
നെടുങ്കണ്ടം: വെള്ളിയാഴച വൈകിട്ട മുതൽ മേഖലയിൽ മഴ പെയ്യുന്നുണ്ട്. രാത്രിയായതോടെ മഴ ശക്തമായി ശനിയാഴ്ച്‌ച പുലർച്ചെയോടെ അടുത്തപ്പോൾ പേമാരി പോലെ മഴ. മൂന്ന് മണിക്കൂറോളം നിർത്താതെ പെയ്തു.
ഭയം തോന്നിയെങ്കിലും ആളുകളൊക്കെ ഉറങ്ങി. എന്നാൽ, ഇരുട്ടിൽ കല്ലാറിൽ വെള്ളം പെരുകുകയായി. അത് കുത്തിയൊഴുകി നെടുങ്കണ്ടത്തെ ആറ് ഗ്രാമങ്ങളെ മുക്കി. മിന്നൽപ്രളയം പോലെ 2018-ലെ മഹാപ്രളയത്തേക്കാൾ ഭീകരാവസ്ഥയിലായിരുന്നു വെള്ളം കുത്തിയൊഴുകിയെത്തിയത്. ബാലഗ്രാം, തൂക്കുപാലം, കൂട്ടാർ, തുവൽ, മുണ്ടിയെരുമ താന്നിമൂട് ഗ്രാമങ്ങളിലാണ് മലവെള്ളം കുത്തിയൊലിച്ച് എത്തിയത്. നൂറിലധികം വീടുകളിൽ വെള്ളംകയറി. അത്രയധികം വ്യാപാരസ്ഥാപനങ്ങൾ മുങ്ങി. ഏക്കറുകണക്കിന് കൃഷിനശിച്ചു. വളർത്തുമൃഗങ്ങൾ ഒഴുകിപ്പോയി. കോടികളുടെ നഷ്‌ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. നഷ്‌ടങ്ങൾ കണക്കാൻ ദിവസങ്ങൾ വേണ്ടിവരും. വെള്ളം ശനിയാഴ്ച രാവിലെ ഇറങ്ങിത്തുടങ്ങിയത് ഭാഗ്യമായി, അല്ലെങ്കിൽ നഷ്ട്‌ടം ഇനിയും കൂടുമായിരുന്നു. പ്രധാന റോഡുകളിലെല്ലാം ഗതാഗത തടസ്സമുണ്ടായി. വണ്ണപ്പുറം-കമ്പംമെട്ട് സംസ്ഥാനപാതയിലെ താന്നിമൂട് പാലം മുങ്ങി.
കൂട്ടാറിൽ തുടങ്ങി, പിന്നെ മാലപോലെ
ശനിയാഴ്ച പുലർച്ചെ മൂന്നോടെ തൂക്കുപാലത്തിനുസമീപം കൂട്ടാറിലാണ് കല്ലാർ ആദ്യം കരകവിഞ്ഞത്. പിന്നീട് ബാലഗ്രാം മുതൽ താന്നിമൂട് വരെ വെള്ളംപൊങ്ങി. മിക്കവരും ഉറങ്ങുകയായിരുന്നു. അതിനാൽ തന്നെ വീട്ടിൽ വെള്ളംകയറിയതിന് ശേഷമാണ് സംഭവം അറിയുന്നത്, അപ്പോഴേക്കും മുറ്റത്തൊക്കെ രണ്ടാൾ പൊക്കത്തോളം വെള്ളം ഉയർന്നു.
പലരും വീടിന്റെ മട്ടുപ്പാവിൽ അഭയംതേടി. ചിലർ വെള്ളം നീന്തി രക്ഷപ്പെട്ടു. ആർക്കും അപായമുണ്ടായില്ല. അത് വലിയ ആശ്വാസം. നാട്ടുകാർ തന്നെയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പോലീസും അഗ്നിരക്ഷാസേനയും കൈകോർത്തതോടെ എല്ലാവരേയും രക്ഷിക്കാനായി.തൂവൽ വെള്ളച്ചാട്ടം രൗദ്രഭാവത്തിലായിരുന്നു. ആ ഭാഗത്ത് വാഹനങ്ങൾ കുടുങ്ങി. ശനിയാഴ്ച്ച പുലർച്ചെ 4.10-ന് കല്ലാർ ഡൈവേർഷൻ അണക്കെട്ടിൻ്റെ നാല് ഷട്ടറുകൾ തുറന്നു. ആദ്യം 10 സെൻ്റീമീറ്റർ വീതമാണ് തുറന്നത്. ഇതോടെ കല്ലാറിലെ ജലനിരപ്പ് കുറയുമെന്ന് കരുതി. എന്നാൽ, അതുണ്ടായില്ല. തുടർന്ന് രണ്ട് ഷട്ടർ 1.60 മീറ്ററായി ഉയർത്തി, എന്നിട്ടും ഫലമുണ്ടായില്ല. മഴ കഴിഞ്ഞപ്പോഴാണ് ജലനിരപ്പ് അൽപ്പമെങ്കിലും കുറഞ്ഞത്.
രാവിലെ ഏഴിന് മുമ്പ് തന്നെ മഴ കുറഞ്ഞിരുന്നു. എന്നാൽ പത്തോടെയാണ് കല്ലാറിലെ ജലനിരപ്പ് അൽപ്പമെങ്കിലും കുറഞ്ഞത്.ഇതിനിടെ കല്ലാറിന് സമീപത്തെ റോഡരികിൽ പാർക്കുചെയ്‌തിരുന്ന പല വാഹനങ്ങളും മലവെള്ളത്തിന്റെ ശക്തിയിൽ ഒഴുകിപ്പോയി. കൂട്ടാറിൽ വഴിയരികിൽ പാർക്കുചെയ്തിരുന്ന ട്രാവലർ ഒഴുകിപ്പോയി. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായിരുന്നു. വീടുകളിലെയും കടകളിലേയും സാധനങ്ങൾ ഒഴുകിപ്പോയി. ബാക്കിയുള്ളവ നനഞ്ഞ് നശിച്ചു.
എന്താണ് കാരണം?
മൂന്ന് മണിക്കൂർ തുടർച്ചയായിപെയ്‌ത മഴയാണ് കല്ലാർ കരകവിയാൻ കാരണമെന്നാണ് കരുതുന്നത്. മലമുകളിൽ എവിടെയെങ്കിലും ഉരുൾപൊട്ടിയതാണോ എന്ന് സംശയം ഉയർന്നിരുന്നു. ഔദ്യോഗിക സ്ഥിരീകരണമില്ല.
മൈലാടുംപാറയിലുള്ള ഐഎംഡിയുടെ വെതർ സ്റ്റേഷനിൽ 93 മില്ലിമീറ്റർ ശരാശരി മഴയാണ് ശനിയാഴ്‌ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ പെയ്തിരിക്കുന്നത്. നെടുങ്കണ്ടം മേഖലയിൽ 82.8 മില്ലിമീറ്റർ ശരാശരി മഴ പെയ്തുവെന്ന് റവന്യൂ അധികൃതർ പറയുന്നു. ഇത് അത്യാവശ്യം നല്ല മഴയാണെങ്കിലും മിന്നൽ പ്രളയത്തിന് സമാനമായ പ്രതിഭാസത്തിന് പര്യാപ്തമല്ലെന്നാണ് നിഗമനം.എന്നാൽ, വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ പ്രാദേശികമായി മൂന്ന് മണിക്കൂർ മഴ പെയ്‌തിരുന്നു. ഇവിടെ മഴ അളക്കാൻ സംവിധാനം ഇല്ലാത്തതിനാലാണ് ശരാശരി മഴയിൽ കുറവുണ്ടായതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കൂട്ടാറിൽ 100 മില്ലിമീറ്റർ മഴ പെയ്തിരുന്നു.
ഇരുപതോളം കിലോമീറ്റർ അപ്പുറമുള്ള വെള്ളയാംകുടിയിൽ 188 മില്ലിമീറ്ററും ഈ മേഖലയിൽ തന്നെയുള്ള വണ്ടൻമേട്ടിൽ 179 മില്ലിമീറ്ററും മഴ പെയ്‌തിട്ടുണ്ട്. ഇത് അതിശക്തമായ മഴയാണ്. ഇവിടെനിന്നുകൂടി വെള്ളം ഒഴുകിയെത്താൻ സാധതയുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group