അമ്പലപ്പുഴ: രണ്ടാം പിണറായിസർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായി ജി. സുധാകരനെ സർക്കാർ പരിപാടിയിൽ ഉൾപ്പെടുത്തി നോട്ടീസ്. തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനച്ചടങ്ങിലേക്കാണ് സുധാകരനെ ക്ഷണിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാൽ എംപിക്കൊപ്പം വിശിഷ്‌ടാതിഥിയായാണ് പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രിയായ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
സുധാകരൻ മന്ത്രിയായിരുന്ന ഒന്നാംപിണറായി സർക്കാരിന്റെ കാലത്താണ് പാലംപണി തുടങ്ങിയത്. കുറച്ചായി പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ക്ഷണമെന്നു വിലയിരുത്തപ്പെടുന്നു.
നിർദിഷ്ട കൊട്ടാരവളവ് - കരുമാടി ബൈപ്പാസിൻ്റെ ആദ്യഘട്ടമാണ് നാലുചിറ പാലം. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ 38 കോടി രൂപ വകയിരുത്തിയാണ് പണി തുടങ്ങിയത്. പുതിയ സർക്കാർ അധികാരമേറ്റ ശേഷം 22 കോടി കൂടി അനുവദിച്ച് പൂർത്തിയാക്കി.
ജി. സുധാകരൻ എംഎൽഎയും മന്ത്രിയുമായിരുന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങുകയും എച്ച്. സലാം എംഎൽഎയായ രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് പൂർത്തീകരിക്കുകയും ചെയ്‌തതായി നോട്ടീസിൽ പറയുന്നുണ്ട്. തിങ്കളാഴ്‌ച 10.30-ന് മന്ത്രി പി.എം. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും മുഖ്യാതിഥികളാണ്.
സർക്കാരിന്റെയും പാർട്ടിയുടെയും പരിപാടികളിൽ ഒഴിവാക്കുന്നതിനെതിരേയാണ് സുധാകരൻ ഇടഞ്ഞത്. പൊതുപരിപാടികളിൽ അദ്ദേഹത്തിന്റെ ഒളിയമ്പുകൾ പാർട്ടിക്കു തലവേദനയായിരുന്നു. ഏറ്റവുമൊടുവിൽ മന്ത്രി സജി ചെറിയാനെതിരേ രൂക്ഷ പരാമർശമുണ്ടായി. ഇതേത്തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.
ഏറെക്കാലത്തിനുശേഷമാണ് മന്ത്രി സജി ചെറിയാനും സുധാകരനുമായി വേദി പങ്കിടാൻ പോകുന്നത്. പരിപാടിക്കു ക്ഷണിച്ചതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് സുധാകരൻ പറഞ്ഞു.
പുന്നപ്ര-വയലാർ സമരവാർഷികത്തിൻ്റെ ഭാഗമായി ഞായറാഴ്‌ച ആലപ്പുഴ വലിയ ചുടുകാട്ടിൽനിന്നു വയലാറിലേക്കുള്ള ദീപശിഖ കൊളുത്തി നൽകാനും നേതാക്കൾ സുധാകരനെ ക്ഷണിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















