
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ കോവളം-കാരോട് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡുപണി അവസാനഘട്ടത്തിൽ. കണ്ടെയ്‌നറുകൾ പ്രധാന പാതയിലേക്ക് എത്തിക്കാനുള്ള ഈ റോഡിന്റെ നിർമാണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. റോഡുപണി പൂർത്തിയായാൽ മാത്രമേ കണ്ടെയ്നറുകൾക്ക് തുറമുഖത്തുനിന്നു നേരിട്ട് ദേശീയപാതയിലേക്ക് എത്താനാകൂ. എന്നാൽ മാത്രമാണ് തുറമുഖത്തുനിന്നുള്ള ആഭ്യന്തര കയറ്റിറക്കുമതി (എക്‌സിം കാർഗോ) ആരംഭിക്കാനാവുകയുള്ളൂ.
കയറ്റിറക്കുമതിക്കുള്ള കസ്റ്റംസ് അനുമതി കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിലായി ആഭ്യന്തര കയറ്റിറക്കുമതിയുടെ ട്രയൽറൺ തുടങ്ങും. ഇക്കാലത്ത് മുല്ലൂർ റോഡ് വഴി രാത്രികാലത്ത് കണ്ടെയ്നർ നീക്കം സാധ്യമാകുമോയെന്നും പരിശോധിക്കും. ഡിസംബറോടെ മാത്രമേ ആഭ്യന്തര കയറ്റിറക്കുമതി ഔദ്യോഗികമായി ആരംഭിക്കുകയുള്ളൂവെന്നാണ് സൂചന.
തുറമുഖത്തുനിന്ന് 1.7 കിലോമീറ്ററാണ് ദേശീയപാതയിലേക്കുള്ള റോഡിന്റെ ദൂരം മുല്ലൂർ-പൂവാർ റോഡിൻ്റെ തുറമുഖഭാഗത്തുനിന്ന് രണ്ടു മേൽപ്പാലങ്ങളിലൂടെയാണ് റോഡ് ദേശീയപാതയിലേക്കു വന്നുചേരുന്നത്. ദേശീയപാതയിൽ ചേരുന്നയിടത്ത് സർവീസ് റോഡുകളോടു ചേർന്ന് പുതിയ പാതകളും നിർമിക്കും.
ഈ പാതകൾ വഴിയാണ് കണ്ടെയ്‌നറുകൾ ദേശീയപാതയിലേക്കു കയറുന്നതും ഇറങ്ങുന്നതും. റോഡ് നിർമാണത്തിനുള്ള സ്ഥലം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയാണ് (വിസിൽ) ഏറ്റെടുത്തു നൽകിയത്. അദാനി ഗ്രൂപ്പാണ് റോഡ് നിർമിക്കുന്നത്.
തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നയിടത്ത് ക്ലോവർ ലീഫ് ജങ്ഷനുകൾ നിർമിക്കാനാണ് തീരുമാനം. ഒരുഭാഗത്ത് കോവളം ബൈപ്പാസും മറുഭാഗത്ത് നിർദിഷ്‌ട ഔട്ടർ റിങ് റോഡും ചേരുന്ന ഇവിടെ ക്ലോവർ ലീഫ് ജങ്ഷനാണ് അനുയോജ്യമെന്ന് ദേശീയപാതാ അധികൃതരും സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, ഇതിനായി ഇരുവശത്തും വലിയതോതിൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഔട്ടർ റിങ് റോഡുപണി പൂർത്തിയാകുമ്പോൾ ക്ലോവർ ലീഫ് ജങ്ഷനും യാഥാർഥ്യമാകും.
കയറ്റിറക്കുമതി തുടങ്ങുന്ന സാഹചര്യത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഏജൻസികൾ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. വ്യവസായവകുപ്പും വിസിലും വിഴിഞ്ഞം തുറമുഖത്തോടു ചേർന്നുള്ള ഇടങ്ങളിൽ കണ്ടെയ്നർ യാർഡുകൾ ഉൾപ്പെടെ സജ്ജമാക്കാനാണ് ആദ്യഘട്ടത്തിൽ പരിശ്രമം.
കണ്ടെയ്നർ യാർഡുകളും വെയർഹൗസുകളും കണ്ടെയ്‌നർ റിപ്പയർ സ്റ്റേഷനുകളും തുടങ്ങേണ്ടതുണ്ട്. തമിഴ്‌നാട് സർക്കാരിൻറെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ പ്രമോഷൻ കോർപ്പറേഷൻ ഓഫ് തമിഴ്‌നാട് (സിപ്കോട്ട്) വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യതകൾ മനസ്സിലാക്കി കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ വ്യാവസായിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group