
കുണ്ടംകുഴി ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി വലിയപാറയിൽ നിർമാണം പൂർത്തിയായ സാവിത്രിബായി ഫുലെ ഗവ. ആശ്രമം സ്‌കൂൾ ഉദ്ഘാടനത്തിനൊരുങ്ങി. 28-ന് രാവിലെ 11-ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. പട്ടികവിഭാഗം വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കുന്നതിനായുള്ള സ്കൂളാണിത്. വലിയപാറ- കുട്ടിപ്പാറ റോഡിന് അഭിമുഖമായായി പത്തേക്കറിലാണ് സ്‌കൂൾകെട്ടിടം നിർമിച്ചത്. പ്ലസ് ടു വരെയുള്ള അക്കാദമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഭക്ഷണശാല, ഹോസ്റ്റൽ, ചുറ്റുമതിൽ തുടങ്ങിയവ നിർമിക്കുന്നതിന് 31 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ ഏഴരക്കോടി രൂപ ചെലവിൽ ഹൈസ്‌കൂൾവരെയുള്ള അക്കാദമിക് ബ്ലോക്ക് കെട്ടിടമാണ് ഇപ്പോൾ പണിപൂർത്തിയായത്. ഇരുനിലക്കെട്ടിടമാണ്. മുകളിലും താഴെയുമായി 20 മുറികൾ ഉണ്ട്. ഓഫീസ്, സന്ദർശകമുറി, ലാബ് ഉൾപ്പെടെയുള്ളവ താഴെയും ക്ലാസ് മുറികൾ മുകളിലത്തെ നിലയിലുമാണ്. 25,000 ചതുരശ്ര അടി വിസ്തീർണമാണ് കെട്ടിടത്തിന്.
ഒന്ന് മുതൽ പന്ത്രണ്ടാംക്ലാസ് വരെയാണ് ആശ്രമംസ്‌കൂളിൽ ഉള്ളത്. പട്ടികവർഗവിഭാഗം വിദ്യാർഥികളുടെ പഠനനിലവാരം വർധിപ്പിക്കുന്നതിനായി 2017-ലാണ് സ്ക്കൂൾ പ്രവർത്തനം തുടങ്ങിയത്. കുണ്ടംകുഴി ടൗണിൽ വാടകക്കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. ആരംഭത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ പ്രവർത്തിച്ചതും വാടകക്കെട്ടിടത്തിലായിരുന്നു. നിലവിൽ ഹോസ്റ്റൽ കെട്ടിടം സ്വന്തമായുണ്ട്. വലിയപാറയിൽനിന്നും മൂന്ന് കിലോമീറ്റർ അകലെ കുണ്ടംകുഴി ഗവ. സ്കൂളിന് സമീപമാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.
അടുത്ത അധ്യയനവർഷമാണ് ആദ്യമായി ഇവിടെനിന്നും പത്താം ക്ലാസ് ബാച്ച് പുറത്തിറങ്ങുക. 2017-ലാണ് പ്രവർത്തനം തുടങ്ങിയതെന്നതിനാൽ അ പ്രവേശനം നേടിയ 12 വിദ്യാർഥികളും നിലവിൽ ഒൻപതാംക്ലാസിലാണ്. ഒന്ന് മുതൽ ഒൻപത് ക്ലാസുകളിലായി നിലവിൽ 234 വിദ്യാർഥികൾ പഠിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഇവിടെയുണ്ട്. ഒരു ക്ലാസിലേക്ക് പരമാവധി 35 വിദ്യാർഥികൾക്കാണ് പ്രവേശനം. കൊറഗ, മാവില, മലവേട്ടുവ, മറാത്തി വിഭാഗങ്ങളിൽപ്പെട്ടവർ വിദ്യാർഥികളായുണ്ട്.
2023 നവംബറിലാണ് സ്‌കൂൾകെട്ടിടത്തിൻ്റെ നിർമാണപ്രവൃത്തി തുടങ്ങിയത്. എതിർത്തോട് മീത്തൽ ബിൽഡേഴ്‌സാണ് നിർമാണക്കരാർ ഏറ്റെടുത്തത്. വലിയപാറയിൽ നിർമാണം പുരോഗമിക്കുന്ന കെഎസ്ഇബി കുറ്റിക്കോൽ സെക്ഷൻ 110 കെവി സബ്‌സ്റ്റേഷൻ പ്രസരണകേന്ദ്രത്തിന് എതിർവശത്ത് റോഡിന് മറുഭാഗത്തായാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്. കൃഷിയോ മറ്റു നിർമിതികളോ ഇല്ലാതെ ഹെക്‌ടർ കണക്കിന് വിസ്‌തൃതിയിൽ പരന്നുകിടക്കുന്ന പാറപ്രദേശമായ ഇവിടെ രണ്ട് നിർമിതികളും ഉടൻ യാഥാർഥ്യമാകുന്നു എന്നതിനാൽ ഏറെ പ്രതീക്ഷയിലാണ് നാട്ടുകാർ.
സംഘാടകസമിതിയായി
സാവിത്രിബായി ഫുലെ ഗവ. ആശ്രമം സ്‌കൂൾ കെട്ടിടോദ്ഘാടനം ആഘോഷമാക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടകസമിതി രൂപവത്‌കരിച്ചു. യോഗത്തിൽ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. കെ. രഘുനാഥ്, എ. ബാലകൃഷ്‌ണൻ വേളാഴി, അംബിക മോലോത്തുംകാൽ, വിനു സി. വേളാഴി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡൻ്റ് എം. ധന്യ (ചെയ.), പഞ്ചായത്തംഗം എം. തമ്പാൻ (കൺ.), രാമചന്ദ്രൻ മുതിരങ്ങാനം, കെ. രാജേന്ദ്രൻ മൊട്ടമ്മൽ (വൈ. ചെയ.), ജില്ലാ ട്രൈബൽ ഡിവലപ്‌മെൻ്റ് ഓഫീസർ ബി.സി. അയ്യപ്പൻ, പ്രഥമാധ്യാപകൻ വി. മധുസൂദനൻ (ജോ.കൺ.)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group