തിരുവമ്പാടി മലയോര, കുടിയേറ്റ മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കാൻ നൂതനമാർഗങ്ങളുമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്. കാർഷികവികസന കർഷകക്ഷേമവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, വനംവകുപ്പ് എന്നീ ത്രിതല വകുപ്പുകൾ സംയുക്തമായാണ് 'വന്യമൃഗശല്യം-പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന പേരിൽ ശാസ്ത്രീയപദ്ധതിക്ക് രൂപംനൽകിയിരിക്കുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും പുതുപ്പാടി, തിരുവമ്പാടി, കോടഞ്ചേരി, ഓമശ്ശേരി, കട്ടിപ്പാറ, മടവൂർ, കിഴക്കോത്ത്, താമരശ്ശേരി എന്നീ എട്ട് ഗ്രാമപ്പഞ്ചായത്തുകളും സംയുക്തമായി 2025-26 വർഷത്തെ ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച കളക്‌ടറുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാതല വിദഗ്‌ധസമിതിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. പീച്ചി ആസ്ഥാനമായുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) ന് ആണ് പഠനം നടത്തുന്നതിനും പരിഹാരം കാണുന്നതിനുമുള്ള ചുമതല നൽകിയത്. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ തരങ്ങൾ മനസ്സിലാക്കൽ, അവയുടെ സാന്നിധ്യം ലഘുകരിക്കുന്നതിനും ജനസംഖ്യ നിയന്ത്രിക്കുന്നതിനുമുള്ള രീതികൾ പര്യവേക്ഷണം ചെയ്യുക, വന്യമൃഗങ്ങളുടെ ഇടപെടലിൽനിന്ന് ഫാമുകളെ സംരക്ഷിക്കുന്നതിനുള്ള ശുപാർശകൾ വികസിപ്പിക്കുക എന്നിവ ഉടൻ പഠനവിധേയമാക്കും. പഠനറിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിലാണ് പരിഹാരനടപടികൾ ആവിഷ്‌കരിക്കുക. വിദേശരാജ്യങ്ങളിൽ നിലവിലുള്ള കാട്ടുപന്നികളുടെ മാസ് ട്രാപ്പിങ് രീതികൾ പരീക്ഷിക്കുക, പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കാട്ടുപന്നിയെ കൊന്നൊടുക്കുക, റൈഫിൾ ക്ലബ്ബുമായി ചേർന്ന് സ്ഥിരസംവിധാനങ്ങൾ ഒരുക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്. കർഷക കൂട്ടായ്‌മകൾ, കാർഷിക കർമസേന, അഗ്രോസർവീസ് സെൻ്റർ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തും.
വനം വകുപ്പിന്റെ മേൽനോട്ടത്തിലും നിലവിലുള്ള നിയമത്തിന്റെ പരിധിയിൽ നിന്നുമായിരിക്കും പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. പഠനം നടത്തുന്നതിനും പരിഹാരങ്ങൾ നടപ്പാക്കുന്നതിനുമായി ബ്ലോക്ക് പഞ്ചായത്തിന്റെ എട്ടുലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തുകൾ വകയിരുത്തിയ തുകയുമുൾപ്പെടെ മൊത്തം 15,40,000 രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ആറുമാസംകൊണ്ട് പഠനങ്ങൾ പൂർത്തിയാകുമെന്നും അതിനകംതന്നെ പരിഹാരമാർഗങ്ങൾ അവലംബിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം. അഷ്റഫ്, കൊടുവള്ളി കൃഷി അസി. ഡയറക്ടർ ഡോ. പ്രിയാ മോഹൻ, വനംവകുപ്പ് ആർആർടി റെയ്‌ഞ്ച് ഓഫീസർ കെ. ഷാജീവ് എന്നിവർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















