കൊച്ചി: വിവരസാങ്കേതിക മേഖലയിൽ 2031-നകം അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ഐടി വിപണിയുടെ പത്തുശതമാനം വിഹിതം കേരളത്തിൻറേതാക്കുകയും വിഭാവനം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഷൻ 2031-ൻ്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച റീ-കോഡ് കേരള 2025 ഐടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സംസ്ഥാനത്തെ ഐടി സ്ഥലസൗകര്യം മൂന്നുകോടി ചതുരശ്ര അടിയായി വർധിപ്പിക്കും. കേരളത്തിൻ്റെ ഐടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുകയാണ്.
തൊഴിലെടുക്കുന്നതിനാവശ്യമായ നൈപുണ്യമുള്ള 10 ലക്ഷം പ്രൊഫഷണലുകളെ സജ്ജമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെമികണ്ടക്ടർ മേഖലയിലെ മുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തണം. കൊച്ചിയിലെ മേക്കർ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്‌വേർ ഇൻക്യുബേറ്ററാണ്. വയനാട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, തൃശ്ശൂർ, കോട്ടയം എന്നിവിടങ്ങളിൽ പ്രാദേശിക ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി മേക്കർ വില്ലേജ് 2.0 പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ ഒന്നും നടക്കില്ലെന്ന പ്രതീതി മറികടന്ന് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറാൻ കേരളത്തിനു കഴിഞ്ഞെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്കിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന പ്രീമിയം കോ-വർക്കിങ് സ്പെയ്‌സ് 'ഐ ബൈ ഇൻഫോപാർക്കി'ൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ഐ ബൈ ഇൻഫോപാർക്കിലെ ആദ്യ കമ്പനിയായ സോഹോ കോർപ്പറേഷനുള്ള അനുമതിപത്രം സോഹോ യുഎസ്എ സിഇഒ ടോണി തോമസിന് മുഖ്യമന്ത്രി കൈമാറി
ഐ.ടി വകുപ്പിന്റെ വിഷൻ 2031 കരട് രേഖ മന്ത്രി പി. രാജീവിനു കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു. പൂർണമായി കേരളത്തിൽ രൂപകല്പന ചെയ്ത ആദ്യ 5 ജി ചിപ്പ്, സിലീസിയം സർക്യൂട്ട് സിഇഒ റിജിൽ ജോണിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പുറത്തിറക്കി.
പി.വി. ശ്രീനിജിൻ എംഎൽഎ, കൊച്ചി മേയർ എം. അനിൽകുമാർ, ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ എന്നിവർ പങ്കെടുത്തു.
വികസന കാഴ്ചപ്പാട് പറയാം, വൊളന്റിയർ അരികിലെത്തും - മുഖ്യമന്ത്രി
കൊച്ചി: നാടിന്റെ വികസനം എങ്ങനെ വേണമെന്നതിൽ അഭിപ്രായ സമാഹരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി രൂപവത്‌കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഭിപ്രായം തേടി വൊളന്റിയർമാർ പൊതുജനങ്ങൾക്ക് അരികിലേക്ക് എത്തുമെന്നും അദ്ദേഹം റീ-കോഡ് കേരള സെമിനാറിൽ പറഞ്ഞു.
സംസ്ഥാനം രൂപവത്കരിച്ച് 75 വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ചാണ് 2031 ലക്ഷ്യമിട്ട് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഭാവി വികസനം എങ്ങനെ വേണമെന്നതിലുള്ള കാഴ്‌ചപ്പാടുകൾ പങ്കുവയ്ക്കുന്നതിനാണ് പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നത്.
സംസ്ഥാനത്ത് രൂപവത്കരിച്ച സന്നദ്ധസേനയിൽ നിന്നാകും വൊളന്റിയർമാരെ തിരഞ്ഞെടുക്കുകയെന്നും ജനുവരിയിൽ ഇതിന് തുടക്കമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















