
ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്തെ മണൽനീക്കം പൂർണതോതിൽ പുനരാരംഭിച്ചു. കണ്ണൂർ അഴിക്കൽ തുറമുഖത്തുനിന്നും മാസങ്ങൾക്കു മുൻപെത്തിച്ച വലിയ ഡ്രൈജയറായ ചന്ദ്രഗിരി ഡ്രൈജജറിന്റെ കേടുപാടുകൾ തീർത്തതോടെയാണ് മണൽനീക്കം പുനരാരംഭിക്കാൻ കഴിഞ്ഞത്. മാരിടൈം ബോർഡിൻ്റേതാണ് ഡ്രജ്ഞർ. ഏറെ പ്രതിഷേധങ്ങൾക്കുശേഷം വലിയ ഡ്രെജ്ജർ മുതലപ്പൊഴിയിലെത്തിച്ചെങ്കിലും അടിക്കടിയുണ്ടായ കേടുപാടുകൾ നിമിത്തം ഡ്രജജിങ് വിചാരിച്ച രീതിയിൽ മുന്നോട്ടുപോയിരുന്നില്ല.
കാലവർഷത്തിനുമുന്നേ മണൽനീക്കി അഴിമുഖം അപകടരഹിതമാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നുള്ള പ്രതിഷേധങ്ങൾക്കൊടുവിലാണ് ഡ്രജ്ജർ മുതലപ്പൊഴിയിലെത്തിച്ചത്. അഞ്ചുമാസത്തോളം വൈകിയാണ് ഒടുവിൽ ഈ ഡ്രെജ്ജർ ഉപയോഗിച്ചുള്ള മണൽനീക്കത്തിന് സാധിച്ചത്.
മീൻപിടിത്ത വള്ളങ്ങൾക്ക് അപകടംകൂടാതെ അഴിമുഖം മുറിച്ചുകടക്കുന്നതിന് ആറ് മീറ്ററെങ്കിലും ആഴം ഉറപ്പാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഡ്രജ്ജറിനെ കടലിൽ ഉറപ്പിച്ചുനിർത്താൻ സഹായിക്കുന്ന സ്‌പഡ് പൈപ്പ് ഒരാഴ്ചമുൻപ് ചെന്നൈയിൽനിന്ന് എത്തിച്ചതോടെയാണ് ഡ്രജർ മണൽനീക്കത്തിന് പൂർണ സജ്ജമായത്. ഇവ ഉറപ്പിച്ച് പണി തുടങ്ങിയതോടെ മണൽനീക്കം പൂർണതോതിലായി, അഞ്ചുമീറ്റർ ആഴത്തിലാണ് മണൽ നീക്കംചെയ്യുന്നത്. ഡ്രെജ്ജർ ചെയ്തെടുക്കുന്ന മണൽ താഴമ്പള്ളിഭാഗത്ത് നിർമിച്ച ബണ്ടിനുള്ളിലാണ് നിക്ഷേപിക്കുന്നത്. ഹൈദരാബാദിൽ നിന്നെത്തിയ രണ്ട് സാങ്കേതിക വിദഗ്ദ്ധരുടെ നേത്യത്വത്തിലാണ് ഡ്രജിങ് പുരോഗമിക്കുന്നത്.
പെരുമാതുറ പാലത്തിനുസമീപം താഴമ്പള്ളി ഭാഗത്ത് പുലിമുട്ടിനോടുചേർന്ന് ഡ്രൈയറിനെ ഉറപ്പിച്ചുനിർത്തിയാണ് ഇപ്പോൾ മണ്ണ് നീക്കുന്നത്. ഘട്ടംഘട്ടമായി അഴിമുഖ മുനമ്പുവരെയുള്ള മണൽ നീക്കം ചെയ്യും. ഏപ്രിൽ മാസത്തിലാണ് ബ്രെജ്ജർ മുതലപ്പൊഴിയിലെത്തിച്ചത്.
ട്രയൽറൺ നടത്തി പലപ്രാവശ്യം മണ്ണ് നീക്കംചെയ്യാനാരംഭിച്ചെങ്കിലും തുടർച്ചയായി തകരാറിലാകുകയായിരുന്നു. വിദഗ്‌ധരുടെ സേവനം ലഭിക്കാത്തതും ആവശ്യമായ യന്ത്രഭാഗങ്ങളുടെ ദൗർലഭ്യവും ബ്രെറിന്റെ പ്രവർത്തനത്തെ ബാധിച്ചു. ഇതിനിടെ കാലാവസ്ഥ പ്രതികൂലമായതും പ്രവൃത്തികൾക്ക് തടസ്സമായി.
കാര്യമായ തടസ്സങ്ങൾ ബാധിക്കാതിരുന്നാൽ രണ്ടുമാസത്തിനകം ചാനലിലെ മണ്ണ് പൂർണമായും നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാർ സഹായത്തോടെ നടപ്പാക്കുന്ന 177 കോടി രൂപയുടെ മുതലപ്പൊഴി സമഗ്രവികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
പുലിമുട്ട് നിർമിക്കുന്നതിനായി എട്ടുമുതൽ പത്തുവരെ ടൺ ഭാരംവരുന്ന 400-ലധികം ടെട്രാപോഡുകൾ നിർമിച്ചുകഴിഞ്ഞു. എട്ട് ടണ്ണിൻ്റെ 3990 എണ്ണവും പത്ത് ടണ്ണിന്റെ 2205 ട്രെട്രാപോഡുകളുമാണ് വേണ്ടത്. കൂടാതെ പുലിമുട്ടുകളുടെ നിർമാണത്തിന് ആവശ്യമായി വരുന്ന പാറകളുടെ തൂക്കം നിർണയിക്കുന്നതിനുള്ള വേയ് ബ്രിഡ്‌ജ് നിർമാണവും അന്തിമഘട്ടത്തിലാണ്. കാലാവസ്ഥ അനുകൂലമായാലുടൻ പുലിമുട്ടിൻ്റെ നീളം കൂട്ടുന്ന പ്രവൃത്തികൾക്ക് തുടക്കംകുറിക്കുമെന്ന് ഹാർബർ എൻജിനിയറിങ് അധികൃതർ പറഞ്ഞു.
രണ്ടുമാസത്തിനകം പൂർത്തിയാക്കും
കാലാവസ്ഥ അനുകൂലമായി തുടരുകയാണെങ്കിൽ രണ്ടുമാസത്തിനകം ബ്രെജ്ജിങ് പൂർണമാകും. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വി.വിബിൻ(ഹാർബർ എക്‌സിക്യുട്ടീവ് എൻജിനിയർ)
പൂർണ തൃപ്തി
മുതലപ്പൊഴിയിൽ മണൽനീക്കം പുനരാരംഭിച്ചതിൽ പൂർണ തൃപ്ത്തി. രണ്ടുമാസംകൊണ്ട് മണൽ പൂർണമായും നീക്കാനാകുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ സന്തോഷം.
ബിനു പീറ്റർ,
ജനറൽ കൺവീനർ,
മുതലപ്പൊഴി സമരസമിതി
(കടപ്പാട്: മാതൃഭൂമി)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group