
ചെങ്ങന്നൂർ: ചെങ്ങന്നൂർ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പ്രധാന വിതരണ പൈപ്പിടൽ പകുതി പൂർത്തിയായി. 162 കിലോമീറ്ററിൽ സ്ഥാപിക്കുന്ന പ്രധാന പൈപ്പ് ലൈനിന്റെറെ 97 കിലോമീറ്ററിൽ പൈപ്പിട്ടെന്ന് കിഫ്‌ബി അധികൃതർ പറഞ്ഞു. 500 എംഎമ്മിൻ്റെ പമ്പിങ്ങിനുള്ള ഡിഐ പൈപ്പും 400 എംഎമ്മിന്റെ ഗ്രാവിറ്റി ലൈനും 160 എംഎം പിവിസി വിതരണ പൈപ്പുമാണ് സ്ഥാപിച്ചു വരുന്നത്. ഇതോടൊപ്പം ഗാർഹിക കണക്‌ഷനുകൾ നൽകുന്നത് ഊർജിതമാക്കി. മുളക്കുഴ പഞ്ചായത്തിൽ 8,000 ഗാർഹിക കണക്‌ഷനുകളിൽ 1,900-ൽ അധികം കണക്‌ഷനുകൾ കൊടുത്തു. ഒന്നാം ഘട്ടത്തിൽ മുളക്കുഴ നികരുംപുറത്ത് 35 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നിർമാണം പൂർത്തിയാക്കിയിരുന്നു.
200 കോടി ചെലവ് പ്രതീക്ഷിക്കുന്ന കിഫ്‌ബി കുടിവെള്ള പദ്ധതിയിലൂടെ ഒരാൾക്ക് പ്രതിദിനം 100 ലിറ്റർ വെള്ളം കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ചെങ്ങന്നൂർ നഗരസഭ, മുളക്കുഴ, ആലാ, പുലിയൂർ, ബുധനൂർ, പാണ്ടനാട്, വെൺമണി, ചെറിയനാട് എന്നിവിടങ്ങളിലാണ് പൈപ്പിടുന്നതിന് അനുമതിയായത്. ഉന്നതതല ജലസംഭരണികൾ ചെങ്ങന്നൂർ മലയിൽ, പെണ്ണുക്കര, മുളക്കുഴ കളരിത്തറ, വെൺമണി പാറച്ചന്ത എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. ഇതിൽ മലയിലെ 15 ലക്ഷം ലിറ്ററിൻ്റെയും കളരിത്തറയിലെ 6.5 ലക്ഷം ലിറ്ററിന്റെയും സംഭരണികളുടെ നിർമാണം അവസാനഘട്ടത്തിലാണ്. പെണ്ണുക്കരയിലും നിർമാണം തുടങ്ങി. പുലിയൂർ, ബുധനൂർ പഞ്ചായത്തുകൾക്കുവേണ്ടിയുള്ള ജലസംഭരണിയുടെ നിർമാണത്തിന് ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ അധികനിരക്കാവശ്യപ്പെട്ട സാഹചര്യത്തിൽ തീരുമാനം സർക്കാരിനു വിട്ടിരിക്കുകയാണ്.
റോഡ് പുനർനിർമാണം വൈകുന്നു
പൈപ്പിടുന്നതിനായി പൊളിക്കുന്ന റോഡുകളുടെ പുനർനിർമാണം വൈകുന്നത് പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്. പൈപ്പിട്ട് മർദപരിശോധന നടത്തിയതിനുശേഷമാണ് പുനർനിർമാണം നടത്തി മടക്കി നൽകുന്നത്. റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ നഗരസഭയും കിഫ്ബി അധികൃതരും തമ്മിൽ തർക്കമായിരുന്നു. പുനർനിർമാണം വൈകുന്നതിനാൽ ചില റോഡുകളുടെ പുതുക്കിപ്പണിയും വൈകുന്നുണ്ട്. കൈപ്പാലക്കടവ്-കുറ്റിക്കാട്ടുപ്പടി റോഡ് ടെൻഡറായിട്ടും പണി തുടങ്ങിയിട്ടില്ല. ഇതിനു കാരണമായി മരാമത്ത് വിഭാഗം പറയുന്നത് റോഡ് മടക്കിക്കിട്ടാത്തതാണെന്നാണ്. അതേസമയം, പൈപ്പിട്ടു കഴിയുന്ന മുറയ്ക്ക് റോഡ് പുനർനിർമാണം നടത്തി മരാമത്ത് വിഭാഗത്തിനും അതത് തദ്ദേശ സ്ഥാപനങ്ങൾക്കും നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്നാണ് കിഫ്ബി അധികൃതർ പറയുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group