കക്കയം: കസാഖ്‌സ്‌താനിൽ നടക്കുന്ന അണ്ടർ 20 വനിതാ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ കൂരാച്ചുണ്ട് കക്കയം സ്വദേശി ഷിൽജി ഷാജി ഇടംനേടി. ഒക്ടോബർ 25, 28 തീയതികളിലായി നടക്കുന്ന മത്സരത്തിൽ കസാഖ്‌സ്‌താനുമായിത്തന്നെയാണ് ഇന്ത്യയുടെ മത്സരം.
ടീമിൽ ഇടംനേടിയ ഏക മലയാളിയാണ് ഷിൽജി, പാലക്കാടുനടന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ടൂർണമെൻ്റിലെ മികച്ചപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഷിൽജിയെ ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരുന്നു. അവിടെനിന്നാണ് ടീം സെലക്‌ഷൻ നടത്തിയത്. നേരത്തേ അണ്ടർ-17 വിഭാഗത്തിൽ ഇന്ത്യൻ വനിതാടീമിന് വേണ്ടി ബൂട്ടണിഞ്ഞ ഷിൽജി ഷാജി സാഫ് കപ്പ് ടൂർണമെൻ്റിൽ മികച്ചപ്രകടനം കാഴ്ചവെച്ചിരുന്നു. 2022-23-ലെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ്റെ എമർജിങ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ഷിൽജിക്കായിരുന്നു.
മലയോരത്തിന്റെ യശസ്സുയർത്തി ഷിൽജിയുടെ വിജയയാത്ര
'കുഞ്ഞാറ്റ'യെന്നാണ് വീട്ടിലും നാട്ടിലും ഷിൽജിയുടെ വിളിപ്പേര്. എതിരാളികളെ നിലംപരിശാക്കുന്ന നീക്കങ്ങൾകൊണ്ട് കളിയാസ്വാദകരുടെ ഹൃദയംകീഴടക്കിയ ഫുട്ബോൾതാരമായിരുന്നു ഷിൽജിയുടെ പിതാവ് ഷാജി, വീട്ടിൽനിന്ന് വിളിപ്പാടകലെയുള്ള കക്കയം പഞ്ചവടി മൈതാനത്ത് വൈകുന്നേരം ഷാജി കളിക്കാൻപോകുമ്പോൾ ഷിൽജിയും കൂടെപ്പോകും. പിതാവിനും കൂട്ടുകാർക്കും പുറത്തുപോകുന്ന ബോളുകൾ പെറുക്കിക്കൊടുത്താണ് ഫുട്‌ബോളിലേക്കുള്ള ഷിൽജിയുടെ തുടക്കം. പ്രൈമറിക്ലാസിൽ പഠിക്കുന്ന കാലത്തുതന്നെ അയൽപക്കങ്ങളിലെ മുതിർന്ന ആൺകുട്ടികൾക്കൊപ്പം അവളും കുളത്തിലിറങ്ങി.
കല്ലാനോട് സെയ്ൻ്റ് മേരീസ് സ്‌കൂളിലാണ് ഷിൽജി ഏഴാംക്ലാസുവരെ പഠിച്ചത്. അക്കാലത്ത് അത്ലറ്റിക്‌സിൽ സബ് ജില്ലാ ചാമ്പ്യനായിരുന്നു. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ഫുട്‌ബോൾ ടീമിൻ്റെ ഭാഗമായി. ഫുട്ബോൾ ടീം കോച്ച് ബാബുവും സ്കൂൾ കായികാധ്യാപിക സിനിയുമാണ് ഷിൽജിയിൽ ഫുട്ബോൾ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഷിൽജി ഉൾപ്പെട്ട സ്‌കൂൾ ടീം അക്കൊല്ലം ജില്ലാചാമ്പ്യന്മാരും സംസ്ഥാന ചാമ്പ്യന്മാരുമായി. കേരളത്തെ പ്രതിനിധാനംചെയ്‌ത് ഡൽഹിയിൽനടന്ന സുബ്രതോകപ്പിൽ പങ്കെടുത്തു. ആ ടൂർണമെന്റാണ് ഷിൽജിയുടെ കുതിപ്പിന് വഴിവെട്ടിയത്.
തുടർന്ന്, പതിമ്മൂന്നാം വയസ്സിൽ ഷിൽജി കണ്ണൂർ സ്പോർട്‌സ് ഡിവിഷനിലേക്ക് സെലക്‌ഷൻ കിട്ടി അങ്ങോട്ടേക്ക് മാറി. ഇന്ത്യൻ പരിശീലകയായിരുന്ന പി.വി. പ്രിയയുടെ കീഴിലാണ് ഷിൽജി അവിടെ പരിശീലനമാരംഭിച്ചത്. പതിനഞ്ചാംവയസ്സിലാണ് അണ്ടർ-17 കേരള ടീമിൽ സെലക്ഷൻ ലഭിക്കുന്നത്. അസമിൽനടന്ന നാഷണൽ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഗോൾമഴ പെയ്യിച്ചതോടെ ഷിൽജിയിലെ പ്രതിഭയെ രാജ്യം തിരിച്ചറിയുകയായിരുന്നു. ടൂർണമെന്റ്റിൽ 12 ഗോളുകളാണ് ഷിൽജിയുടെ ബൂട്ടിൽനിന്ന് പിറന്നത്.
തുടർന്ന്, 2023 ജനുവരിയിൽ ഷിൽജി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കേരളത്തിൽനിന്ന് മൂന്നുപേർ മാത്രം. ജോർദാനെതിരേയുള്ള സൗഹൃദമത്സരത്തിൽ ഇന്ത്യ നേടിയ പതിനൊന്നുഗോളിൽ എട്ടും ഷിൽജിയുടേതായിരുന്നു. ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിൽ നടന്ന സാഫ് കപ്പ് ടൂർണമെൻറിൽ ഇന്ത്യൻ ടീം രണ്ടാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ ടൂർണമെന്റിൽ ഏറ്റവുംകൂടുതൽ ഗോൾ നേടിയതിനുള്ള ഗോൾഡൻ ബൂട്ട് മലയോര കുടിയേറ്റഗ്രാമത്തിൻ്റെ അഭിമാനതാരത്തിനായിരുന്നു.
ആ വർഷം കേരളത്തിലെ മികച്ച വനിതാതാരമായി ഷിൽജി തിരഞ്ഞെടുക്കപ്പെട്ടു. 2022 23ലെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ എമർജിങ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ഷിൽജിക്കായിരുന്നു. നാട്ടുകാരും വീട്ടുകാരും നൽകുന്ന പിന്തുണയാണ് തൻ്റെ വിജയത്തിനുപിന്നിലെന്ന് പറയാൻ ഷിൽജിക്ക് നൂറുനാവാണ്. കസാഖ്‌സ്‌താനിലും ഷിൽജി മികച്ചപ്രകടനം പുറത്തെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് നാട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















