
കല്പറ്റ: "ഇത്രയും ആളുകൾക്കൊപ്പം ഇങ്ങനൊരു യാത്ര ജീവിതത്തിലാദ്യമായാണ്. ഒരുപാട് സന്തോഷം..." -84 വയസ്സുണ്ടെങ്കിലും പാണക്കാടുനിന്നെത്തിയ എ.സി. തങ്കത്തിൻ്റെ വാക്കുകൾനിറയെ യാത്രയുടെ ആവേശമായിരുന്നു. "ഞാനിവിടെ മുൻപും വന്നിട്ടുണ്ട്. പക്ഷേ, നാട്ടുകാർക്കൊപ്പം വരുന്നതിൻ്റെ ഒരു സന്തോഷം വേറെയല്ലേ..." -യാത്രാവിശേഷം പങ്കുവെച്ച് കെ. സുമതിയും ഒപ്പംചേർന്നു. ബോട്ടുസവാരിയുൾപ്പെടെയുള്ള കാഴ്‌ചകൾ കണ്ടും കഥപറഞ്ഞും പൂക്കോട് തടാകത്തിനരികിലെ തണൽവഴികളിലൂടെ അവർ നടന്നുനീങ്ങി. വയനാടൻ വൈബറിയാൻ വയോജനങ്ങളെ ചേർത്തുപിടിച്ച് മലപ്പുറം നഗരസഭ നടത്തിയ ഉല്ലാസയാത്ര 'പ്രായം ഒന്നിനുമൊരു തടസ്സമല്ലെന്ന് തെളിയിച്ചു. സഫിയയും ആബിദയും ഫാത്തിമയും സുഹറാബിയുമെല്ലാം ബോട്ടുസവാരിയുടെ ത്രില്ലിലായിരുന്നു. "അടിപൊളിയായിരുന്നു. ഞങ്ങൾ ഇനിയും വരും...." -സഫിയയും ആബിദയും പറഞ്ഞു. മുഹമ്മദും മൂസയും ഒപ്പംവന്നവരെ ചേർത്തുനിർത്തി തടാകത്തിനരികിൽനിന്ന് സെൽഫിയെടുത്തു. പ്രായാധിക്യത്താൽ ചെറിയ ചെറിയ പ്രയാസങ്ങൾ നേരിടുന്നവർപോലും ഒത്തുചേരലിൽ അതൊക്കെ മറന്നു. ചുരം കയറിയുള്ള യാത്രയും പൂക്കോട് തടാകത്തിന്റെയും കാരാപ്പുഴ ഡാമിൻ്റെയും മനോഹാരിത ആസ്വദിച്ചും യാത്ര അവർ അവിസ്മരണീയമാക്കി. ചിലർ ഐസ്ക്രീം നുണഞ്ഞും ഉപ്പിലിട്ട വിഭവങ്ങൾ കഴിച്ചും പാർക്കിലുൾപ്പെടെ സമയം ചെലവഴിച്ചു.
"ജോലിയുടെ ഭാഗമായി ചെറുപ്രായത്തിൽ ഇന്ത്യയുടെ പലഭാഗത്തും യാത്രചെയ്തെങ്കിലും ഈയൊരു യാത്ര വേറെ വൈബായിരുന്നു..." -83 വയസ്സായെങ്കിലും കുഞ്ഞുമുഹമ്മദിൻ്റെ മനസ്സ് ഇപ്പോഴും ചെറുപ്പമാണ്. യാത്രയെക്കുറിച്ച് ചോദിച്ച മുംബൈക്കാരിയായ യുവതിക്ക് ഹിന്ദിയിൽത്തന്നെ കുഞ്ഞുമുഹമ്മദ് വിശദീകരിച്ചു നൽകി. യാത്രയെക്കുറിച്ച് ചോദിച്ചെത്തിയ ഉത്തരേന്ത്യൻ വിനോദസഞ്ചാരികളോടടക്കം വിശേഷങ്ങൾ പങ്കുവെച്ചായിരുന്നു മടക്കം
83 ടൂറിസ്റ്റു ബസുകളിലായി 3180 വയോജനങ്ങളാണ് ചൊവ്വാഴ്ച രാവിലെ വയനാട്ടിലെത്തിയത്. എല്ലാവരും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ. എല്ലാവരും ഒരുമിച്ചുചെന്നാലുള്ള പ്രയാസം ഒഴിവാക്കാനായി രാവിലെയും ഉച്ചയ്ക്കും രണ്ടു ബാച്ചുകളിലായാണ് പൂക്കോടും കാരാപ്പുഴയും സന്ദർശിച്ചത്.
പുലർച്ചെ 5.30-ന് കോട്ടക്കുന്നിൽനിന്നാണ് യാത്രതുടങ്ങിയത്. യാത്രയിൽ പങ്കെടുത്തില്ലെങ്കിലും 104 വയസ്സുകാരി ആലത്തൂർപടി സ്വദേശി അണ്ടിക്കാടൻ അലീമയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. വയനാട് മുട്ടിൽ എംആർ ഓഡിറ്റോറിയത്തിൽനിന്നായിരുന്നു ഉച്ചഭക്ഷണം. 40 ലക്ഷം രൂപയാണ് യാത്രയ്ക്കായി വകയിരുത്തിയത്. നഗരസഭാധ്യക്ഷൻ മുജീബ് കടേരിയും വാർഡംഗങ്ങളും കുടുംബശ്രീ ഐസിഡിഎസ് വൊളൻറിയർമാരും ഒപ്പമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group