പടിഞ്ഞാറത്തറ പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാപ്പാതയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ ഊർജിതമാകുന്നു. വഴി നിർമിക്കുന്നതിനായി ജനകീയകർമസമിതിയുടെ നേതൃത്വത്തിൽ കുടുംബസദസ്സുകൾ നടത്തി, ശ്രമം തുടരുന്നു. അടുത്തുവരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. പിന്നീടുള്ള നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പെരുമാറ്റച്ചട്ടങ്ങളിൽ പെട്ടുപോകാതെ പൂഴിത്തോട്- പടിഞ്ഞാറത്തറ പാതയുടെ നടപടിക്രമങ്ങൾ അധികൃതതലത്തിൽ വേഗത്തിലാക്കണമെന്ന് കുടുംബസദസ്സുകൾ ആവശ്യപ്പെട്ടു. നിർദിഷ്ട പാതയുടെ വനത്തിന് പുറത്തുള്ള നിർമാണം ഉടൻ തുടങ്ങണമെന്നും ജനകീയ കർമസമിതി ആവശ്യപ്പെട്ടു.
തരിയോട് ഗ്രാമപ്പഞ്ചായത്ത്, വ്യാപാരി വ്യവസായി ഏകോപനസമിതി കാവുംമന്ദം യൂണിറ്റ് എന്നിവർ ജനകീയകർമസമിതിയുമായി ചേർന്ന് 'സഞ്ചാരസ്വാതന്ത്ര്യം ജനതയുടെ അവകാശം' എന്ന മുദ്രാവാക്യവുമായി നവംബർ ഒന്നിന് വൈകീട്ട് നാലിന് കാവുംമന്ദം ടൗണിൽ ജനകീയറാലി നടത്തും.
ഇതോടനുബന്ധിച്ച് പൊതുസമ്മേളനം, ചിത്രരചന, വീഡിയോപ്രദർശനം എന്നിവയുമുണ്ടാകും.
തുരങ്കപാത ദൂരം കുറയ്ക്കും
പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരമില്ലാപ്പാതയ്ക്കായി മൂന്ന് അലൈൻമെന്റുകളിലാണ് പ്രാഥമിക സർവേ പൂർത്തിയായത്. ഇതിൽ പരിസ്ഥിതികാഘാതങ്ങൾ കുറഞ്ഞതും ഏറ്റവും ദൂരംകുറഞ്ഞതുമായ ഒരു അലൈൻമെന്റ് കേന്ദ്ര വനംമന്ത്രാലയത്തിൻ്റെ അംഗീകാരം നേടിയെടുക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ചുള്ള വിശദപദ്ധതിരേഖ (ഡിപിആർ) ഉടൻ സമർപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
ഡിപിആർ തയ്യാറാകുന്നതോടെ വനംവകുപ്പിൻ്റെ അംഗീകാരം നേടി. കേന്ദ്രസർക്കാരിൻ്റെ അന്തിമാനുമതിക്കായി സമർപ്പിക്കാനുള്ള നടപടികളാണ് ഇനി വേഗത്തിലാകേണ്ടത്. തുരങ്കപാത വരുന്നതോടെ മലബാർ വന്യജീവിസങ്കേതത്തെ സ്‌പർശിക്കാതെ നിയുക്തപാതയ്ക്ക് കടന്നുപോകാനാകും. 27.225 കിലോമീറ്റർ ദൂരമാണ് പാതയുടെ ആകെ ദൈർഘ്യമായി ആദ്യഘട്ടത്തിൽ കണക്കാക്കപ്പെട്ടത്. ഇതിൽ അലൈൻമെന്റ് 2.844 കിലോമീറ്റർ തുരങ്കപാതയിലൂടെ മാറ്റുന്നതോടെ പാതയുടെ ആകെ ദൈർഘ്യം 20,976 കിലോമീറ്ററായി ചുരുക്കാൻ കഴിയും.
കോഴിക്കോട് ജില്ലയിൽ 6.5 കിലോമീറ്ററും വയനാട് ജില്ലയിൽ 14.476 കിലോമീറ്ററുമാണ് പാതയുടെ ദൂരം. കോഴിക്കോട് ഭാഗത്ത് 59 ചെറിയ വളവുകളും വയനാട് ഭാഗത്ത് 95 ചെറിയവളവുകളും മാത്രമാണ് പാതയ്ക്കുണ്ടാവുക. 10 മുതൽ 14 മീറ്റര് വരെ വീതിയുള്ള ഇരട്ടത്തുരങ്കമാണ് ഇവിടെ വേണ്ടിവരുക. അതിവേഗമുള്ള യാത്രയ്ക്കും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലും മറ്റുവഴികളെക്കാൾ ഈ പാത ഉപകരിക്കുമെന്നതും നേട്ടമാണ്.
വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസാക്കി
ജില്ലയുടെ യാത്രാപ്രശ്‌നത്തിന് ശാശ്വതപരിഹാരമായ പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാപ്പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസ്സാക്കി, കുറ്റ്യാടി, താമരശ്ശേരി ചുരങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമായിവരുകയാണ്. വയനാടിന്റെ വളർച്ചയ്ക്ക് നല്ലപാത അനിവാര്യമാണ്. പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് വരുന്നതോടെ വിനോദസഞ്ചാരമേഖലയിലും പുത്തനുണർവാകും. സാധ്യതാപഠനത്തിന് ഫണ്ട് അനുവദിക്കുകയും ഇതിന്റെ സാക്ഷാത്കാരത്തിനായി പ്രയത്നിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടികളും ശ്ലാഘനീയമാണ്. റോഡിൻ്റെ സാക്ഷാത്‌കാരത്തിന് അടിയന്തരപ്രാധാന്യം നൽകണമെന്നും പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.എ. അസീസ് പ്രമേയം അവതരിപ്പിച്ചു. ശാരദ അത്തിമുറ്റം പിന്താങ്ങി. ഐക്യകണ്ഠേ ഭരണസമിതി അംഗീകരിച്ച പ്രമേയം സർക്കാരിലേക്ക് സമർപ്പിക്കും. ചുവപ്പുനാടയിൽ കുരുങ്ങരുത്‌നാലുപതിറ്റാണ്ടോളം ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്ന പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ ഇനിയുള്ള നടപടികൾ വേഗത്തിലാക്കുകയെന്നതാണ് ജനകീയ കർമസമിതിയുടെ ലക്ഷ്യം. റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഏകോപിപ്പിക്കാനുള്ള നോഡൽ ഓഫീസർമാരെ നിയമിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതീക്ഷകളുയർത്തുന്നു. കോഴിക്കോട് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി.കെ. ഹാഷിം, പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി എ. ഷിബു എന്നിവരെയാണ് നോഡൽ ഓഫീസർമാരായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമിച്ചത്. പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയ്ക്കായി സംസ്ഥാന ബജറ്റിൽ ഒന്നരക്കോടി രൂപ അനുവദിച്ചതാണ് മുന്നേറ്റങ്ങൾക്ക് കരുത്തായിമാറിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















