
ന്യൂഡൽഹി: സെപ്റ്റംബർ 20-ന് പമ്പാതീരത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിനെതിരായ ഹർജികൾ തള്ളി സുപ്രീംകോടതി. ഒരു ദിവസത്തെ പരിപാടികൊണ്ട് എന്താണ് കുഴപ്പമെന്ന് ചോദിച്ച സുപ്രീംകോടതി, സംഗമത്തിന് അനുമതി നൽകിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി.
ഇതിനകം രാഷ്ട്രീയവിഷയമായി മാറിയ അയ്യപ്പസംഗമത്തിൽ സുപ്രീംകോടതി ഇടപെടാത്തത് സംസ്ഥാനസർക്കാരിന് ആശ്വാസമായി, അതേസമയം, ഇതിലെ നിയമപ്രശ്നങ്ങൾ ഹർജിക്കാർക്ക് ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. പശൂർകാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ശബരിമലയുടെ പരിശുദ്ധിയും പമ്പയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഉറപ്പാക്കി സംഗമം നടത്താമെന്നാണ് ഹൈക്കോടതി ബെഞ്ച് കഴിഞ്ഞ ആഴ്‌ച ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവിനെതിരേ വി.സി. അജികുമാർ, ഡോ. പി.എസ്. മഹേന്ദ്രകുമാർ, അഡ്വ. അജീഷ് കളത്തിൽ ഗോപി എന്നിവരുടെ ഹർജികളാണ് തള്ളിയത്. പമ്പാതീരത്ത് ഇത്തരം പരിപാടി നടത്തുമ്പോഴുള്ള പാരിസ്ഥിതികപ്രശ്നങ്ങൾ ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ, ഹൈക്കോടതി നിർദേശിച്ച ഉപാധികൾ പാലിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
പെരിയാർ കടുവസങ്കേതത്തിന് കീഴിൽ വരുന്ന പമ്പയിൽ ഇതുപോലൊരു പരിപാടി നടത്തുന്നത് നിയമലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു. 2022-ൽ ഇവിടെ 'രാമകഥ' എന്ന പരിപാടി നടത്തുന്നതിനെതിരേ ഹൈക്കോടതിയുടെ വിധിയുണ്ടായിരുന്നു. അന്ന് ഹൈക്കോടതിയിൽനിന്ന് വിധി സമ്പാദിച്ച സംസ്ഥാന സർക്കാരാണ് ഇപ്പോൾ അവിടെ സംഗമം നടത്താനൊരുങ്ങുന്നത്. ശബരിമല തീർഥാടകർക്ക് ടോയ്‌ലെറ്റ് ബ്ലോക്കിലേക്ക് പോകാൻ പമ്പയിലെ പരിപാടി തടസ്സമാകുമെന്നും ഹർജിക്കാർ വാദിച്ചു.
ഒരു ദിവസത്തെ പരിപാടികൊണ്ട് എന്താണ് കുഴപ്പമെന്ന് ജസ്റ്റിസ് നരസിംഹ ചോദിച്ചപ്പോൾ ഇത് സർക്കാരിൻ്റെ രാഷ്ട്രീയനീക്കമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. പരിപാടികൊണ്ട് കുഴപ്പമൊന്നുമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡും അറിയിച്ചതോടെ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് മാത്രമാണെന്നും ഹർജിക്കാർക്ക് നിയമപ്രശ്നങ്ങൾ അവിടെ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group