
പള്ളുരുത്തി: ആർദ്രകേരളം പുരസ്‌കാരംനേടി പളമുരുത്തി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ആരോഗ്യമേഖലിൽ ഒന്നാമതെത്തുമ്പോൾ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ച കൂട്ടായ്‌മയുടെ വിജയമാണതെന്ന് പറയാം. പരിമിതികളുടെയും പരാതികളുടെയും ഇടയിൽപ്പെട്ട് നിന്നിരുന്ന കുമ്പളങ്ങിയിലെ സാമൂഹികാരോഗ്യകേന്ദ്രം ഇപ്പോൾ സംസ്ഥാനത്തെതന്നെ മികച്ച ആതുരകേന്ദ്രമായി അംഗീകരിക്കപ്പെടുകയുമാണ്. സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്കാരം പള്ളുരുത്തി ബ്ലോക്കിന് നേടിക്കൊടുത്തത് ഈ സാമൂഹികകേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങളാണ്.
അഞ്ചുവർഷങ്ങളിലായി ബജറ്റിൽ ഒരു കോടിയോളം തുക ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിനായി നീക്കിവെയ്ക്കുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി പനയ്ക്കൽ പറഞ്ഞു.
ദൈനംദിന സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനു പുറമേ കേന്ദ്രത്തിൽ ഫിസിയോ തെറപ്പി സെൻ്റർ, അത്യാധുനിക ലബോറട്ടറി, എക്സ‌്റേ സംവിധാനം, 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം, കിടത്തിച്ചികിത്സ, സൗജന്യ മരുന്നുവിതരണം, സെക്കൻഡറി പാലിയേറ്റീവ് പരിചരണം, ശുചിത്വം തുടങ്ങിയ പുതിയ പദ്ധതികൾ ആവിഷ്കരിച്ചുനടപ്പിലാക്കി. സാധാരണക്കാർക്ക് നല്ല ചികിത്സ ലഭിക്കുന്നതിന് മുഖ്യ പരിഗണനയാണ് ബ്ലോക്ക് പഞ്ചായത്ത് നൽകുന്നതെന്നും ജോബി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പിയുടെ നേതൃത്വത്തിലുള്ള ടീമാണ് ഇതിനായി പ്രവർത്തിച്ചത്. ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ് സ്കോർ, ഹെൽത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ പുരസ്‌കാരം നൽകുന്നത്. ഇക്കാര്യങ്ങളിലെല്ലാം മുന്നിലെത്താൻ കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിന് കഴിഞ്ഞു.
ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രാദേശികാരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായ നൂതന ഇടപെടലുകൾ, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യപരിപാലനം, പ്രാണിനിയന്ത്രണം, ജീവിതശൈലി (ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ എന്നിവയിലും പള്ളുരുത്തി ബ്ലോക്ക് മുന്നിലെത്തി. ചെല്ലാനം, കുമ്പളം എന്നീ പഞ്ചായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങളിലും ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പദ്ധതികൾ നടപ്പാക്കിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group