മാഹിക്കും വടകരയ്‌ക്കുമിടയിൽ തീപ്പെട്ടിക്കൂടുപോലെ ഒരു ചെറിയ തീവണ്ടി ആപ്പീസ് .
മുക്കാളി റയിൽവേ സ്റ്റേഷൻ .
ചോമ്പാലയിലേയും പരിസരപ്രദേശങ്ങളിലെയും ആളുകൾ തീവണ്ടിയാത്രക്കായി ആശ്രയിക്കുന്നതും ഇവിടെത്തന്നെ .
ഏകദേശം എഴുപതിലേറെ വർഷങ്ങൾക്ക് മുൻപുള്ളതും പിൽക്കാലങ്ങളിലുള്ളതുമായ മുക്കാളി റയിൽവേ സ്റ്റേഷനെ ചുറ്റിപ്പയറ്റിയുള്ള ചിലനാട്ടു വിശേഷങ്ങൾ എന്റെ അറിവിൻറെ ,ഓർമ്മയുടെ പിൻബലത്തിൽ സത്യസന്ധമായി പുതിയ തലമുറക്കാർക്കായി കൈമാറുന്നു .
ഇന്നത്തെ സാമാന്യം ഭേധപ്പെട്ട ഒരു വീട്ടിലെ ടോയിലെറ്റിൻറെ അത്രയും വലുപ്പവും വിസ്‌തൃതിയിലുമുള്ളതായിരുന്നു പഴയകാലങ്ങളിലെ മുക്കാളി ഈ റെയിവേസ്റ്റേഷൻ കെട്ടിടം .
ടിക്കറ്റുകൾ അടുക്കി നിരത്തി പലകള്ളികളായി സൂക്ഷിക്കുവാനുള്ള ഒരു മരപ്പെട്ടി മേശയോട് ചേർന്ന് കാണാം .
ടിക്കറ്റിൽ തീയതി പഞ്ച് ചെയ്യാൻ ഇരുമ്പ്കൊണ്ടുണ്ടാക്കിയ ഒരുപകരണം .
മാഹി റയിൽവേ സ്റ്റേഷനിലേയ്ക്ക് വിളിക്കാൻ കൈകൊണ്ട് ഹാൻഡിൽ തിരിച്ചുകൊണ്ട് സംസാരിക്കാൻ പാകത്തിലുള്ള ഒരു ടെലിഫോൺ .
തീവണ്ടി വരുന്നുണ്ടോ ,താമസിച്ചാണോ വരുന്നത് തുടങ്ങിയ കാര്യങ്ങൾക്കുള്ള ആശയവിനിമയം ഈ ടെലി ഫോണിലൂടെ.റെയിൽവേയുടെ ആവശ്യത്തിനു മാത്രം.
ടിക്കറ്റ് വാങ്ങാൻ ചുമരിൽ കൈപ്പത്തികടക്കാൻ പാകത്തിലുള്ള ഒരു ചെറിയ കിളിവാതിൽ .
മുക്കാളിയിൽ നിന്നും വടകരയിലേക്ക് തീവണ്ടിയിൽയാത്ര ചെയ്യാൻ അക്കാലങ്ങളിൽ ഒരണകൊടുത്താൽ മതിയാകുമായിരുന്നു .
തടിച്ച ബ്രൗൺ നിറത്തിലുള്ള കാർഡ്ബോഡിൽ നിർമ്മിച്ച ട്രെയിൻ ടിക്കറ്റ് കയ്യിൽ കിട്ടും.
രാവിലെ തെക്കോട്ടും വടക്കോട്ടും രണ്ടു വണ്ടികൾ .
ഉച്ചയ്ക്ക് പതിനൊന്നരയ്ക്കും പിന്നെ സന്ധ്യക്കും വീണ്ടും ലോക്കൽ ട്രെയിനുകൾ .
മദ്രാസ് മെയിൽ ഇവിടെ നിർത്താറുമില്ല അന്ന് ഇന്നും .
ഒന്നുകിൽ മാഹി അല്ലെങ്കിൽ വടകര പോകേണ്ടിവരും .സീസൺ ടിക്കറ്റെടുത്ത സ്ഥിരംയാത്രക്കാർക്കൊപ്പം ധാരാളം തീവണ്ടി യാത്രക്കാർ കാണും .
എന്റെ അച്ഛന്റെ അനുജനായ മീത്തലെ ഒളവിൽ അനന്തൻ ,ഇറുമ്പിലാട്ട് ഭാസ്‌ക്കരക്കുറുപ്പ് ,കല്ലുവളപ്പിൽ കെ.വി.ബാലൻ ,ചെറിയത്ത് ശാരദ തുടങ്ങിയ ചിലർ അക്കാലത്തെ ഇവിടുത്തെ സീസൺ ടിക്കറ്റ് യാത്രക്കാർ .
സമീപസ്ഥലങ്ങളിലൊന്നും കോളേജില്ലാത്ത പഴയ കാലങ്ങളിൽ ഈ പ്രദേശത്തു നിന്നും തലശ്ശേരി ബ്രണ്ണൻ കോളേജിൽ പോയി പഠിച്ചിരുന്നവരും ഇവരൊക്കെത്തന്നെ,
ചില ദിവസങ്ങളിൽ യാത്രക്കാരായി നൂറിലേറെപ്പേർ കാണും ഈ സ്റ്റേഷനിൽ .
ബസ്സുകൾ നന്നേ കുറഞ്ഞകാലം .വടകര തലശ്ശേരി റൂട്ടിൽ വിരലിലെണ്ണാവുന്ന എണ്ണത്തിൽ മാത്രം ബസ്സുകൾ .പുഞ്ചിരി മോട്ടോർസ് എന്നപേരിൽ PMS , MRS ,MPC തുടങ്ങിയ ചിലപേരുകളിൽ ഏതാനും ബസ്സുകൾ മാത്രം.
കോഴിക്കോട് ഭാഗങ്ങളിലേയ്ക്ക് രണ്ടോ മൂന്നോ സർവ്വീസുകൾ ,C C & K P ,CWMS, NKBT തുടങ്ങിയ രണ്ടുമൂന്ന് ബസ്സുകൾ .
കോഴിക്കോട്ടേയ്ക്ക് ഒരു ബസ്സുപോയാൽ ഒരുമണിക്കൂറും ചിലപ്പോൾ രണ്ടുമണിക്കൂറിലേറെ കഴിഞ്ഞാലാവും അടുത്ത ബസ്സു വരിക .
രാത്രിയായാൽ ബസ്സുകൾ ഓട്ടം നിർത്തും ,തലശ്ശേരിയിൽ നിന്നും രാത്രി എട്ടേ മുപ്പതിന് PMS ലാസ്റ്റ് ബസ്സ് . പിന്നെ വരേണ്ടവർ നടന്നു വരേണ്ടിവരും .
കണ്ണൂരിലേക്കുള്ള രാവിലത്തെ തീവണ്ടി മുക്കാളി സ്റേഷനിലെത്തിയാൽ പലപ്പോഴും കൂടുതൽ സമയം നിർത്തിയിടുമായിരുന്നു .
കൊളരാട് തെരുവിലെയും പരിസരപ്രദേശങ്ങളിലെയും നെയ്ത്തു ശാലകൾക്കൊപ്പം അനങ്ങാറത്ത് രാഘൻ കരോക്കി കടുങ്ങോൻ മാസ്റ്റർ , കാരായി നാണു തുടങ്ങിയ എത്രയോപേരുടെ നെയ്ത്തുശാലകൾ നാട്ടിലുടനീളം അക്കാലത്തുണ്ടായിരുന്നു .
പാതിരിക്കുന്നിൽ കോട്ടായി കണ്ണൻ ,പുതിയപുരയിൽ കുമാരൻ ,ചെറുവത്ത് ചോയി തുടങ്ങിയ എത്രയോ നെയ്ത്ത് ശാലകളുള്ളവർ .
ഇവരിൽ ചിലരിൽ നിന്നൊക്കെ അത്യാവശ്യം ഷർട്ടിനും മറ്റും ചില്ലറത്തുണികൾ ചില്ലറ പൈസയ്ക്ക് വാങ്ങിയതായ ഓർമ്മകൾ ചോമ്പാൽ ശ്രീനാരായണ മഠത്തിലെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ പങ്കുവെയ്ക്കുന്നു .
ഇക്കൂട്ടർ നെയ്തുണ്ടാക്കുന്ന കൈത്തറിത്തുണികളുടെ മുഖ്യമായ വിപണനകേന്ദ്രം കണ്ണൂർ ടൗണിലെ ധനലക്ഷമി .എൻ .എസ് ഭരതൻ തുടങ്ങിയസ്ഥാപനങ്ങളിൽ .
കണ്ണൂരിലേക്കുള്ള കൂറ്റൻ തുണിക്കെട്ടുകളുമായാണ് വടക്കോട്ടുള്ള വണ്ടിക്ക് കണ്ണൂരിൽ പോകാൻ ആളുകൾ എത്തുക .
യാത്രക്കാരുടെ ഇറങ്ങലും കയറലും തുണിക്കെട്ടുകൾ കയറ്റലും എല്ലാംകൂടി നല്ലൊരു സമയം പോകും .കണ്ണൂരിൽ തുണി വിൽക്കാൻ പോയവർ സന്ധ്യക്കുള്ള വണ്ടിക്കായിരിക്കും തിരിച്ചുവരിക.
അടുത്ത നെയ്ത്തിനായുള്ള നൂലിന്റെ കെട്ടുകൾ അനുബന്ധസൗകര്യങ്ങൾ എല്ലാം തീവണ്ടിയിൽത്തന്നെ കൊണ്ടുവരും .
വടകര മുറുക്ക് ,അരിച്ചക്കര .ഇത് രണ്ടും അക്കാലങ്ങളിൽ ഏറെ വിശേഷപ്പെട്ടതും രുചികരവും അതിലേറെ ജനപ്രീതി നേടിയതുമായിരുന്നു .
പഴയ കാലങ്ങളിൽ തീവണ്ടി യാത്രക്കാരുടെ യാത്രാവേളകളിൽ ആസ്വാദ്യകരമായ അനുഭവമാണ് വടകര മുറുക്കും അരിച്ചക്കരയുമെന്നു പറഞ്ഞാൽ തെറ്റാവില്ല.
കൃത്യവും സൂക്ഷ്‌മവുമായ നിർമ്മാണത്തിലൂടെ ജനപ്രീതിനേടിയ വടകര മുറുക്കെന്ന പേരിൽ ഇന്നും തീവണ്ടികളിൽ ''മുറുക്ക് മുറുക്ക് വടകര മുറുക്ക് ''-എന്നപേരിൽ മുറുക്ക് വിൽക്കുന്നവർ ഇല്ലാതെയുമല്ല .
മറ്റൊരുകൂട്ടർ തീവണ്ടിയിൽ ഓറഞ്ച് വിൽക്കുന്നവർ.
ഒരു കമ്പാർട്ട്മെന്റിൽ നിന്ന് തൊട്ടടുത്തതിലേയ്ക്കും അതിനപ്പുറത്തേയ്ക്കും അങ്ങിനെ അവസാനത്തെ കമ്പാർട്ട്മെന്റിൽ വരെ കൂടുവിട്ട് കൂട് മാറുന്നവർ കാണിക്കുന്ന സാഹസിക വിദ്യ ഞെട്ടിക്കുന്നത് .
ഓടുന്ന തീവണ്ടിയിൽ നിന്നും തോളിൽ നാരങ്ങ സഞ്ചിയുമായി കുരങ്ങ് മരം മാറിക്കയറുന്ന കൈവേഗതയോടെയായിരിക്കും ഇക്കൂട്ടർ കമ്പാർട്ട്മെണ്ടുകൾ മാറി കടന്നുപോവുക .
കയ്യിൽ ചപ്ലാംകട്ടയുമായി കണ്ണുകാണാത്ത ഒരാൾ തീവണ്ടിയിൽ പാട്ടുപാടിജീവിതം കഴിച്ചിരുന്നു .എത്രയോ വർഷങ്ങൾ .
കുഷ്‌ഠ രോഗബാധിതാരായി കൈവിരലുകളും കാൽ വിരലുകളും നഷ്ടപ്പെട്ടവർ, മന്ത് കാലുള്ളവർ അങ്ങിനെ ദയനീയമായ ജീവിതസാഹചര്യത്തിലുള്ള പലരും തീവണ്ടിയാത്രക്കാരുടെ ഇടയിൽ സഹായത്തിനായി കൈനീട്ടുന്നവർ .
അക്കാലങ്ങളിൽ വടകര താഴെ അങ്ങാടി പോലുള്ള സ്ഥലങ്ങളിൽ പെരുങ്കാലുള്ളവർ ഏറെ .
തീവണ്ടി എഞ്ചിനുകളിൽ നോക്കിയാൽ തീക്കുണ്ഡത്തിൽ നോക്കുന്നപോലെയുള്ള ഒരറ .
തീവണ്ടി എൻജിനിൽ കൽക്കരി കോരിയെടുത്ത് തീയെരിച്ചുകൊടുക്കാൻ ഫോർമാൻ എന്നൊരാൾ ഡ്രൈവർക്ക് പുറമെ കാണും .എൻജിൻ മുറിയിലുള്ളവർ കരിയും പുകയും പൊടിയും പിടിച്ച വേഷത്തിൽ പ്രാകൃതമായ അവസ്ഥയിൽ.
കുളിച്ച് വേഷം മാറിയാലേ ആളെ ശരിക്കും മനസ്സിലാവൂ .
അത്രയ്ക്ക് കഷ്ടപ്പാടുള്ള ജോലിയാണെന്ന് തോന്നിയിട്ടുണ്ട് .എന്റെ കുടുംബത്തിൽ കെ ടി കണാരൻ എന്നൊരാൾ അക്കാലങ്ങളിൽ എൻജിൻ ഡ്രൈവറായി ഉണ്ടായിരുന്നു .
ആളുകൾ തള്ളിക്കൊണ്ട് റയലിലൂടെ ഓടിച്ചിരുന്ന ട്രോളികളിലാണ് റയിൽവേ ഉദ്യോഗസ്ഥർ പരിശോധനകൾക്കും മറ്റുമായെത്തുക .
രണ്ടു വശത്തുമുള്ള റയിൽപ്പാളത്തിലൂടെ ദ്രുതഗതിയിലുള്ള പദചലനവേഗതയിൽ ട്രോളി ഓടിക്കുന്ന ജീവനക്കാരെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് .
റയിലിന് അടിയിൽ താങ്ങായി നിർത്തിയ മരത്തിൻറെ സ്ലിപ്പറുകളിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ഇരുമ്പ് ആണികൾ മുടങ്ങാതെ അടിച്ചമർത്താൻ സ്ഥിരമായി നടക്കാറുള്ള നാട്ടുകാരനായ കുഞ്ഞിരാമൻ എന്നൊരാളെ നാട്ടുകാർ എസ് ഐ ആർ കുഞ്ഞിരാമൻ എന്നായിരുന്നു ഓമനപ്പേരിട്ട് വിളിച്ചിരുന്നത് .ഇദ്ദേഹത്തിന്റെ മകൻ രാധാകൃഷ്ണനായിരുന്നു പിൽക്കാലങ്ങളിൽ ഒരിടവേളയിൽ മുക്കാളി സ്റ്റേഷനിൽ ടിക്കറ്റുകൾ നൽകിയിരുന്നത് . റെയിവേ സ്റ്റേഷന് തൊട്ടടുത്താണ് തോട്ടക്കണ്ടി അച്യുതന്റെ കുറ്റമറ്റൊരു ചായക്കട .തൊട്ടുപുറകിൽ കുന്നമ്പത്ത് നാരായണക്കുറുപ്പിന്റെ സ്ഥലത്ത് തലയെടുപ്പോടെ നിൽക്കുന്ന മുക്കാളിക്കാരുടെ വായനശാലയായ മഹാത്മാ വായനശാല .
പ്രദേശത്തെ പ്രമുഖ എഴുത്തുകാരായ ഇ വി ശ്രീധരൻ ,വി കെ പ്രഭാകരൻ ,പി കെ നാണു തുടങ്ങിയ പലരും ഈ വായനശാലയുടെ സിമന്റ് തിണ്ണയിൽ പതിവായിരുന്നവർ .
മുല്ലപ്പള്ളി രാമചന്ദ്രൻറെ വീടും തൊട്ടരികിൽ .വൈകുന്നേരങ്ങളിൽ മുല്ലപ്പള്ളിയും എ സി ഷണ്മുഖദാസിനെപ്പോലുള്ള പലരും അക്കാലത്ത് കൂട്ടുകൂടിയിരുന്നതും ഇവിടെത്തന്നെ .
ഡീസൽ എൻജിൻ ഇല്ലാത്ത പഴയ കാലങ്ങളിൽ മദ്രാസിൽ നിന്നും ബോംബെയിൽ നിന്നും മറ്റും തീവണ്ടിയാത്ര കഴിഞ്ഞെത്തുന്നവർ തികച്ചും കോലംകെട്ട അവസ്ഥയിലായിരിക്കും.
ഉടുപ്പിലും ശരീരത്തിലും തലമുടിയിലുമെല്ലാം കൽക്കരിപ്പൊടി നിറഞ്ഞ നിലയിൽ.തികച്ചും പ്രാകൃതമായ അവസ്ഥ .
മുക്കാളി റയിൽവേ സ്‌റ്റേഷന്റെ പരിസരങ്ങളിൽ ഉണ്ടായിരുന്ന കൂറ്റൻ ഗുൽമോഹർ മരങ്ങളും അറബിപ്പുളി മരങ്ങളും മാവും മറ്റുമൊക്ക റെയിൽവേ വികസനത്തിന്റെ ഭാഗമായാണ് പിൽക്കാലങ്ങളിൽ മുറിച്ചുമാറ്റിയത്.
ഏപ്രിൽ മെയ് മാസങ്ങളിലാണ് നാട്ടുകാർ അലസിപ്പൂ എന്ന് വിളിക്കുന്ന ഗുൽമോഹർ മരങ്ങൾ പൂവിട്ടുണരുക .നിറയെ കടും ചുകപ്പ് പൂക്കളുമായി പടർന്നുപന്തലിച്ച ഈ മരങ്ങളുടെ തണൽ പറ്റിയാണ് അനങ്ങാറത്ത് കുമാരൻ എന്ന ആളുടെ ചായക്കട .തീവണ്ടി യാത്രക്കാരുടെ ഒരിടത്താവളം കൂടിയായിരുന്നു കുമാരേട്ടന്റെ പീടിക .
ഇവിടുത്തെ നിരത്തിയിട്ട നിരപ്പലകയിലായിരിക്കും ചിലർ ഇരുന്നു പത്രം വായിക്കുക.ബീഡിവലിക്കുക .
തൊട്ടപ്പുറത്ത് തന്നെ പപ്പടം ഉണ്ടാക്കി കച്ചവടം ചെയ്യുന്ന ഒരുകുടുംബം. ഒഴിഞ്ഞ പീടികക്കോലായിൽ വട്ടത്തിലിരുന്ന് ചീട്ടുകളിക്കാരും തുള്ളി കളിക്കാരും .
വടക്കും തെക്കും ഭാഗങ്ങളിലുള്ള തീവണ്ടിയാത്രക്കാർക്കും നാട്ടുകാർക്കും വഴിനടന്നുപോകാൻ റയിൽപാളങ്ങൾക്കരികിൽ തീവണ്ടിച്ചാൽ എന്ന് നാട്ടുകാർ വിളിക്കുന്ന മണ്ണിട്ടുയർത്തിയ ഒറ്റയടിപ്പാത .
സന്ധ്യകഴിഞ്ഞാൽ സ്റ്റേഷൻ പരിസരത്ത് ചില്ലുകൂട്ടിനകത്ത് ചെറിയ മണ്ണെണ്ണ വിളക്ക് .
രാതികാലങ്ങളിൽ തീവണ്ടി വരുമ്പോൾ തീപ്പന്തം പോലൊരു സാധനം ഒരാൾ സ്റ്റേഷന് മുന്നിൽ നിന്നും നീട്ടിപ്പിടിച്ചിരിക്കും .അക്കാലത്തെ ഒരുതരം സിഗ്നൽ .
കൊളരാട് തെരു ,തട്ടോളിക്കര ,കുന്നുമ്മക്കര ഏറാമല തുടങ്ങിയ നിരവധിസ്ഥലങ്ങളിലുള്ളവർക്ക് മുക്കാളിയിലെത്തണമെങ്കിൽ അക്കാലങ്ങളിൽ നടന്നുതന്നെ വേണം .
വടക്കേ മുക്കാളിയിൽ നിന്നും റയിലുവരെ വന്ന് തീവണ്ടി വരാത്ത നേരം നോക്കി വേണം റയിൽ മുറിച്ചുകടന്നു കിഴക്കൻ മേഖലകളിലേക്ക് പോകാൻ .
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വ്യത്യസ്ഥ രാഷ്ട്രീയപാർട്ടികളുടെ വക്താക്കളായി പ്രദേശത്തിൻറെ ജനകീയനേതാക്കളെന്ന നിലയിൽ സമുന്നതരായ ഒരുകൂട്ടം നേതാക്കൾ ഈ പ്രദേശത്തെ പ്രധിനിധീകരിച്ചിട്ടുമുണ്ട് .
എന്നാൽ ജനങ്ങൾക്കത്യാവശ്യമായ യാത്രാ സൗകര്യമൊരുക്കുന്നതിൽ പലരും മുൻകൈയ്യെടുക്കാതെ പോയി എന്ന സത്യംപറയാതെ വയ്യ .
രാതികാലങ്ങളിൽ ചൂട്ടുകത്തിച്ചുകൊണ്ട് വഴിനടന്ന നാട്ടുമ്പുറത്തുകാർക്ക് അത്യാവശ്യഘട്ടങ്ങളിൽ മുക്കാളിവരെ വാഹനമോടിച്ചുവരാൻ പിൽക്കാലങ്ങളിൽ വഴിയൊരുക്കിത്തന്ന ചോമ്പാലക്കാരനായ ഒരു നാട്ടുമ്പുറത്തുകാരൻ ഇവിടെ ഉണ്ടായിരുന്നു .അറിയാതെ പോകരുത് ചോമ്പാലയുടെ ചില നാട്ടു പുരാണങ്ങൾ !
അലക്കിവെളുപ്പിച്ച് തേച്ചുമിനുക്കിയ ഖദർ കുപ്പായവും മുണ്ടും സ്വന്തം എന്നതിനപ്പുറം അത്യാഡംബരവും സമ്പൽ സമൃദ്ധിയും രാക്ഷ്ട്രീയ ജാഡകളൊന്നുമില്ലാതെ എത്രയും ലളിതമായ ജീവിതചര്യകളിലൂടെ അഴിമതിക്കാരനെന്ന് ശത്രുക്കൾ പോലും
പറയാത്തരാഷ്ട്രീയക്കാരൻ .
ശ്രീമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന ജനകീയ നേതാവിൻറെ രാഷ്ട്രീയജീവിതത്തിൽ സ്വന്തം നാട്ടുകാർക്ക് സമർപ്പിച്ച നേട്ടങ്ങളുടെ പട്ടികയിൽ എടുത്തപറയാവുന്ന ഒന്നാണ് മുക്കാളി സ്റ്റേഷനോട് ചേർന്ന ലവൽക്രോസ്സ് ഗേറ്റ് .
ചില ഓർമ്മയ്ക്കാഴ്ചകൾ
ശ്രീമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര കൃഷിമന്ത്രിയായി അധികാരമേറ്റെടുത്ത കാലഘട്ടം .
മാതൃഭൂമിയിൽ ഒരു വാർത്തകണ്ടു -നാളെ രാവിലെ കേന്ദ്ര കൃഷി മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ഒലവക്കോട് റയിൽവേ ഡിവിഷണൽ സൂപ്രണ്ട് ശ്രീ.പയസ് ജോസസഫും സ്‌പെഷ്യൽ ട്രെയിനിൽ റെയിൽവേയുടെ പുരോഗതിക്കാവശ്യമായ പഠനങ്ങൾക്കായി കണ്ണൂർ വരെ യാത്രചെയ്യുന്നു .
അന്നുരാത്രി കാളിയത്ത് കണ്ണൻ എന്ന എന്റെ സുഹൃത്തിനൊപ്പം മുക്കാളിയിലെ ഓവ് പാലത്തിനടിയിലൂടെ തട്ടോളിക്കരയിലെ വീട്ടിലേയ്ക്ക് നടന്നുപോകുമ്പോൾ മാതൃഭൂമിയിൽ കണ്ട വാർത്ത സംസാര വിഷയമായി .
ഈ ഓവുപാലം അൽപ്പം വീതികൂട്ടി കിട്ടിയാൽ ഒരു ഓട്ടോറിക്ഷയെങ്കിലും നമ്മുടെ നാട്ടിലേക്കുവരും നമുക്കൊരു അപേക്ഷ തയ്യാറാക്കിക്കൊടുത്താലോ ?
എന്റെ ചോദ്യത്തിന് കണ്ണൻ എതിരുപറഞ്ഞില്ല .പക്ഷെ വേണ്ടത്ര ആത്മവിശ്വാസം അദ്ധേഹത്തിന് ഇല്ലെന്നതും സത്യം .
അതിരാവിലെതന്നെയായിരുന്നു മുല്ലപ്പള്ളിയുടെ സ്പെഷ്യൽ ട്രെയിൻ യാത്ര . വെളുപ്പിനുതന്നെ കാളിയത്തെ വീട്ടിനടുത്തെത്താം എന്ന് പറഞ്ഞാണ് ഞാൻ പിരിഞ്ഞത് .
അടുത്തപ്രഭാതത്തിൽ അഞ്ചര മണിയ്ക്ക് ഞാൻ കാളിയത്ത് കണ്ണന്റെ വീടിനടുത്തെത്തി അദ്ദേഹത്തെയും കൂട്ടി നേരെ മുക്കാളി റയിൽവേ സ്റ്റേഷനടുത്തേയ്ക്ക് .
അനങ്ങാറത്ത് കുമാരേട്ടൻറെ പീടികയിൽ നിന്നും ഒരു പായ വെള്ളക്കടലാസ് വാങ്ങി ഒരു മെമ്മോറാണ്ടം പോലൊരു സാധനം തയ്യാറാക്കി .
ചോമ്പാൽ യങ്‌സ്റ്റേഴ്‌സ് കൾച്ചറൽ അസോസിയേഷൻ എന്ന വിലാസത്തിൽ .ആദ്യം ഒപ്പിട്ടത് ഞാൻ ,രണ്ടാമത് കാളിയത്ത് കണ്ണൻ ,പിന്നെ ചായപ്പീടികയിൽ കണ്ട ആരൊക്കെയോ ചിലർ.
അന്നേ ദിവസം കിഴക്കേടത്ത് കുഞ്ഞിരാമൻ മാസ്റ്ററും കുറെ ആൾക്കാരും കണ്ണൂക്കരയിലെ ലവൽക്രോസിനുവേണ്ടി അനുമതിക്കായി അപേക്ഷ നൽകാനും പ്രസ്തുതവിഷയവുമായി മുല്ലപ്പള്ളിയെയും റയിൽവേ ഡിവിഷണൽ സൂപ്രണ്ടിനേയും നേരിൽ കാണാൻ മുക്കാളി സ്റ്റേഷനിൽ നിൽപ്പുണ്ടായിരുന്നു.
അവരെല്ലാവരും സ്‌റ്റേഷന്റെ മുന്നിൽ .
ഞാനും കണ്ണനും സ്റ്റേഷന്റെ തെക്കുഭാഗത്തെ മുക്കാളി എന്ന മഞ്ഞ ബോർഡിനടുത്തായി നിൽപ്പുറപ്പിച്ച നിലയിൽ .
ഏറെ കഴിയുന്നതിനുമുമ്പേ വണ്ടിയെത്തി. ഭാഗ്യമെന്നുപറയട്ടെ വണ്ടിയുടെ വാതിലിനരികിൽ കൈവീശിക്കൊണ്ട് മുല്ലപ്പള്ളി .തൊട്ടുപുറകിൽ സൂപ്രണ്ട് .
ഞങ്ങൾ നിന്നസ്ഥലത്താണ് ഈ കമ്പാർട്ട്മെന്റ് വന്നുനിന്നത് .വളരെപ്പെട്ടെന്ന് ഞാൻ ഡോറിലേയ്ക്ക് വലിഞ്ഞുകയറി അപേക്ഷ നൽകി ,
''സാർ ഈ ഓവുപാലംഒന്ന് വന്നു കാണണം ''- എന്ന് ഞാൻ കൈകൂപ്പിക്കൊണ്ട് റെയിൽവേ സൂപ്രണ്ടിനോടപേക്ഷിച്ചു.
''ആവശ്യമില്ല മുല്ലപ്പള്ളിയുണ്ടല്ലോ കൂടെ. ഞാൻ നോക്കിക്കൊള്ളാം ''-എന്നെനിക്കുറപ്പുനൽകുകയുമുണ്ടായി .
എന്നാൽ പൂവ് ചോദിച്ചവന് പൂന്തോട്ടം ലഭിച്ചു എന്നപോലെയാണ് പിന്നീട് സംഭവിച്ചത് .
ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം ! .
മുല്ലപ്പള്ളിയുടെ വ്യക്തിപരമായ ഇടപെടലിലൂടെ റയിൽവേ സ്റ്റേഷന് തൊട്ടടുത്തായി ഒരു ലവൽക്രോസ്സ് ഗേറ്റാണ് പാസ്സായാതായറിയുന്നത് .
വളരെപ്പെട്ടെന്ന് .ഏതാനും ദിവസങ്ങൾക്കകം സ്വപ്നസാക്ഷാത്ക്കാരം എന്ന നിലയിൽ മുക്കാളിക്കാരുടെ ശാപമോക്ഷം എന്ന നിലയിൽ ലവൽക്രോസിന്റെ പണിപൂർത്തിയായി .
അതി വിപുലമായ ഉത്‌ഘാടനച്ചടങ് .അതിനുമുമ്പേ അഴിയൂർ രത്നപ്രിന്റിങ് പ്രസ്സിൽനിന്നും എന്റെ സ്വന്തം ചിലവിൽ ആയിരം നോട്ടീസ് ഞാൻ പ്രിന്റ് ചെയ്യിക്കുകയുണ്ടായി .കൃതജ്ഞതാനിർഭരമായ മനസ്സോടെ .
ആ നോട്ടീസിലെ തലവാചകം പോലും ഞാനിന്നും മറന്നിട്ടില്ല
'' ഒലവക്കോട് റയിൽവേ ഡിവിഷണൽ സൂപ്രണ്ട് ശ്രീ. പയസ് ജോസഫിനും ശ്രീ മുല്ലപ്പള്ളിക്കും അഭിനന്ദനങ്ങൾ ''.
ഉത്‌ഘാടനദിവസം നാളോങ്കണ്ടി ശ്രീധരൻ എന്ന എന്റെ ഒരു സുഹൃത്തിൻറെ കൈയ്യിൽ ആയിരം നോട്ടീസ് ഏൽപ്പിക്കുകയും ആൾക്കൂട്ടത്തിൽ വിതരണം ചെയ്യാനും ഞാൻ ശട്ടം കെട്ടി .
നാടിൻറെ ഏറ്റവും വലിയ ആഘോഷം എന്ന നിലയിലായിരുന്നു വിവിധ രാക്ഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്‌മയിൽ ഈ ലവൽക്രോസ്സിൻറെ ഉത്ഘടനച്ചടങ് .
തോരണങ്ങളും കമാനങ്ങളും കതിനവെടികളും .ചോമ്പാലക്കാരുടെ മഹോത്സവം പോലെയായിരുന്നു ഉത്‌ഘാടനച്ചടങ്.
മുല്ലപ്പള്ളിക്ക് ആശംസയർപ്പിക്കുമ്പോൾ തിണ്ടിടിയുന്നതരത്തിലുള്ള വെടിക്കെട്ടുകളുടെ അകമ്പടി !
കാലാകാലമായി ഇവിടുത്തുകാർ അനുഭവിച്ച വാഹനഗതാഗത പ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ട ദിവസം കൂടിയായിരുന്നു അന്നേദിവസം .
ഈ മഹത്തായ കർമ്മപദ്ധതിക്ക് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്കോ നാട്ടുകാർക്കോ മറ്റ് സാമൂഹ്യ സംഘടനകൾക്കോ ഒരു പങ്കുമില്ലെന്നതും വ്യക്തം .ഒരു നിമിത്തംപോലെയോ നിയോഗം പോലെയോ എന്റെ കൈപ്പടയിലെഴുതിയ അപേക്ഷയുടെ കോപ്പി ഒരുപക്ഷെ റെയിവേ വകുപ്പിന്റെ ഫയലിൽ ഇന്നും കണ്ടേക്കാം .
എന്നോടൊപ്പം സഹകരിച്ച കാളിയത്ത് കണ്ണൻ എന്ന നല്ല സുഹൃത്ത് ഇന്നില്ല .
ഇന്ന് ഈ ലവൽ ക്രോസ്സിലൂടെ അഥവാ ''മുല്ലപ്പള്ളി ഗേറ്റി '' ലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത് .റെയിവേ സ്റ്റേഷൻ വികസിപ്പിച്ചതിൽ നെടുനീളത്തിൽ പ്ലാറ്റ്ഫോം ഉയർത്തി പരിഷ്ക്കരിച്ചതിൽ അനുബന്ധമായി പ്ലാറ്റ്‌ഫോമിൽ ഷെൽട്ടറുകൾ സ്ഥാപിച്ചതും മറ്റും റെയിവേ ഫണ്ടുപയോഗിച്ചാണെങ്കിലും അതിൻറെ പുറകിൽ മുല്ലപ്പള്ളി ഗോപാലൻ എന്ന നാട്ടുമ്പുറത്തുകാരനായ സ്വാതന്ത്ര്യസമരസേനാനിയുടെ മൂത്ത മകൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന രാഷ്ട്രീയ നേതാവാണെന്ന സത്യം പുതുതലമുറക്കാർ അറിയാതെ പോകരുത് .ഈ സ്റ്റേഷന്റെ പ്ലാറ്റ് ഫോമിൽ ഇരിപ്പിടങ്ങളും മറ്റും സംഭാവനയായി നൽികിയ ഉദാരമതി കളായ വ്യക്തികളെയും സ്ഥാപനങ്ങളെയും കൃതജ്ഞതയോടെ സ്‌മരിക്കാം .
പുതിയ ലക്കം കൃഷി ജാഗരൺ മാസിക...
ജീവിതത്തിൻ്റെ വ്യത്യസ്ഥതലങ്ങളിൽ അർപ്പണബോധത്തോടെ മുന്നേറി വേറിട്ട വിജയഗാഥകൾ എഴുതിച്ചേർത്ത രണ്ടു വനിതാരത്നങ്ങളുടെ അനുഭവസാക്ഷ്യത്തിൻ്റെ നേർക്കാഴ്ച്ചകളുമായി വായനക്കാരിലേക്ക്..
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group