
ആര്യനാട് ആര്യനാട് ഗ്രാമപ്പഞ്ചായത്ത് 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന മാനവീയം വീഥി യാഥാർഥ്യമായി. ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ വീഥിയുടെ ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടനം കഴിയുന്നതോടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികപ്രവർത്തകർക്ക് സംഗമിക്കാൻ ഒരിടമായി മാനവീയംവീഥി മാറും. പൊതുസ്ഥലങ്ങളിൽ യോഗങ്ങൾ ഹൈക്കോടതി നിരോധിച്ചതോടെയാണ് പുതിയൊരു ആശയവുമായി പഞ്ചായത്ത് രംഗത്തെത്തിയത്, പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ്റെ ആശയത്തിനനുസരിച്ചാണ് വീഥിയുടെ നിർമാണം പൂർത്തിയാക്കിയത്.
ആര്യനാട് പോസ്റ്റ് ഓഫീസ് ജങ്ഷനു സമീപത്തെ കരമനയാറിന്റെ തീരത്തുള്ള പഞ്ചായത്തിന്റെ സ്ഥലം തിരഞ്ഞെടുത്താണ് മാനവീയം വീഥി നിർമിച്ചത്. മാനവീയം വീഥി യാഥാർഥ്യമാകുന്നതോടെ പഞ്ചായത്തിലെ പ്രധാന പൊതു ഇടമായും ഇത് മാറും. സൗന്ദര്യവത്കരണം ഉൾപ്പെടെയുള്ള ജോലികളെല്ലാം സ്പോൺസമാരെ കണ്ടെത്തിയാണ് പഞ്ചായത്ത് ചെയ്യുന്നത്. കാനറാ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ചെലവഴിച്ച് ഓപ്പൺ ജിം, കുടുംബശ്രീയുടെ സഹകരണത്തോടെ മരച്ചുവട്ടിലെ ലൈബ്രറി, ചെടി നഴ്‌സറിക്കാർ ചേർന്ന് പൂന്തോട്ട നിർമാണം എന്നിവയും ഒരുക്കി.
കരമനയാറിന്റെ തീരത്തെ കടവ് മുതൽ പോസ്‌റ്റ് ഓഫീസ് ജങ്ഷൻ, ആശുപത്രിക്കു മുൻവശം എന്നിവിടങ്ങളിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കി. മരച്ചുവട്ടിലെ ലൈബ്രറിയാണ് പ്രധാന ആകർഷണം. പ്രത്യേക രീതിയിൽ നിർമിച്ച മരച്ചുവട്ടിൽ പുസ്‌തകവായനയ്ക്കും സൗകര്യമുണ്ട്. കുടുംബശ്രീയുടെ സഹകരണത്തോടെ ശില്പി ആര്യനാട് രാജേന്ദ്രനാണ് ലൈബ്രറി നിർമിച്ചത്. ഹരിതകർമസേന ശേഖരിച്ച പ്ലാസ്‌റ്റിക് കുപ്പികൾകൊണ്ടു നിർമിച്ച ദിനോസറിന്റെയും പ്രവേശനകവാടത്തിൽ കുട്ടികൾ കൈകോർത്ത് നിൽക്കുന്ന സ്തൂപവും ഈ വീഥിയെ ഏറെ ആകർഷകമാക്കുന്നു.
നാടിന്റെ സാംസ്‌കാരികകേന്ദ്രമാകും
ഇഴജന്തുക്കളുടെയും സമൂഹവിരുദ്ധരുടെയും താവളമായിരുന്ന സ്ഥലമാണ് മാനവീയം വീഥിയുടെ ഉദ്ഘാടനം കഴിയുന്നതോടെ നാടിന്റെ സാംസ്കാരികകേന്ദ്രമായി മാറുന്നത്. ഇത് നാടിനു മുതൽക്കൂട്ടാകും.
-വി.വിജുമോഹൻ,
പഞ്ചായത്ത് പ്രസിഡന്റ്
(കടപ്പാട്: മാതൃഭൂമി)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group