
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക സംഘനയുടെ സ്ഥാപകനുമായ ചാര്‍ളി കിര്‍ക്കിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ ദുരൂഹതയുണര്‍ത്തി ആമസോണില്‍ വില്‍പനയ്‌ക്കെത്തി ഒരു പുസ്തകം. അനസ്‌തേഷ്യ ജെ. കെയ്‌സി എന്ന വ്യക്തി എഴുതിയതായി കാണിക്കുന്ന 'ദി ഷൂട്ടിങ് ഓഫ് ചാർളി കിര്‍ക്ക്' എന്ന പുസ്തകമാണ് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ചാർളി കിർക്ക് വെടിയേറ്റ് മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ്പുസ്തകം വിൽപ്പനയ്ക്ക് എത്തിയതെന്നതാണ് ദുരൂഹത ഉണർത്തുന്നത്.
അമേരിക്കയിലെ യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായിരുന്നു ചാര്‍ളി കിര്‍ക്കിന് (31). ബുധനാഴ്ച യുഎസിലെ യൂട്ടായിലെ യൂട്ടാ വാലി സര്‍വകലാശാലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് വെടിയേറ്റത്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ട്രംപ് വെള്ളിയാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞു.
''ദി ഷൂട്ടിങ് ഓഫ് ചാർളി കിര്‍ക്ക്'; യൂട്ടാ വാലി സര്‍വകലാശാലയിലെ ആക്രമണം, അതിന്റെ അനന്തരഫലങ്ങള്‍, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം' എന്ന തലക്കെട്ടോടുകൂടിയാണ് പുസ്തകം ആമസോണില്‍ വില്‍പനയ്‌ക്കെത്തിയത്. പുസ്തകം പുറത്തിറങ്ങിയ തീയതിയുടെ സ്ഥാനത്ത് - സെപ്റ്റംബര്‍ ഒമ്പത്, 2025 എന്നാണ് നല്‍കിയിരിക്കുന്നത്.
വൈകാതെ ജനങ്ങള്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് തുടങ്ങി. അതോടെ, ഈ പുസ്തകത്തിന്റെ ലിസ്റ്റിങ് ആമസോണ്‍ സൈറ്റില്‍നിന്ന് നീക്കം ചെയ്തു. പക്ഷേ പുസ്തകത്തിന്റെ പുറംചട്ട, തലക്കെട്ട്, തീയതി, പുസ്തകത്തിന് ആമസോണില്‍ നല്‍കിയിരുന്ന സംഗ്രഹം എന്നിവ കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സ് പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇപ്പോഴും ഉപയോക്താക്കള്‍ അതിന്റെ സമയത്തെയും രചയിതാവിനെയും കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു.
'ആര്‍ക്കെങ്കിലും ഇത് അന്വേഷിക്കാന്‍ കഴിയുമോ? ഇത് ഇപ്പോള്‍ ആമസോണിന്റെ ഓണ്‍ലൈന്‍ ലിസ്റ്റിങ്ങിൽനിന്ന് പിന്‍വലിച്ചിരിക്കുന്നു. ആരാണ് അനസ്‌തേഷ്യ കെയ്‌സി? സെപ്റ്റംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ചു എന്നതിന്റെ വിശ്വാസ്യത എന്തുതന്നെയായാലും, എങ്ങനെയാണ് ഈ പുസ്തകം ഇത്ര പെട്ടെന്ന് പുറത്തിറങ്ങിയത്?' ഒരാള്‍ എക്‌സില്‍ കുറിച്ചു.
'ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും? അനസ്‌തേഷ്യ കെയ്‌സി എന്ന ആമസോണ്‍ എഴുത്തുകാരി ചാർളി കിര്‍ക്കിന്റെ മരണത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും അദ്ദേഹത്തിന്റെ അകാലമരണത്തിന് ഒരു ദിവസം മുന്‍പ് അത് ആമസോണില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നോ? അവര്‍ ഒരു എഐ കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്നതാണ് ഇതിലെ വിചിത്രമായ കാര്യം.' മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.
'അനസ്‌തേഷ്യ ജെ. കെയ്‌സി എഴുതിയ 'ദി ഷൂട്ടിങ് ഓഫ് ചാർളി കിര്‍ക്ക്' എന്ന പുസ്തകം ചാര്‍ളിക്ക് വെടിയേല്‍ക്കുന്നതിന് ഒരു ദിവസം മുന്‍പ്, 2025 സെപ്റ്റംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ചു. അപ്പോള്‍ ഇതെല്ലാം ആസൂത്രിതമായിരുന്നു എന്നാണോ നമ്മള്‍ മനസിലാക്കേണ്ടത്? ആരാണ് ഈ അനസ്‌തേഷ്യ എന്നത് പോലീസ് അന്വേഷിച്ചേ മതിയാവൂ.' മറ്റൊരാള്‍ ആവശ്യപ്പെട്ടു.
'ഇത് ചാർളി കിര്‍ക്കിന്റെ കൊലപാതകത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എങ്ങനെയാണ് അനസ്‌തേഷ്യ ജെ. കെയ്‌സിയുടെ 'ദി ഷൂട്ടിംഗ് ഓഫ് ചാർളി കിര്‍ക്ക്' എന്ന പുസ്തകത്തിന് 2025 സെപ്റ്റംബര്‍ ഒമ്പത് എന്ന പ്രസിദ്ധീകരണ തീയതി ഉണ്ടാകുന്നത്? അദ്ദേഹം വെടിയേറ്റ് മരിച്ചത് സെപ്റ്റംബര്‍ 10-നാണ്. ഇത് അവിശ്വസനീയമാണ്.' മറ്റൊരാള്‍ എക്‌സില്‍ കുറിച്ചു.
അതേസമയം, പ്രസ്തുത പുസ്തകത്തെക്കുറിച്ച് അന്വേഷണം നടത്തിയതായി ആമസോണ്‍ വക്താവ് സ്ഥിരീകരിച്ചു.
'ഏതൊക്കെ പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കാം എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്, ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പുസ്തകങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്യാറുണ്ട്. ചോദ്യം ചെയ്യപ്പെട്ട പുസ്തകം ഇപ്പോള്‍ വില്‍പ്പനയ്ക്ക് ലഭ്യമല്ല. ഒരു സാങ്കേതിക തകരാര്‍ കാരണം, ഈ പുസ്തകം കുറച്ചുകാലം ലിസ്റ്റ് ചെയ്തിരുന്നപ്പോള്‍ പ്രദര്‍ശിപ്പിച്ചിരുന്ന പ്രസിദ്ധീകരണ തീയതി തെറ്റായിരുന്നു, ഇതുമൂലമുണ്ടായ ആശയക്കുഴപ്പത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. സെപ്റ്റംബര്‍ 10-ന് ഉച്ചകഴിഞ്ഞാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.' ആമസോണ്‍ വക്താവിനെ ഉദ്ധരിച്ച് hindustantimes.com റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group