പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കൽ പാർക്കിന്റെ (കടുവ സഫാരി പാർക്ക്) ആദ്യഘട്ട പ്രവൃത്തികൾക്ക് വിശദ പദ്ധതിരേഖ(ഡിപിആർ) തയ്യാറായി.
പ്രവേശനകേന്ദ്രമൊരുക്കാൻ 16 കോടിയുടെ പ്രവൃത്തിയാണ് നടക്കുക. പദ്ധതി മേൽനോട്ടത്തിനുള്ള ഉന്നതതല സമിതിയുടെ അംഗീകാരത്തിനുശേഷം സർക്കാരിന് ഡിപിആർ സമർപ്പിക്കും. നിർമാണപ്രവൃത്തികൾ രണ്ടുഘട്ടങ്ങളിലായി നടത്താൻ മേയിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചിരുന്നു.
ഇൻഫർമേഷൻ സെൻ്റർ, ബയോ റിസോഴ്‌സ് പാർക്ക്, ടിക്കറ്റ് കൗണ്ടർ, വാഹനപാർക്കിങ് സൗകര്യം, ലഘുഭക്ഷണശാല, ശൗചാലയബ്ലോക്ക്, ഓഫീസ് എന്നിവ ഉൾപ്പെടുന്നതാണ് ആദ്യഘട്ടം. വന്യമൃഗസംരക്ഷണകേന്ദ്രം നിർമാണം, വെറ്ററിനറി ആശുപത്രി സൗകര്യങ്ങൾ ഒരുക്കൽ, ഇൻ്റർപ്രറ്റേഷൻ സെന്റർ, ക്വാർട്ടേഴ്സ്, അതിർത്തിവേലികൾ എന്നിവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടും. ആദ്യഘട്ടം ഒരുവർഷംകൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യം. കഴിഞ്ഞ സംസ്ഥാനബജറ്റിൽ അഞ്ചുകോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. 2023 നവംബർ 18 നാണ് കടുവ സഫാരിപാർക്ക് ആരംഭിക്കാൻ അനുമതിനൽകി സർക്കാർ ഉത്തരവായത്.
പ്ലാന്റേഷൻ കോർപ്പറേഷൻ്റെ പേരാമ്പ്ര എസ്റ്റേറ്റിൻ്റെ 120 ഹെക്ടർ സ്ഥലമാണ് പാർക്ക് സ്ഥാപിക്കാനായി കണ്ടെത്തിയത്. ഇതിൽ പത്തേക്കറിലാണ് പ്രവേശനകേന്ദ്രം ഒരുക്കുക.
കൺസൽട്ടൻസിയായ ഡൽഹിയിലെ ജെയിൻ ആൻഡ് അസോസിയേറ്റ്സാണ് ഡിപിആർ തയ്യാറാക്കിയത്. 64 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു.
പരിക്കേറ്റനിലയിലും മറ്റുരീതിയിലും പിടികൂടുന്ന മൃഗങ്ങളെ പാർപ്പിക്കുന്നതിനും ചികിത്സിക്കാനുമായി ആനിമൽ ഹോസ്പൈസ് സെൻ്റർ ബയോളജിക്കൽ പാർക്കിന് അനുബന്ധമായി പെരുവണ്ണാമുഴിയിലും ആരംഭിക്കുന്നുണ്ട്. ഇതിനായി പത്തുകോടി രൂപയുടെ കിഫ്‌ബി ഫണ്ടിന് നേരത്തേ ഭരണാനുമതിയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















