
കാളികാവ്: മലയോരമേഖലയിൽ ജനജീവിതം ദുഷ്കരമാക്കുന്ന വന്യജീവിശല്യത്തിന് തടയിടാൻ വന്യജീവി നിയമഭേദഗതി ബില്ലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയോരവാസികൾ. കൃഷി നശിപ്പിക്കുന്നതിനുപുറമെ കർഷകരുടെയും തൊഴിലാളികളുടെയും ജീവനുതന്നെ ഭീഷണിയാകുന്ന വന്യജീവികളെ തുരത്താൻ നിയമം തടസ്സമാണ്.
ദുരന്തങ്ങൾ സംഭവിക്കുമ്പോഴുണ്ടാകുന്ന താത്‌കാലിക കരുതൽ നടപടിയല്ലാതെ ഫലപ്രദമായ പദ്ധതികളൊന്നുമുണ്ടാകുന്നില്ല.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ആന, കടുവ, കാട്ടുപന്നി, കാട്ടുപോത്ത്, പാമ്പ് അടക്കമുള്ള ജീവികളുടെ ആക്രമണത്തിൽ 230 പേരാണ് മരിച്ചത്. സംസ്ഥാനത്ത് കാട്ടുപന്നിശല്യത്തിൻ്റെ രൂക്ഷത വ്യക്തമാക്കി തയ്യാറാക്കി ഹോട്ട്‌സ്പോട്ട് പട്ടികയിൽ 406 വില്ലേജുകളുണ്ട്. സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച പട്ടികയിൽ മലപ്പുറം ജില്ലയിലെ 13 വില്ലേജുകളാണുള്ളത്.
പന്നികളെ കൊല്ലുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും ഷൂട്ടർമാരുടെ അഭാവം ഉൾപ്പെടെയുള്ള പ്രശ്നംകൊണ്ട് പന്നിശല്യം പരിഹരിക്കാനായിട്ടില്ല. നിയമഭേദഗതി വന്നാൽ കർഷകർക്കുതന്നെ വന്യജീവികളെ വകവരുത്താനുള്ള നിയമപരിരക്ഷ ലഭിക്കും. കൊല്ലുന്ന പന്നികളുടെ മാംസം ഭക്ഷിക്കാമെന്നും ഭേദഗതി നിർദേശത്തിലുണ്ട്.
വന്യമൃഗങ്ങളുടെ ശല്യംമൂലം ഉപേക്ഷിച്ചിട്ട ആയിരക്കണക്കിനു ഹെക്‌ടർ ഫലഭൂയിഷ്ഠമായ ഭൂമിയിലെ കൃഷി വീരണ്ടെടുക്കാനും മനുഷ്യ-വന്യജീവി സംഘർഷം തടയാനും കഴിയുമെന്നാണ് കർഷകർ പറയുന്നത്.
2019-ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കേരളത്തിൽ 823 ചതുരശ്ര കിലോമീറ്റർ വനവിസ്‌തൃതി വർധിച്ചിട്ടുണ്ട്. വന്യജീവികളുടെ എണ്ണം നിർണയിക്കാൻ കൃത്യമായ ശാസ്ത്രീയപഠനം നടത്തിയിട്ടില്ല. ഭൂവിസ്തൃതിയുടെ 30 ശതമാനം വനമുള്ള സംസ്ഥാനത്ത് 273 പഞ്ചായത്തുകൾ വന്യമൃഗ ആക്രമണ ഭീതിയിലാണ്. 30 പഞ്ചായത്തുകൾ അതിതീവ്ര വന്യജീവി ആക്രമണ മേഖലയുമാണ്. വന്യജീവിശല്യം ആദിവാസികൾ, കർഷകത്തൊഴിലാളികൾ ചെറുകിട കർഷകർ, വ്യാപാരികൾ തുടങ്ങിയവരെയാണ് പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.
കടുവ, പുലി പോലെയുള്ള ജീവികൾ നാട്ടിലിറങ്ങി ആളുകളെ കൊന്നാൽപ്പോലും നടപടിക്കായി കാത്തിരിക്കണം. കെണിവെക്കാനുള്ള അനുമതി കിട്ടാൻപോലും പ്രയാസമാണ്. അനുമതിയായി വരുമ്പോഴേക്കും ജീവികൾ മറ്റു ഭാഗങ്ങളിലേക്കു നീങ്ങുന്ന സാഹചര്യമാണുള്ളത്.
മുത്തേടത്ത് വനജാഗ്രതാസമിതി യോഗം ചേർന്നു
മൂത്തേടം : മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണ തീവ്രയജ്ഞത്തിന്റെ ഭാഗമായി മൂത്തേടം പഞ്ചായത്തിൽ വനജാഗ്രതാസമിതി യോഗവും ഹെൽപ്പ് ഡെസ്ക‌് ഉദ്ഘാടനവും നടത്തി.
ഏറിവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘുകരികരിക്കുന്നതിനും പരിഹാരം കാണുന്നതിനും വനം വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ മേഖകളിലുള്ളവരെ പങ്കെടുപ്പിച്ചാണ് തീവ്രയജ്ഞം നടത്തുന്നത്. മൂന്നുഘട്ടങ്ങളിലായി 45 ദിവസം നീണ്ടുനിൽക്കുന്ന തീവ്രയജ്ഞത്തിൽ പൊതുജനങ്ങളുടെയടക്കം അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കും. ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും റെയ്ഞ്ച് ഓഫീസിലും സ്ഥാപിച്ചിട്ടുള്ള ബോക്സ്‌സിലോ ഹെൽപ്പ്ഡെസ്ക്കിലോ പരാതികളോ നിർദേശങ്ങളോ ബോധിപ്പിക്കാം. ഇവ ഏകോപിപ്പിക്കാനായി ഫെസിലിറ്റേറ്ററെയും നിയമിച്ചിട്ടുണ്ട്.
കർഷകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിലിറങ്ങുന്നതു തടയാനുള്ള നിർദേശങ്ങൾ സമർപ്പിക്കുകയുംചെയ്‌തു. കരുളായി വനം റെയ്‌ഞ്ച് ഓഫീസർ പി.കെ. മുജീബ് റഹ്മാനിൽനിന്ന് പെട്ടി ഏറ്റുവാങ്ങി ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി. ഉസ്‌മാൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. സഫിയ, സ്ഥിരംസമിതി അധ്യക്ഷരായ ജസ്‌മൽ പുതിയറ, വി.പി. സലീനാ റഷീദ്, പടുക്ക ഡെപ്യൂട്ടി റെയ്ഞ്ചർ അംജിത്ത്, പി. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group