
റാന്നി (പത്തനംതിട്ട): ശബരിമല സ്വർണപ്പാളി കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ (52) 14 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണസംഘത്തിൻ്റെ അപേക്ഷയിൽ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.
ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയശേഷം അതിലുണ്ടായിരുന്ന സ്വർണം അപഹരിച്ചു എന്നതാണ് തിരുവനന്തപുരം പുളിമാത്ത് ഭഗവതിവിലാസത്തിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പേരിലുള്ള കേസ്. വ്യാഴാഴ്‌ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത പോറ്റിയുടെ അറസ്റ്റ് വെള്ളിയാഴ്ച പുലർച്ചെ 2.40-ന് രേഖപ്പെടുത്തി. 10 പ്രതികളാണുള്ളത്. മറ്റുള്ളവർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരാണ്.
രണ്ട് എഫ്ഐആറുകളുള്ളതിൽ ആദ്യത്തേത് ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളിയിലെ തട്ടിപ്പുമായും രണ്ടാമത്തേത് കുട്ടിളയിലെയും വാതിലിലെയും പാളികളിൽ നടത്തിയ തിരിമറികളുമായും ബന്ധപ്പെട്ടതാണ്. ഇതിൽ ആദ്യത്തെ കേസിലാണ് പോറ്റിയെ കോടതിയിൽ ഹാജരാക്കിയത്. രണ്ടാമത്തെ കേസിൽ എട്ടുപ്രതികളുണ്ട്. ഇതിലാണ് ദേവസ്വം ബോർഡിനെയും പ്രതിചേർത്തിരിക്കുന്നത്.
അടച്ചിട്ട മുറിയിൽ ജഡ്‌ജിക്കുമുന്നിൽ പോറ്റിയെക്കൂടാതെ പ്രോസിക്യൂട്ടറെയും പോറ്റിയുടെ അഭിഭാഷകനെയും പ്രത്യേക അന്വേഷണസംഘത്തെയും മാത്രമാണ് പ്രവേശിപ്പിച്ചത്. പോറ്റിയുമായി പോലീസ് തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈബ്രാഞ്ച് ഓഫീസിലെത്തി.
തന്നെ കുടുക്കിയെന്ന് പോറ്റി
തന്നെ കുടുക്കിയതാണെന്ന് കോടതിയിൽനിന്ന് തിരിച്ചു കൊണ്ടുപോകുമ്പോൾ ഉണ്ണിക്കൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. കുടുക്കിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും പോറ്റി പറഞ്ഞു.
പോറ്റിക്കുനേരേ ചെരിപ്പേറ്
തിരികെ പോലീസ് ജീപ്പിലേക്ക് കയറ്റുമ്പോൾ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കുനേര ബിജെപി അയിരൂർ മണ്ഡലം പ്രസിഡൻ്റ് സിനു എസ്. പണിക്കർ ചെരിപ്പെറിഞ്ഞു. സംഭവത്തിൽ കേസെടുക്കുമെന്ന് റാന്നി പോലീസ് അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group