
മേൽനോട്ട സമിതി വേണമെന്ന് നിർദേശം
കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിൽ വീഴ്‌ചയുണ്ടായെന്ന് കുറ്റപ്പെടുത്തൽ
കൊച്ചി: കണ്ണൂർ കുഞ്ഞിമംഗലം പഞ്ചായത്തിലെ കണ്ടൽക്കാടുകൾ
സംരക്ഷിക്കാൻ ഫലപ്രദമായ നടപടി വേണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അനധികൃത നിർമിതിയുടെ പേരിൽ ഇവിടത്തെ കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെട്ടു എന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. കണ്ടൽക്കാടുകളിൽ തള്ളിയിരിക്കുന്ന മാലിന്യം നീക്കി മൂന്നുമാസത്തിനുള്ളിൽ പുതിയ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവാദിത്വം കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം കൺസർവേറ്റർക്കായിരിക്കും. കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സ്ഥിരമായ മേൽനോട്ട സംവിധാനം വേണം. സ്ഥിരം സംവിധാനം നടപ്പാക്കുന്നതുവരെ കളക്‌ടറോട് താത്‌കാലിക മേൽനോട്ട സംവിധാനം ഒരുക്കാനും നിർദേശിച്ചു. പയ്യന്നൂർ തഹസിൽദാർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, റെയ്ഞ്ച് എൻവയൺമെൻ്റ് എൻജിനിയർ എന്നിവരടങ്ങിയ സമിതിയെ മേൽനോട്ട ചുമതല ഏൽപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പരാതി അറിയിക്കാൻ ഫോൺനമ്പർ അടക്കം നൽകണം. നിയമ ലംഘനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
കണ്ടൽക്കാടുകൾ നശിപ്പിച്ചുള്ള നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് പരാതി ലഭിച്ചിട്ടും ബന്ധപ്പെട്ടവർ ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. തീരനിയന്ത്രണ മേഖലയിലാണ് അനധികൃത നിർമാണ പ്രവർത്തനം നടന്നത്.
പ്രദേശവാസിയായ പി.പി. രാജൻ ആണ് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. അനീഷ്, ഷെരീഖ് എന്നിവരാണ് കണ്ടൽക്കാടുകൾ നശിപ്പിച്ച് അനധികൃത നിർമാണം നടത്തിയതെന്നായിരുന്നു ഹർജിയിലെ ആരോപണം. 30 ഏക്കറോളം കണ്ടൽക്കാടാണ് കുഞ്ഞിമംഗലം പഞ്ചായത്തിലുള്ളത്. ഇത് സംരക്ഷണ വനമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതിനെതിരേ പരാതി നൽകിയിട്ടും അധികൃതർ കണ്ണടയ്ക്കുകയായിരുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group