
കോഴിക്കോട് : നഗരത്തിൻ്റെ കായികസ്വപ്‌നങ്ങൾക്ക് ചിറകുവിരിയിക്കാൻ പൊറ്റമ്മലിൽ കളിസ്ഥലമൊരുങ്ങുന്നു. വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോർപ്പറേഷൻ നേടിയെടുത്ത ഒരേക്കർ 34 സെന്റ് സ്ഥലത്ത് രണ്ടുതട്ടായി കളിസ്ഥലം യാഥാർഥ്യമാകുന്നത്. അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെ ഫണ്ടിൽനിന്ന് ഒരുകോടിരൂപയും കോർപ്പറേഷന്റെ 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമാണം.
ഒട്ടേറെ നിയമപ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കളിസ്ഥലമൊരുക്കുന്നത്. സ്ഥലമേറ്റെടുത്ത കോർപ്പറേഷൻ നടപടിക്കെതിരേ സ്വകാര്യവ്യക്തികൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഈ സ്ഥലം കളിസ്ഥലമായി വികസിപ്പിക്കാൻ സുപ്രീംകോടതി അനുമതിനൽകിയതോടെയാണ് നിർമാണപ്രവർത്തനങ്ങൾ വേഗത്തിലായത്.
ചതുപ്പുനിറഞ്ഞ പ്രദേശമായതിനാലും കളിക്കാൻ അനുയോജ്യമായ സ്ഥലമില്ലാത്തതിനാലും ഈ പ്രദേശത്തെ കായികപ്രേമികൾ ഏറെ ബുദ്ധിമുട്ടനുഭവിച്ചാണ് ഇവിടെ കളിച്ചിരുന്നത്. ഈ അവസ്ഥയ്ക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്.
ആദ്യഘട്ടത്തിൽ ചുറ്റുമതിൽ, ഗാലറി, ഗ്രീൻറും, ശൗചാലയം, പാർക്കിങ് സൗകര്യം, പരിസ്ഥിതിസൗഹൃദം നിലനിർത്താനുള്ള കുളം എന്നിവയും രണ്ടാംഘട്ടത്തിൽ ഓപ്പൺ എയർ സ്റ്റേജ്, ജോഗിങ് ട്രാക്ക്, ബാഡ്മിന്റൻ, വോളിബോൾ, ഫുട്‌ബോൾ കോർട്ടുകൾ എന്നിവയും നിർമിക്കും.
നഗരത്തിൽ കളിസ്ഥലങ്ങൾക്കുള്ള അപര്യാപ്‌തത പരിഹരിക്കാനുദ്ദേശിച്ചാണ് പൊറ്റമ്മലിൽ സ്ഥലം കണ്ടെത്തിയിരുന്നത്. എല്ലാവിധമത്സരങ്ങൾക്കും അനുയോജ്യമായരീതിയിൽ കളിസ്ഥലം വികസിപ്പിച്ചെടുക്കാനാണ് തീരുമാനമായിട്ടുള്ളതെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു. അന്നത്തെ എംഎൽഎയായിരുന്ന ചന്ദ്രശേഖരക്കുറുപ്പിന്റെ പേര് കളിസ്ഥലത്തിനുനൽകാനുള്ള ആഗ്രഹമുണ്ട്. കോട്ടുളിയിലും ഉമ്മളത്തൂരും കളിസ്ഥലംവാങ്ങുന്നതിന് പണം വകയിരുത്തിയിട്ടുണ്ടെന്നും പയ്യാനക്കൽ സ്കൂളിനുവേണ്ടി ഒരേക്കർ കളിസ്ഥലം ഒരുക്കുന്നുണ്ടെന്നും ബീനാ ഫിലിപ്പ് വ്യക്തമാക്കി.
കളിസ്ഥലത്തിന്റെ നിർമാണപ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ മുഖ്യാതിഥിയായി. അസിസ്റ്റൻ്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ അശ്വതി, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ക്ഷേമകാര്യസമിതി ചെയർമാൻ പി. ദിവാകരൻ, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ, കൗൺസിലർമാരായ എം.പി. സുരേഷ്, സുജാത കൂടത്തിങ്കൽ, എം.സി. അനിൽകുമാർ, കെ.പി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group