർജിതപ്പെടുത്താൻ ജില്ലാ വ്യവസായകേന്ദ്രം നടത്തിയ കെ.എൽ 14 ഗ്ലോബൽ മീറ്റ് വിജയത്തിലായിരുന്നുവെന്നും അതിൻ്റെ ചുവടുപിടിച്ചാണ് റൈസിങ് കാസർകോട് എന്ന പദ്ധതിയും ഇപ്പോൾ വനിതാ നിക്ഷേപകസംഗമവും നടത്തിയതെന്നും സജിത്ത്‌കുമാർ പറഞ്ഞു.
രാജ് റെസിഡൻസിയിൽ കയറ്റുമതി ശില്പശാലയും ബി റ്റു ബി മീറ്റും നടന്നിരുന്നു. ബി റ്റു ബി മീറ്റിൽ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലെയും ഷോപ്സ‌് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റിലെയും പ്രതിനിധികളുമെത്തി. കയറ്റുമതി ശില്പശാലയിൽ മഞ്ചേശ്വരത്തെ ബിസിനസുകാരൻ എം.ഇ.മൻസൂർ, ടാക്സ് കൺസൾട്ടൻ്റ് ബൈജു പൂവക്കാട് എന്നിവർ ക്ലാസെടുത്തു.
നിക്ഷേപിച്ചാൽ തിരിച്ചുകിട്ടുന്ന നാടായി കേരളം
: സംരംഭം തുടങ്ങി പണം നിക്ഷേപിച്ചാൽ അത് ലാഭസഹിതം തിരിച്ചുകിട്ടുന്ന നാടായി കേരളം മാറിയെന്ന് വനിതാ നിക്ഷേപകസംഗമവും കയറ്റുതി ശില്പശാലയും ഉദ്ഘാടനം ചെയ്‌ത് ധനമന്ത്രി കെ.എൻ.ബാലഗോപാലൻ പറഞ്ഞു. കശുവണ്ടിയും റബ്ബറുമൊന്നും നമ്മുടേതായിരുന്നില്ല. വിദേശ കൃഷിയായ ഇവയൊക്കെ അതത് സമയത്തെ ലാഭം കണ്ട് തുടങ്ങിയപ്പോൾ നമ്മുടേതായതാണ്. പുതുതലമുറയുടെ താത്‌പര്യങ്ങൾ നോക്കി കൃഷിയും വ്യവസായവുമെല്ലാം മാറണം അദ്ദേഹം പറഞ്ഞു.
ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. എം.രാജഗോപാലൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്‌ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, ഡിപിസി അംഗം വി.വി.രമേശൻ, കാസർകോട് വികസന പാക്കേജ് ഓഫീസർ വി.ചന്ദ്രൻ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.സജിത്‌കുമാർ, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്.ബിജു എന്നിവർ സംസാരിച്ചു.
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ്, ചെറുകിട വ്യവസായ അസോസിയേഷൻ അനന്തപുരം ഇൻഡസ്ട്രിയൽ അസോസിയേഷൻ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് അസോസിയേഷൻ എന്നിവയ്ക്ക് നൽകിയ ആദരം ഏറ്റുവാങ്ങി എ.കെ.ശ്യാംപ്രസാദ്, എസ്.രാജാറാം, എം.രത്നാകരൻ, ജി.എസ്.ശശിധരൻ എന്നിവരും മികച്ച വനിതാ സംരംഭകരായി തിരഞ്ഞെടുത്തവർക്കുള്ള ഉപഹാരം കാഞ്ഞങ്ങാട് തുളസി പേപ്പർ ബാഗ്‌സ് ഉടമ എം.ടി.സുജാത, കാസർകോട് ഉമ ഗാർമെൻ്റ്സിലെ പി.കെ.ഉമാവതി, അനന്തപുരം ശ്രീകൃഷ്ണ അഗ്രോ ഫെർട്ടിലെ ഇ.യു.ഹരിത എന്നിവരും കാഞ്ഞങ്ങാട് പ്രസ് ഫോറത്തിനുള്ള ജില്ലാപഞ്ചായത്തിൻ്റെ ഉപഹാരം പ്രസിഡൻ്റ് ഫസലു റഹ്‌മാൻ, മുൻ പ്രസിഡന്റ് ടി.കെ.നാരായണൻ എന്നിവരും മന്ത്രിയിൽനിന്ന് സ്വീകരിച്ചു. സർക്കാരിനോടുള്ള ജില്ലാപഞ്ചായത്തിൻ്റെ സന്തോഷമറിയിച്ച് കേക്ക് മുറിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















