
കല്പറ്റ: സ്കൂളുകളിൽനിന്ന് പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ വിവിധ വകുപ്പുകൾ ചേർന്ന് കർമപദ്ധതിയൊരുക്കുന്നു. ജില്ലയിലെ ആകെ സ്കൂൾ വിദ്യാർഥികളിൽ 20 ശതമാനം പട്ടികവർഗ വിഭാഗത്തിൽനിന്നുള്ളവരാണ്. പഠനം പാതിവഴിയിൽ നിർത്തി കൊഴിഞ്ഞുപോകുന്നതിൽ നാലിൽ മൂന്നുപേരും പട്ടികവർഗക്കാരാണെന്ന കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടികവർഗ വിഭാഗത്തിന് പ്രഥമപരിഗണന നൽകി കർമപദ്ധതി തയ്യാറാക്കുന്നത്.
2025 അധ്യയനവർഷത്തിൽ ജൂലായിൽ 50 ശതമാനത്തിൽ താഴെ ദിവസങ്ങൾ സ്കൂളിലെത്തിയ കുട്ടികളുടെ എണ്ണം 618 ആയിരുന്നു. ഓഗസ്റ്റിലെ റിപ്പോർട്ട് പ്രകാരം 50 ശതമാനത്തിൽ താഴെ ഹാജരുള്ളവരുടെ എണ്ണം 434 ആയി കുറഞ്ഞെങ്കിലും കൊഴിഞ്ഞുപോക്ക് പൂർണമായും തടയുകയാണ് ലക്ഷ്യം. അതിനായി 'സ്കൂളിലെത്തണം എല്ലാവരും കൂടെയുണ്ട് നാടൊന്നാകെ' എന്ന സന്ദേശത്തോടെ ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസവകുപ്പ്, ജില്ലാപഞ്ചായത്ത് എന്നിവചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്.
പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്‌ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തി. വ്യക്തമായ കാരണമില്ലാതെ സ്‌കൂളിലെത്താത്ത വിദ്യാർഥികളുടെ കണക്കുകൾ സ്കൂളുകളിൽ രേഖപ്പെടുത്തി പ്രത്യേക ഡ്രോപ്പ് ഔട്ട് രജിസ്റ്റർ സൂക്ഷിക്കും. കർമപദ്ധതിയിലൂടെ വിവിധ വകുപ്പുകൾ ഡ്രോപ്പ് ഔട്ട് രജിസ്റ്റർ അവലോകനംചെയ്യും. വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കാൻ നോഡൽ അധ്യാപകരെ നിയമിക്കും. മൂന്നുദിവസത്തിൽ കൂടുതൽ സ്കൂളുകളിലെത്താത്തവരുടെ വീടുകളിൽ അധ്യാപകർ, പിടിഎ പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരുടെ സംയുക്ത സന്ദർശനവും പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഓരോ വിദ്യാലയത്തിനും ഒരു പ്രൊമോട്ടർക്ക് വ്യക്തിഗത ഏകോപനച്ചുമതലയും നൽകും.
പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കും
സ്കൂളിലെത്താത്ത ഓരോ കുട്ടിയുടെയും വിവരങ്ങൾ പട്ടികവർഗ വികസനവകുപ്പ് സമയബന്ധിതമായി പഠിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കും. കുടുംബങ്ങളിലെ വിവിധ ബുദ്ധിമുട്ടുകൾ കാരണം പഠനം തുടരാൻ പ്രയാസപ്പെടുന്ന കുട്ടികളെ പ്രീ-പോസ്റ്റ് എംആർഎസ് ഹോസ്റ്റലുകളിലേക്ക് മാറ്റാൻ നടപടിസ്വീകരിക്കും. സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉന്നതികൾ കേന്ദ്രീകരിച്ച് വീഡിയോപ്രചാരണം നടത്തും. പ്രത്യേക ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസവകുപ്പിനെയും പട്ടികവർഗ വികസനവകുപ്പിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കും.
സ്കൂൾ-തദ്ദേശസ്വയംഭരണ- താലൂക്ക്-ജില്ലാതലത്തിൽ അവലോകനസമിതികൾ പ്രവർത്തിക്കും. പത്താം ക്ലാസ് വിജയിച്ച് തുടർപഠനത്തിന് അപേക്ഷ നൽകാത്തവർ, ഹയർസെക്കൻഡറി പ്രവേശനം ലഭിച്ചിട്ടും പോകാത്ത വിദ്യാർഥികൾ എന്നിവരുടെ കാര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കും. സബ് കളക്ടർ അതുൽ സാഗർ, അസിസ്റ്റൻ്റ് കളക്‌ടർ പി.പി. അർച്ചന തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group