
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ
നിർമാണോദ്ഘാടനം നവംബർ അഞ്ചിന് നടക്കും. തുറമുഖത്തു നടക്കുന്ന വിപുലമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പടങ്ങ് ഉദ്ഘാടനം ചെയ്യും. അദാനി ഗ്രൂപ്പ് 10000 കോടി മുടക്കിയാണ് രണ്ടും മൂന്നുംഘട്ടം വികസിപ്പിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ അടുത്തഘട്ടം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ഉദ്ഘാടനച്ചടങ്ങ് ആഘോഷമായി നടത്താൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്കും (വിസിൽ) അദാനി ഗ്രൂപ്പിനും സർക്കാർ നിർദേശം നൽകി.
ഒന്നാംഘട്ടം 7700 കോടിയുടെ പിപിപി പദ്ധതിയായിരുന്നു. ഒന്നാംഘട്ടത്തിൽ ഒരുവർഷം 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി 10 മാസത്തിനുള്ളിൽ 525 കപ്പലുകളിൽനിന്നായി 11.5 ലക്ഷം കണ്ടെയ്‌നറുകൾ വിഴിഞ്ഞം തുറമുഖം കൈാര്യം ചെയ്തുകഴിഞ്ഞു. ട്രാൻസ്‌ഷിപ്‌മെൻ്റിലൂടെ മാത്രമാണ് ഈ നേട്ടം.
രണ്ടാംഘട്ടത്തിൽ പുലിമുട്ടിൻ്റെ നീളം നിലവിലെ മൂന്നിൽനിന്ന് നാല് കിലോമീറ്ററാക്കും. 800 മീറ്റർ നീളമുള്ള ബർത്തിൻ്റെ തുടർച്ചയായി 1200 മീറ്റർ ബർത്തും അധികമായി നിർമിക്കും. കടലിൽനിന്ന് 77.7 ഹെക്ടർ സ്ഥലം നികത്തി തുറമുഖത്തിൻ്റെ അനുബന്ധാവശ്യങ്ങൾക്ക് സജ്ജമാക്കും. പദ്ധതി പൂർത്തിയാകുമ്പോൾ വർഷം 40 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ തുറമുഖത്തിനാകും. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എംഎസ്‌സി ഐറിന ഉൾപ്പെടെ അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകളും ഇവിടെ എത്തി.
എക്സിം കാർഗോ(കയറ്റുമതിയും ഇറക്കുമതിയും) നവംബറിൽ ആരംഭിക്കാനാണ് തീരുമാനം. അടുത്ത ഘട്ടങ്ങൾ 2028-നുള്ളിൽ പൂർത്തിയാക്കി തുറമുഖത്തിന്റെ ശേഷി 40 ലക്ഷം കണ്ടെയ്‌നറുകളാക്കി മാറ്റാനും അദാനി ഗ്രൂപ്പ് തീരുമാനിച്ചു.
തുറമുഖവുമായി ബന്ധപ്പെട്ട് രണ്ടുവർഷത്തിനുള്ളിൽ നാലാമത്തെ ആഘോഷപൂർണമായ ചടങ്ങാണ് ഇതോടെ സർക്കാർ സംഘടിപ്പിക്കുന്നത്. 2023 ഒക്ടോബറിൽ ക്രെയിനുമായി എത്തിയ കപ്പലിനെ മുഖ്യമന്ത്രിയാണ് സ്വീകരിച്ചത്. 2024 ജൂലായിൽ ട്രയൽറൺ ഉദ്ഘാടനം നിർവഹിച്ചതും മുഖ്യമന്ത്രിയാണ്. കഴിഞ്ഞ മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group