കാസർകോട് : ജില്ലയിൽ വെറ്ററിനറി സർവകലാശാലയുടെ ഗവേഷണകേന്ദ്രം
ആരംഭിക്കണമെന്ന് ഇ. ചന്ദ്രശേഖരൻ എംഎൽഎ ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. റിസർച്ച് സെക്‌ടറിൽ ഒരു എക്സ്റ്റൻഷൻ സെന്റർ അനുവദിക്കണമെന്ന് വെറ്ററിനറി സർവകലാശാലയോടും മൃഗസംരക്ഷണ വകുപ്പിനോടും അഭ്യർഥിക്കുന്നതായും എംഎൽഎ പറഞ്ഞു.
വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികിത്സ പുനരാരംഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണം. പൂടങ്കല്ല് താലൂക്ക് ഡയാലിസിസ് കേന്ദ്രത്തിൽ ഡയാലിസിസ് നടത്താൻ വൈദ്യുതി ലഭ്യമാക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിക്കണം. ആശുപത്രിയിലെ മാതൃ-ശിശു പരിചരണ വാർഡ് പ്രവർത്തനസജ്ജമാക്കണമെന്നും എംഎൽഎ ജില്ലാ മെഡിക്കൽ ഓഫീസറോട് നിർദേശിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ഥലംമാറിപ്പോയ കാർഡിയോളജിസ്റ്റിന് പകരം ആളെ നിയമിക്കണമെന്നും എംഎൽഎ പറഞ്ഞു.
ദേശീയ പദ്ധതി യാഥാർഥ്യമാക്കാൻ കളക്‌ടറുടെ നേതൃത്വത്തിൽ യോഗംചേരണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ട്-കോഴിക്കോട് സൂപ്പർ ഫാസ്റ്റിൻ്റെ സമയം ജനോപകാരപ്രദമായ രീതിയിൽ ക്രമീകരിച്ച് പുനരാരംഭിക്കണമെന്നും തൊട്ടിൽപ്പാലം, താമരശ്ശേരി ഡിപ്പോയിൽനിന്ന് കാഞ്ഞങ്ങാട്ടെക്കുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
മയ്യിച്ചയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം :ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്തിലെ മയ്യിച്ച പ്രദേശങ്ങളിൽ മഴക്കാലത്തുപോലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണെന്നു എം. രാജഗോപാലൻ എംഎൽഎ പറഞ്ഞു. അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ച നിരത്തുംതട്ട് കോളനിയിലെ തുടർ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ കത്ത് നൽകി.
ജൽജീവൻ മിഷൻ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 1444.55 കി.മി. റോഡിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതിൽ 1209.58 കി.മീ. റോഡ് പുനരുദ്ധാരണപ്രവൃത്തി പൂർത്തിയായി. കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ പൈപ്പ് ലൈനിന്റെ സംയോജനപ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലാണെന്നും 31നകം പാർക്ക് ചെയ്ത് പൂർത്തീകരിക്കുമെന്നും കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
ജനറൽ ആശുപത്രിയിലെ രാത്രികാല പോസ്റ്റുമോർട്ടം തടസ്സപ്പെടാതിരിക്കുന്നതിന് ഫോറൻസിക്ക് യോഗ്യതയുള്ള അസിസ്റ്റന്റ് സർജനെ താത്ക്കാലികമായി നിയോഗിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം മുടങ്ങാതിരിക്കാൻ ഫോറൻസിക് സർജൻ്റെ രണ്ട് അധിക തസ്‌തികകൾ സൃഷ്ടിക്കുന്നതിനുള അപേക്ഷ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് സമർപ്പിച്ചതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായുള്ള എബിസി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ആർദ്രം ബ്ലോക്ക് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. എഡിഎം പി. അഖിൽ അധ്യക്ഷതവഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ടി. രാജേഷ് സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















