
ഇനി വേണ്ടത് വൈദ്യുതി ബോർഡിൻ്റെ അനുമതി
മൂലമറ്റം : ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായി അണക്കെട്ടുകളും പവർഹൗസും അടക്കമുള്ള ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ചെറുപതിപ്പ് മൂലമറ്റം ടൗണിൽ പുനരാവിഷ്‌കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി പദ്ധതിക്കാവശ്യമായ ഭൂമി ലഭ്യമാണോയെന്ന് അറിയുന്നതിന് സ്ഥല പരിശോധനയും ഉപഗ്രഹ സർവേയും നടത്തി.
പദ്ധതിയുടെ ആവശ്യത്തിന് ഭൂമിയുണ്ടെന്ന റിപ്പോർട്ടാണ് സർവേ നടത്തിയ ഹൈഡൽ പദ്ധതി വിഭാഗം നൽകിയിട്ടുള്ളത്. ഈ റിപ്പോർട്ട് അടുത്തദിവസം ചേരുന്ന ഹൈഡൽ ടൂറിസം ഗവേണിങ് ബോഡി പരിഗണിക്കും. തുടർന്ന് വൈദ്യുതി ബോർഡിൻ്റെ അനുമതിക്കായി കത്ത് നൽകും. ബോർഡ് ഭൂമി വിട്ടുകൊടുത്താൽ ഇടുക്കി പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളും വൈദ്യുതി നിലയവും സ്വിച്ച്യാർഡുമെല്ലാമടങ്ങിയ പദ്ധതിയുടെ കുഞ്ഞൻ മാതൃക പൊതുജനങ്ങൾക്ക് ലഭിക്കും.
സുരക്ഷാകാരണങ്ങളുടെ പേരിൽ മൂലമറ്റം വൈദ്യതിനിലയത്തിൻ്റെ വാതിൽ ജനത്തിന് മുന്നിൽ അടഞ്ഞിട്ട് പതിറ്റാണ്ടുകളായി. എന്നിരുന്നാലും വൈദ്യുതിനിലയം വിദ്യാർഥികൾക്ക് വേണ്ടിയെങ്കിലും തുറന്നുനൽകണമെന്ന ആവശ്യം തുടർച്ചയായി ബോർഡിന് മുന്നിൽ ഉന്നയിക്കപ്പെട്ടിരുന്നു. മുൻ ബോർഡ് ചെയർമാൻ ബിജു പ്രഭാകറാണ് മൂലമറ്റം ടൗണിൽ കാടുപിടിച്ച വൈദ്യുതി ബോർഡ് വക ഭൂമിയിൽ ഇത്തരമൊരു ഡെമോ അവതരിപ്പിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത്. ഇതേത്തുടർന്നാണ് ആവശ്യത്തിന് ഭൂമി ലഭ്യമാണോയെന്നറിയിക്കാൻ ജില്ലയിലെ ഹൈഡൽ ടൂറിസം വിഭാഗത്തിന് നിർദേശം ലഭിച്ചത്.
അതേസമയം, ഈ ഭൂമിയ്ക്ക് ഏതാണ്ട് എതിർഭാഗത്തായി രണ്ടാം പവർഹൗസ് നിർമാണവും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇനിയും അന്തിമതീരുമാനമായിട്ടില്ല. ഈ പദ്ധതിയെ ഒരുവിധത്തിലും ബാധിക്കാത്ത വിധത്തിൽ ഭൂമി ലഭ്യമായെങ്കിൽ മാത്രമേ ഈ ഹൈഡൽ പദ്ധതി യാഥാർഥ്യമാകൂ. രണ്ടാം പവർഹൗസിൻ്റെ കാര്യത്തിലെ അനിശ്ചിതത്വം പദ്ധതിയെ ബാധിക്കുമോയെന്ന ആശങ്ക ഹൈഡൽ ടൂറിസം വിഭാഗത്തിനുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group