
സന്നിധാനം: ശബരിമല മേൽശാന്തിയായി തൃശ്ശൂർ ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർമന പ്രസാദ് നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് കുട്ടിക്കട മുട്ടത്തുമഠത്തിൽ എം.ജി. മനു നമ്പൂതിരിയെയും തിരഞ്ഞെടുത്തു. തുലാം ഒന്നിന് ഉഷഃപൂജയ്ക്കുശേഷം എട്ടുമണിയോടെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. നിലവിൽ രണ്ടുപേരും അതത് പ്രദേശങ്ങളിലെ അയ്യപ്പക്ഷേത്രങ്ങളിൽ മേൽശാന്തിമാരാണ്.
വൃശ്ചികം ഒന്നുമുതൽ ഒരുവർഷം ശബരിമലയിലും മാളികപ്പുറത്തും ഇരുവരും പുറപ്പെടാമേൽശാന്തിമാരാകും.
പ്രസാദ് നമ്പൂതിരി (46) മൂന്നാംതവണയാണ് മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള പട്ടികയിൽ ഉൾപ്പെടുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആറേശ്വരം ധർമ്മശാസ്താ ക്ഷേത്രത്തിൽ മൂന്ന് വർഷമായി മേൽശാന്തിയാണ്. പരേതരായ ദാമോദരൻ നമ്പൂതിരിയുടെയും ദേവസേന അന്തർജനത്തിന്റെയും മകനാണ്.
ഭാര്യ: രജില, മക്കൾ: അച്യുത് ദാമോദർ, അനുജ് കൃഷ്ണൻ.
എം.ജി.മനു നമ്പൂതിരി (47), ആറുവർഷമായി ഇതിനായി അപേക്ഷിച്ചിരുന്നു. ഒരുതവണ ശബരിമല മേൽശാന്തിയുടെയും മാളികപ്പുറത്തിന്റെയും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. 22 വർഷമായി കൂട്ടിക്കട ധർമ്മശാസ്‌താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഡി. ഗോപാലകൃഷ്‌ണൻ നമ്പൂതിരിയുടെയും ശോഭന അന്തർജനത്തിൻ്റെയും മൂത്തമകനാണ്. ആറന്മുള സ്വദേശിനിയായ എൽ. ദേവിപ്രിയയാണ് ഭാര്യ, മക്കൾ: എം. ഭദ്രപ്രിയ, എം. പദ്‌മപ്രിയ, ഭരത് കൃഷ്‌ണ.
പട്ടികയിലെ പേരുകൾ ഓരോന്നായി വെള്ളിക്കുടത്തിൽ ചുരുട്ടിയിട്ടുകൊണ്ടാണ് നറുക്കെടുപ്പ് ആരംഭിച്ചത്. തന്ത്രി കണ്‌ാര് മഹേഷ് മോഹനര് കുടങ്ങൾ ശ്രീകോവിലിനകത്ത് പൂജിച്ചശേഷം ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണന് കൈമാറി. പന്തളം കൊട്ടാരത്തിലെ കുട്ടികളായ കശ്യപ് വർമ്മ ശബരിമല മേൽശാന്തിയെയും മൈഥിലി കെ.വർമ മാളികപ്പുറം മേൽശാന്തിയെയും തിരഞ്ഞെടുത്തു. എട്ടാമത്തെ നറുക്കിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്.
ഹൈക്കോടതി നിരീക്ഷകനായ റിട്ട.ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായരുടെ മേൽനോട്ടത്തിൽ ദേവസ്വംബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, അംഗം എം അജികുമാർ, പി.ഡി, സന്തോഷ് കുമാർ, ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാർ എന്നിവർ നറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വംനൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group