
കണ്ണൂർ : കണ്ണൂർ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു.
മലയോരമേഖലയിൽ രോഗവ്യാപനം പൊതുവേ കുറഞ്ഞെന്ന ആശ്വാസത്തിനിടെ തളിപ്പറമ്പിൽ രോഗം വ്യാപിച്ചിരുന്നു. പിറകെയാണ് കണ്ണൂർ നഗരം ഹോട്ട് സ്പോട്ടായത്. കെ.എസ്ഇബി, കെഎസ്ആർടിസി, താലൂക്ക് ഓഫീസ്, കെടിഡിസി എന്നിവിടങ്ങളിലെല്ലാം കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യവിഭാഗം രോഗനിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഈഡിസ് കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നതിനാൽ കടകൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നൊക്കെ അകത്ത് വളർത്തുന്ന മാറ്റാൻ നിർദേശിക്കുകയാണിപ്പോൾ. ചെടി വളർത്തുന്ന ചട്ടികളും അടിയിലെ ട്രേകളുമൊക്കെ കൊതുക് വളരാൻ പ്രധാന കാരണമാകുന്നതിനാലാണിത്.
ജില്ലയിൽ ഏറ്റവുമധികം ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഈ വർഷമാണ്. 4,200 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചു. നാല് മരണങ്ങളും ഉണ്ടായി.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് പകലാണ് കടിക്കുക. ഈ കൊതുകുകൾ നഗരത്തിന്റെ പല ഭാഗങ്ങളിലും വൻതോതിൽ കൂടിയതിനാൽ നശീകരണത്തിനായി ഫോഗിങ് നടത്തുന്നുണ്ട്. ഒപ്പം ഉറവിട നശീകരണവുമുണ്ട്. ആരോഗ്യവിഭാഗം നഗരത്തിൽ പരിശോധനകൾ നടത്തുകയാണ്. എസിയിലെ വെള്ളം വീഴുന്ന സൺഷേഡ് ഉൾപ്പെടെയുള്ളവയും നഗരപ്രദേശത്ത് ഭീഷണിയാണ്. വലിച്ചെറിയുന്ന കപ്പുകൾ, പ്ലാസ്റ്റിക് കൺടെയ്നറുകൾ എന്നിവയും കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നു. കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തിവരികയാണെങ്കിലും പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ ഇക്കാര്യത്തിൽ വിജയം കൈവരിക്കാനാകൂ കീഴ്പ്പള്ളി, കേളകം, അയ്യൻകുന്ന്, കുന്നോത്തുപറമ്പ്, പെരുവ, ചിറ്റാരിപ്പറമ്പ്, പുളിങ്ങോം, നടുവിൽ തുടങ്ങിയ മേഖലകളിലാണ് നേരത്തേ ഡെങ്കി കൂടുതൽ കണ്ടിരുന്ന ഹോട്ട്സ്പോട്ടുകൾ.
കൊതുകിനെ നിയന്ത്രിക്കാൻകൊതുവിൻ്റെ ഉറവിടനശീകരണത്തിന് പ്രാധാന്യം നല്കണം. വീടിൻ്റെ അകത്തോ പുറത്തോ വെള്ളം കെട്ടിനില്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികൾ വെക്കുന്ന ചട്ടികൾ ട്രേ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനില്ക്കാം. അതിനാൽ വെള്ളം ആഴ്‌ചയിൽ ഒരിക്കലെങ്കിലും മാറ്റണം. ഇതിൽ വീഴ്‌ചവരുന്നത് കൊതുക് വളരാൻ ഇടയാക്കും.
എസിയിൽനിന്നുള്ള വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം. വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ടെറസിലും സൺഷേഡിലും വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുക.
ചിരട്ടകൾ, തൊണ്ടുകൾ, കപ്പുകൾ തുടങ്ങിയവ വലിച്ചെറിയരുത്. ഉപയോഗശൂന്യമായ ടയറുകൾ, വെള്ളത്തിൻ്റെ ടാങ്കുകൾ എന്നിവയും ശ്രദ്ധിക്കണം. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൊതുക് മുട്ടയിട്ട് പെരുകുന്നുണ്ടോയെന്നും പ്രത്യേകം ശ്രദ്ധിക്കണം.
ലക്ഷണങ്ങൾ ശക്തമായ പനി, തലവേദന, കണ്ണിനുപിറകിൽ വേദന, പേശിവേദന, ചർമത്തിൽ പാടുകൾ എന്നിവയാണ് ഡെങ്കിപ്പനി വന്നവരിൽ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ.
നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു സീറോടൈപ്പിൽപ്പെട്ട ഡെങ്കി വൈറസ് ബാധിച്ചാൽ തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാകുന്നുണ്ട്. ആന്തരിക രക്തസ്രാവമുണ്ടായി ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കിപ്പോക്ക് സിൻഡ്രോം എന്നീ അവസ്ഥകൾ വരാം, അത് മരണകാരണവുമാകാം,
സ്വയംചികിത്സ പാടില്ല
ഡെങ്കിപ്പനിക്കുപുറമെ സാധാരണ വൈറൽ പനി, എച്ച്1എൻ1, എച്ച്3.എൻ.2, എലിപ്പനി തുടങ്ങി പലവിധ അസുഖങ്ങൾ നിലവിലുണ്ട്. അതിനാൽ പനി വന്നാൽ സ്വയം ചികിത്സിക്കരുത്.
ഡോക്ടറെക്കണ്ട് പരിശോധനകളിലൂടെ കൃത്യമായ രോഗനിർണയം നടത്തിവേണം ചികിത്സിക്കാൻ ശരീരവേദനയുള്ളവർ വേദനസംഹാരികൾ കഴിക്കരുത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group