ചേർത്തല: ജനങ്ങൾക്കും നാടിനും പ്രയോജനകരമായ പല പദ്ധതികളും മുടക്കാൻ പല ഘട്ടത്തിലും ശ്രമംനടന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് നാടിനെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ സമാപന സമ്മേളനം വയലാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാമതാക്കുന്ന പല വികസനനേട്ടങ്ങളും സ്വാഭാവികമായി ഉണ്ടായതല്ല. കൃത്യമായ ഇടപെടലിന്റെ ഭാഗമായാണ് അവ കൈവന്നത്. വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലകളിലെല്ലാം രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന പല നേട്ടങ്ങളും ഉണ്ടാക്കാനായി.
2011 മുതൽ 2016 വരെയുള്ള കാലം സംസ്ഥാനത്തിൻ്റെ ഇരുണ്ടകാലമായിരുന്നു. എല്ലാ മേഖലയിലും നാടു പിന്നോട്ടുപോയി. അവിടെനിന്നാണ് ഇടതു സർക്കാർ സംസ്ഥാനത്തെ മുന്നോട്ടു നയിച്ചത്. അതിനുള്ള ജനങ്ങളുടെ പിന്തുണയായിരുന്നു തുടർഭരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനുണ്ടാകുന്ന വികസനനേട്ടങ്ങൾ രാജ്യത്തിൻ്റെയും നേട്ടങ്ങളായി കാണാത്ത കേന്ദ്രസർക്കാർ, സംസ്ഥാനത്തിൻ്റെ വികസനം അട്ടിമറിക്കുന്നതിനാണ് സാമ്പത്തികനിയന്ത്രണങ്ങൾ നടപ്പാക്കിയത്. അതിനെ അതിജീവിച്ചും സർക്കാർ നേട്ടങ്ങളുണ്ടാക്കി. രാഷ്ട്രപതിപോലും കേരളത്തെ പ്രകീർത്തിക്കുന്ന വാക്കുകളാണ് പറഞ്ഞത് -മുഖ്യമന്ത്രി പറഞ്ഞു.
ജങ്ങളെ മറന്നുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുപോകില്ലെന്ന് പടങ്ങിൽ സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ലാഭത്തിനു മുന്നിൽ ജനങ്ങളെ സ്ഥാപിക്കണം. ചരിത്രം സൃഷ്ടിച്ചതു ജനങ്ങളാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന് ഉജ്ജ്വലമായ ചരിത്രം പറയാനുണ്ട്. എല്ലാ മേഖലകളിലും വളർച്ച നേടുമ്പോൾ ഇടതുപക്ഷ സർക്കാരുകൾ അതിന്റെ കേന്ദ്രസ്ഥാനത്ത് മനുഷ്യരെ പ്രതിഷ്ഠിച്ചു -അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴാണ് ബിനോയ് എത്തിയത്. ബിനോയ് പ്രസംഗം തുടങ്ങിയപ്പോഴേക്കും മുഖ്യമന്ത്രി പോകുകയും ചെയ്‌തു, വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർഥൻ അധ്യക്ഷനായി. പുന്നപ്ര-വയലാർ സമരസേനാനികളുടെ വിവരങ്ങളടങ്ങിയ ഡയറക്‌ടറി മുഖ്യമന്ത്രി, ബിനോയ് വിശ്വത്തിനു കൈമാറി പ്രകാശനംചെയ്തു.
ഫോണിൽ സംസാരിച്ച് എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും
ആലപ്പുഴ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആലപ്പുഴയിൽ ചേരും മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചതായി സൂചന. പി.എംശ്രീയിൽ ഒപ്പുവെച്ചാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞതായാണു വിവരം. വിഷയം സിപിഐ എക്സിക്യുട്ടീവ് ചർച്ച ചെയ്യട്ടേയെന്നാണ് ബിനോയ് വിശ്വം ഇതിനുനൽകിയ മറുപടി മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ക്ഷണിച്ചിട്ടുമെത്താതെ ജി. സുധാകരൻ
വയലാറിലേക്കുള്ള ദീപശിഖ അദ്ദേഹം കൈമാറി
അമ്പലപ്പുഴ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച പങ്കെടുത്ത തോട്ടപ്പള്ളി നാലുചിറപ്പാലം ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിച്ചിട്ടും മുൻമന്ത്രി ജി. സുധാകരൻ പങ്കെടുത്തില്ല. അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം വീട്ടിലെത്തി നോട്ടിസും കത്തും നൽകിയിരുന്നെന്നും ദീപശിഖയ്ക്കൊപ്പം വയലാറിലേക്കു പോകുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നും സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഉദ്ഘാടനവേദിയുടെ മുൻനിരയിൽ എച്ച്. സലാമിനരികിലായി ജി. സുധാകരന്റെ പേരെഴുതിയ ഇരിപ്പിടമൊരുക്കിയിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായാണ് സുധാകരനെ സർക്കാർ പരിപാടിയിൽ ഉൾപ്പെടുത്തുന്നത്. കെ.സി. വേണുഗോപാൽ എംപിക്കൊപ്പം വിശിഷ്ടാതിഥിയായാണ് നോട്ടീസിൽ പേരുൾപ്പെടുത്തിയിരുന്നത്.
പുന്നപ്ര-വയലാർ വാർഷിക വാരാചരണ സമാപനത്തിൻ്റെ ഭാഗമായി തിങ്കളാഴ്‌ച ആലപ്പുഴ വലിയചുടുകാട്ടിനിന്ന് വയലാറിലേക്കുള്ള ദിശിഖ കൈമാറിയത് സുധാകരനാണ്. '50 വർഷമായി ചടങ്ങിൽ ദീപശിഖയെ അനുധാവനം ചെയ്യാൻ ആലപ്പുഴയിൽനിന്ന് ഞാനുമുണ്ടായിരുന്നു. ഇപ്രാവശ്യവും ദീപശിഖയോടൊപ്പം പോകണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. നാലുചിറ പാലം ഉദ്ഘാടനത്തിന് എല്ലാ ആശംസകളും നേരുന്നു'വെന്നും സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഒന്നാം പിണറായി സർക്കാരിൽ ജി. സുധാകരൻ പൊതുമരാമത്തു മന്ത്രിയായിരിക്കുമ്പോഴാണ് നാലുചിറപ്പാലം നിർമാണം തുടങ്ങിയത്. സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയോ, അധ്യക്ഷനായ മന്ത്രി സജി ചെറിയാനോ സുധാകരന്റെ പേരു പരാമർശിച്ചില്ല. എന്നാൽ, ജി. സുധാകരൻ മന്ത്രിയായിരിക്കുമ്പോഴാണ് 38 കോടി അനുവദിച്ച് പാലംപണി തുടങ്ങിയതെന്ന് എച്ച്. സലാം എംഎൽഎ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു.
ചേർത്തല: ഒരാഴ്ച്‌ചയായി നടന്നുവരുന്ന 79-ാമത് പുന്നപ്ര-വയലാർ രക്തസാക്ഷിവാരാചരണത്തിന് വയലാർസമരവാർഷികത്തോടെ സമാപനം. തിങ്കളാഴ്ച രാവിലെ ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനും മേനാശ്ശേരി മണ്ഡപത്തിൽ മുതിർന്ന സിപിഎം നേതാവ് കെ.വി. ദേവദാസും തെളിച്ച ദീപശിഖകൾ അത്ലറ്റുകൾ വയലാറിലെത്തിച്ചു. ഒട്ടേറെ കേന്ദ്രങ്ങളിൽ പ്രയാണത്തിനു സ്വീകരണം നൽകി. ദീപശിഖകൾ വാരാചരണസമിതി പ്രസിഡന്റ് എം.സി. സിദ്ധാർഥൻ ഏറ്റുവാങ്ങി രക്തസാക്ഷിമണ്ഡപത്തിൽ സ്ഥാപിച്ചു.
നേതാക്കളായ ജി. സുധാകരൻ, മന്ത്രി പി. പ്രസാദ്, സി.എസ്. സുജാത, വി. സോളമൻ, ആർ. നാസർ, സി.ബി. ചന്ദ്രബാബു, ടി.ടി. ജിസ്മോൻ, ടി.ജെ. ആഞ്ചലോസ്, എം.കെ. ഉത്തമൻ, പി.പി. ചിത്തരഞ്ജൻ എംഎൽഎ, എ.എം. ആരിഫ്, കെ.ബി. ബിമൽറോയ്, എൻ.എസ്. ശിവപ്രസാദ്, മനു സി. പുളിക്കൽ, ദലീമ ജോജോ എംഎൽഎ, എൻ.പി, ഷിബു, ബി. വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
നഗരത്തിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും ചെറുജാഥകളായി ആയിരങ്ങളാണ് രാവിലെമുതൽ വയലാറിലെത്തിയത്. തുടർന്ന് വയലാർ അനുസ്മരണ സാഹിത്യസമ്മേളനം നടന്നു. വൈകീട്ടു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
മന്ത്രിമാരായ പി. പ്രസാദ്, സജിചെറിയാൻ, നേതാക്കളായ ടി.എം. തോമസ് ഐസക്. സി.എസ്. സുജാത, ടി.ജെ ആഞ്ചലോസ്, ആർ. നാസർ, എസ്. സോളമൻ, സി.ബി. ചന്ദ്രബാബു, ടി.ടി. ജിസ്മോൻ, എം.കെ. ഉത്തമൻ, എൻ.പി. ഷിബു, എ.എം.ആരിഫ് തുടങ്ങിയവർ പങ്കെടുത്തു.
പിഎം ശ്രീ വിവാദം
ചേർത്തല: പി.എംശ്രീ വിവാദത്തിൽ സിപിഎം-സിപിഐ പോരുമുറുകുന്ന ഘട്ടത്തിൽ നടന്ന പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണ സമാപനസമ്മേളനത്തിൽ നിറഞ്ഞത് ആകാംക്ഷ. ഇരുപാർട്ടികളും സംയുക്തമായി നടത്തിയ വാരാചരണത്തിലും ഭിന്നത തെളിയുമോയെന്നതായിരുന്നു അണികളുടെ ആശങ്ക. മേനാശ്ശേരിയിൽ അനുസ്മരണസമ്മേളനത്തിൽ പിഎംശ്രീ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനും സിപിഐ നേതാവ് മന്ത്രി പി. പ്രസാദും വാക്കുകൾകൊണ്ടു കൊമ്പുകോർത്തിരുന്നു.
തിങ്കളാഴ്ച്‌ച ജില്ലാകേന്ദ്രത്തിൽ തിരക്കേറിയ ചർച്ചകൾക്കും നീക്കങ്ങൾക്കുമൊടുവിലാണ് മുഖ്യമന്ത്രിയും സിപിഐ നേതാക്കളും വയലാറിലേക്കെത്തിയത്. വയലാറിൽ ആദ്യം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിൻ്റെ ഭരണനേട്ടങ്ങളും വിദ്യാഭ്യാസ പുരോഗതിയും എണ്ണിപ്പറഞ്ഞെങ്കിലും പിഎംശ്രീയിൽ ഒരു പരാമർശവും നടത്തിയില്ല.
മുഖ്യമന്ത്രി സംസാരിക്കുമ്പോൾ സിപിഐയുടെ മുൻനിര നേതാക്കൾ എത്തിയിരുന്നില്ല. പ്രസംഗം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ബിനോയ് വിശ്വം എത്തിയത്. സിപിഐ സെക്രട്ടറി വൈകിയതും ആകാംക്ഷയുണ്ടാക്കി. പ്രസംഗത്തിനിടയിലും ബിനോയ് വിശ്വത്തെ ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
തുടർന്നു സംസാരിച്ച ബിനോയ് വിശ്വവും പിഎംശ്രീ പരാമർശിക്കാതെ തന്നെയാണ് വിദ്യാഭ്യാസമേഖലയിലെ ആർഎസ്എസ് ഇടപെടലടക്കം പറഞ്ഞത്. വിവാദങ്ങൾ പടിക്കുപുറത്തുനിർത്തി തീർത്തും സൗഹൃദമായിരുന്നു സിപിഎം. സിപിഐ നേതാക്കളുടെ ഇടപെടലുകൾ മുഖ്യമന്ത്രി ബിനോയ് വിശ്വവുമായി സൗഹൃദസംഭാഷണം നടത്തി. നേതാക്കളും തീർത്തും സൗഹൃദത്തോടെയാണ് ഇടപഴകിയതും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















