
തലശ്ശേരി: 'ജയിച്ചവർ മാറ്റവരെ കളിയാക്കരുത്,' മലയാളം പരീക്ഷയുടെ ഉത്തരക്കടലാസിൽ മൂന്നാം ക്ലാസുകാരൻ എഴുതിയ മികച്ച സന്ദേശം ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അത് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. ഇഷ്‌ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന്, തലശ്ശേരി ഒ. പന്തുമേനോൻ സ്‌മാരക വലിയമാടാവിൽ ഗവ. യുപി സ്കൂളിലെ അഹാൻ അനൂപ് എഴുതിയ ഉത്തരമാണ് വലിയ ചർച്ചയായത്.
പരീക്ഷയുടെ ഉത്തരക്കടലാസ് സാമൂഹികമാധ്യത്തിൽ പോസ്റ്റ് ചെയ്തതിനുശേഷം അഭിനന്ദനവുമായി മന്ത്രിയുടെ വിഡിയോ കോൾ അഹാനെ തേടിയെത്തി. തന്നെ മനസ്സിലായോ എന്ന മന്ത്രിയുടെ ചോദ്യത്തിന് മനസ്സിലായി എന്നായിരുന്നു അഹാൻ്റെ മറുപടി. മോൻ്റെ പേര് കേരളമാകെ ചർച്ച ചെയ്യുകയാണെന്ന് മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് ഇഷ്‌ടപ്പെട്ട കളിയുടെ ചോദ്യത്തിന്, നല്ല ഉത്തരമാണ് എഴുതിയിരിക്കുന്നതെന്നും അവസാനം എഴുതിയ ഉത്തരമാണ് എനിക്ക് ഇഷ്ടപ്പെട്ടതെന്നും അഹാനോട് അദ്ദേഹം പറഞ്ഞു.
എങ്ങനെ തോന്നി ഈ ഉത്തരം എഴുതാൻ എന്ന ചോദ്യത്തിന് ടിവിയിൽ ഒരു മത്സരത്തിൽ ജയിച്ച കുട്ടി തോറ്റ കുട്ടിയെ കളിയാക്കുന്നത് കണ്ടു. ആദ്യം ആ കുട്ടി കരഞ്ഞില്ല. പിന്നെയും കളിയാക്കിയപ്പോൾ ആ കുട്ടി കരഞ്ഞു. അത് കണ്ടപ്പോൾ എനിക്ക് സങ്കടമായി. അത് ഓർത്താണ് ഞാൻ പരീക്ഷയ്ക്ക് ഉത്തരം എഴുതിയത് എന്നായിരുന്നു മറുപടി.
ഞങ്ങൾക്ക് സ്കൂളിൽ കളിക്കാൻ കളിസ്ഥലം ഇല്ലെന്ന പരാതി അഹാൻ മന്ത്രിയോട് ഉന്നയിച്ചു. ഈവർഷം നടക്കില്ലെന്നും അടുത്തവർഷം നോക്കാമെന്നും അഹാന് ഉറപ്പ് നൽകിയാണ് മന്ത്രി വീഡിയോ കോൾ അവസാനിപ്പിച്ചത്.
'ബലൂൺ ചവിട്ടിപ്പൊട്ടിക്കൽ' മത്സരത്തിൻ്റെ നിയമാവലി നൽകിയശേഷം സമാനമായി വിദ്യാർഥികൾക്ക് ഇഷ്‌ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. 'സ്‌പൂണും നാരങ്ങയും' മത്സരത്തിന്റെ നിയമാവലിയാണ് അഹാൻ എഴുതിയത്. അതിൽ അഞ്ചാമത്തെ നിർദേശമാണ് വൈറലായത്.
അഹാന്റെ ഉത്തരക്കടലാസ് നോക്കിയപ്പോൾ അവനിൽ മാനുഷികമൂല്യങ്ങൾ ഉണ്ടെന്നത് ഏറെ സന്തോഷമുണ്ടാക്കിയെന്ന് അധ്യാപികയായ കെ. ബീന പറഞ്ഞു.
മാഹി പന്തക്കലിൽ മേഘമൽഹാറിൽ എൻ.വി. അനൂപ് കുമാറിന്റെയും നിമ്യ നാരായണന്റെയും മകനാണ് അഹാൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group