
തിരുവനന്തപുരം: നിരോധിത എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധന തുടങ്ങി. രണ്ടുദിവസംകൊണ്ട് 390 കേസിലായി 5.18 ലക്ഷം രൂപ പിഴ ഈടാക്കി. ഹൈക്കോടതി ജഡ്‌ജിയുടെ കാറിനെ ഇത്തരം എയർഹോൺ അടിച്ച് സ്വകാര്യബസ് ഡ്രൈവർ ശല്യംചെയ്‌തതിനുപിന്നാലെയാണ് മോട്ടോർവാഹനവകുപ്പ് വാഹനപരിശോധന ശക്തമാക്കിയത്. ഇവ വീണ്ടും വ്യാപകമായതോടെ ഗതാഗത സെക്രട്ടറിയോടും ട്രാൻസ്പോർട്ട് കമ്മിഷണറോടും കോടതി വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഒരാഴ്ചത്തെ പരിശോധനയ്ക്ക് നിർദേശം നൽകിയത്.
കഴിഞ്ഞദിവസം കോതമംഗലം ബസ്സ്‌റ്റാൻഡ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഉദ്ഘാടനംചെയ്യുമ്പോൾ സമീപത്തുകൂടി അമിതമായി ഹോൺമുഴക്കി സ്വകാര്യബസ് പാഞ്ഞുപോയതും നടപടി കടുപ്പിക്കാൻ കാരണമായി.
പരിശോധനയിൽ വീഴ്‌ചവരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ സൂപ്പർ ചെക്കിങ് സ്ക്വാഡിനെയും കമ്മിഷണർ രൂപവത്കരിച്ചിട്ടുണ്ട്. സ്ക്വാഡ് നടത്തുന്ന പരിശോധനയിൽ വാഹനങ്ങളിൽ എയർഹോൺ കണ്ടെത്തിയാൽ ആ പ്രദേശത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും,
വാഹനങ്ങളിൽനിന്ന് പിടിച്ചെടുക്കുന്ന എയർഹോണുകൾ പൊതുസ്ഥലത്തുവെച്ച് റോഡ്‌റോളർ കയറ്റി നശിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞദിവസം നിർദേശം ലഭിച്ചിരുന്നു. എന്നാൽ കമ്മിഷണർ വാട്സാപ്പിൽ നൽകിയ ഈ സന്ദേശം നിയമപരമായി നിലനിൽക്കുമോ എന്ന ആശങ്ക ഉദ്യോഗസ്ഥർക്കുണ്ട്. എയർഹോൺ നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ പിടിച്ചെടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കില്ല.
അനധികൃതഘടകങ്ങൾ വാഹനങ്ങളിൽ പിടിപ്പിച്ചിട്ടുണ്ടെങ്കിൽ പിഴ ചുമത്താം. രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ നിശ്ചിത ദിവസത്തിനുള്ളിൽ ഇവ നീക്കി വാഹനം ഹാജരാക്കാൻ നിർദേശം നൽകാം. എയർഹോണുകൾ വീണ്ടും ഉപയോഗിക്കാതിരിക്കാൻവേണ്ടിയാണ് പിടിച്ചെടുക്കുന്നത്. സാധാരണ ഇവ ഓഫീസുകളിൽ സൂക്ഷിക്കാറുണ്ട്. നശിപ്പിക്കാനുള്ള നീക്കത്തിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന ഭയം ഉദ്യോഗസ്ഥർക്കുണ്ട്.
രണ്ടുദിവസത്തെ പരിശോധന
മേഖല കേസുകൾ ഈടാക്കിയ പിഴ
ദക്ഷിണമേഖല 77 1,82,750
മധ്യമേഖല-എറണാകുളം 122 22000
മധ്യമേഖല-തൃശ്ശൂർ 113 167250
വടക്കൻമേഖല 78 14,6000
ആരോഗ്യപ്രശ്നമുണ്ടാക്കും
90 മുതൽ 125 ഡെസിബൽവരെയുള്ള ഹോണുകളാണ് വാഹനങ്ങളുടെ ഇനമനുസരിച്ച് അനുവദിച്ചിട്ടുള്ളത്. എന്നാൽ, 120 മുതൽ 170 ഡെസിബെൽ ശബ്ദമുണ്ടാക്കുന്ന എയർഹോണുകളുണ്ട്. ഇവയുടെ ഉപയോഗം കർണപുടത്തിന് തകരാർ, കേൾവിക്കുറവ് എന്നിവയുണ്ടാക്കും. നിരത്തിലെ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധതിരിച്ച് അപകടത്തിനും വഴിയിടും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group