
കാട്ടാക്കട : മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനുള്ള സർക്കാരിന്റെ
തീവ്രയത്ന പരിപാടി തുടങ്ങി. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയോരമേഖല, ആദ്യഘട്ടം അവസാനിക്കുന്നത് 30-നാണ്. പ്രശ്‌ന ബാധിതമായ എല്ലാ പഞ്ചായത്തോഫിസുകളിലും, വനം ഓഫീസുകളിലും വനം വകുപ്പിന്റെ ഹെൽപ് ഡെസ്‌കുകൾ ചൊവ്വാഴ്‌ച പ്രവർത്തനം തുടങ്ങി.
കുറ്റിച്ചൽ പഞ്ചായത്തിൽ പ്രസിഡൻ്റ് ജി, മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വനം ഡെപ്യൂട്ടി വാർഡൻ അനീഷ് അധ്യക്ഷനായി. ഇവിടെ ലഭിക്കുന്ന പരാതികളിൽ വനം ഉദ്യോഗസ്ഥർ അടങ്ങുന്ന പഞ്ചായത്ത് സംഘം ത്രിതല ജനപ്രതിനിധികളുടെ സഹകരണത്തോടെ വിവര ശേഖരണം നടത്തും. പ്രാദേശികമായി പരിഹരിക്കാനാകുന്നവ നടപ്പാക്കും. ഇതിന് ശേഷം ഒക്ടോബർ ഒന്ന് മുതൽ 15 വരെ നടത്തുന്ന രണ്ടാം ഘട്ടത്തിൽ പ്രാദേശികമായി പരിഹരിക്കാനാവാത്ത ജില്ലാ തലത്തിൽ ചർച്ച നടത്തും. ഡിഎഫ്ഒയ്ക്കാണ് ചുമതല.
നെയ്യാർ - പേപ്പാറ വനാതിർത്തിയിലെ അമ്പൂരി വരെയുള്ള മലയോരപ്രദേശത്തെ കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് വന്യമൃഗശല്യം. മയിൽ മുതൽ ആനവരെ നാട്ടിലിറങ്ങി കൃഷിയിടങ്ങളിൽ ഉണ്ടാക്കുന്ന നാശം വിവരണാതീതമാണ്. മരച്ചീനി, വാഴ, പച്ചക്കറി കൃഷികളും റബ്ബർ, തെങ്ങുകൃഷി എല്ലാം കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നു. വീട്ടുവളപ്പിൽ പച്ചക്കറി പോലും നട്ടുവളർത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശത്തുകാർ പറയുന്നു. അഗസ്ത്യവന താഴ്വാരത്തെ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ, കടമാൻകുന്ന്, കളിയൽ, സ്വർണക്കോട്, മന്തിക്കളം, മുണ്ടൻചിറ, ശംഭുതാങ്ങി, വില്ലുചാരി, വ്ളാവെട്ടി, നെട്ടുകാൽത്തേരി തുടങ്ങി കള്ളിക്കാട്, അമ്പൂരി പഞ്ചായത്തുകളിലുൾപ്പെടുന്ന വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്.
കുരങ്ങിന്റെയും മാനിൻ്റെയും ശല്യംകാരണം കൃഷി ഉപേക്ഷിച്ചവർ ഏറെയുണ്ടിവിടെ കാടിറങ്ങി വെള്ളവും ആഹാരവും തേടുന്ന വന്യമൃഗങ്ങൾ കൗതുക കാഴ്‌ചയാണെങ്കിലും ഇവ ഉണ്ടാക്കുന്ന നാശം പ്രദേശത്തെ താമസക്കാർക്ക് ഉണ്ടാക്കുന്ന നഷ്‌ടം ഏറെയാണ്. പകൽ പുള്ളിമാൻ, കുരങ്ങു കൂട്ടമാണെങ്കിൽ രാത്രിയിൽ കാട്ടുപന്നിയാണ് പ്രശ്നക്കാരൻ, റബ്ബർ തോട്ടങ്ങളിൽ കടന്നുകയറുന്ന മാനുകളുടെ കൂട്ടം പുതുതായി നട്ട തൈകളുടെ പട്ടയും, പച്ചക്കറികൃഷിയും തിന്നു നശിപ്പിക്കുന്നു. കുരങ്ങൻമാരാകട്ടെ വീടുകളിൽ കടന്നുകയറി കൈയിൽ കിട്ടുന്നതെന്തും കൊണ്ടുപോവുകയും, തെങ്ങുകൃഷിക്ക് വ്യാപകമായി നാശം ഉണ്ടാക്കുകയും ചെയ്യുന്നു. തെങ്ങുകളിലെ വെള്ളയ്ക്ക് അടക്കം ഇവ നശിപ്പിക്കുന്നുണ്ട്. വന്യമൃഗങ്ങൾ കാരണം കർഷകർക്കുണ്ടാകുന്ന സാമ്പത്തികനഷ്‌ടം പരിഹരിക്കുന്നതിന് അടിയന്തര നടപടിയാണ് കർഷകരുടെ പ്രധാന ആവശ്യം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group