
പെരിന്തൽമണ്ണ മണ്ണാർമലയിലെ പുലിയെ മയക്കുവെടി വെച്ച് പിടികൂടാൻ നിർദേശംനൽകിയതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. മണ്ണാർമല മാട് ഭാഗത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറയിൽ രണ്ടു മാസത്തിനിടെ 13 തവണയാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് ഈ ക്യാമറക്കു സമീപം കൂടും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കെണിയിൽ അകപ്പെടാതെ പുലി കൂടിന് സമീപത്തുകൂടെ പലതവണ കടന്നുപോയി. പെരിന്തൽമണ്ണ മണ്ണാർമല റോഡിനോടു ചേർന്ന മാട് ഭാഗത്തെ ജനവാസമേഖലയാണിത്. ആളുകൾക്കു ഭീഷണിയായ പുലിയെ പിടികൂടാൻ തക്കതായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ വലിയ പ്രതിഷേധമാണ് നടത്തിവരുന്നത്.
ഇതിന്റെ തുടർച്ചയായി നിയമസഭയിൽ നജീബ് കാന്തപുരം എംഎൽഎ ഉന്നയിച്ച സബ്‌മിഷനിലാണ് മന്ത്രിയുടെ ഉത്തരവ്. പുലി തമ്പടിച്ചിരിക്കുന്ന മണ്ണാർമല ഭാഗത്തെ തോട്ടങ്ങളിലെ അടിക്കാട് വെട്ടാൻ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി മറുപടി നൽകി. പുലിയെ പിടിക്കാൻ രണ്ട് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കൂടുതൽ കൂടുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി സബ്‌മിഷന് മറുപടി നൽകി.
ദൗത്യസംഘം സ്ഥലത്തെത്തി
ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്‌ച പകൽ രണ്ടോടെ ഡോ. ശ്യാമിന്റെ നേതൃത്വത്തിൽ ദൗത്യസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്തദിവസം മുതൽ മയക്കുവെടി വെക്കാനുള്ള ദൗത്യം ആരംഭിക്കും. പുലിയെ പിടികൂടാൻ നേരത്തേ സ്ഥാപിച്ച കെണിക്കുപുറമേ വ്യാഴാഴ്‌ച ഉച്ചയോടെ മറ്റൊരു കെണി കൂടി റോഡിൻ്റെ മറുവശത്ത് സ്ഥാപിച്ചു.
നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. വ്യാഴാഴ്‌ച പുലർച്ചെ മണ്ണാർമല മരക്കാരംപാറയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group