
ആലപ്പുഴ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇരട്ടച്ചുങ്കം ആഭ്യന്തരവിപണിയിലെ ചെമ്മീൻവിലയിൽ പ്രതിഫലിച്ചു തുടങ്ങി. ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഇനമായ വനാമി ചെമ്മീൻ്റെ വില 15-20 ശതമാനം കുറഞ്ഞു, കിലോയ്ക്ക് 260-270 രൂപയായിരുന്നത് 210-220 രൂപയായി.
ഓണക്കാലത്ത് നാട്ടിലും ചെമ്മീൻ ആവശ്യംവരാറുള്ളതാണ് വലിയ തകർച്ച ഒഴിവാക്കിയത്. ഓണം കഴിയുന്നതോടെ വില ഇനിയും കുറയാനാണു സാധ്യതയെന്ന് ഈ രംഗത്തുള്ളവർ പറഞ്ഞു.
വില കുറയുന്നത് പ്രത്യക്ഷത്തിൽ ആകർഷകമെങ്കിലും മറുവശത്ത് ശതകോടികളുടെ നഷ്‌ടമാണ് രാജ്യത്തിനുണ്ടാകുന്നത്. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ കയറ്റുമതി നിലയ്ക്കുകയും കമ്പനികൾ ലേഓഫിക്കു പോകുകയും ചെയ്യും.
ട്രംപ് 50 ശതമാനം നികുതി പ്രഖ്യാപിക്കുകയും അവസരം മുതലാക്കി ചൈന ഇന്ത്യയിൽനിന്നു ചെമ്മീൻ വാങ്ങാതിരിക്കുകയും ചെയ്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഈ ഘട്ടത്തിൽ ചില ബാങ്കുകൾ കയറ്റുമതിക്കാരുടെ നടത്തിപ്പ് മൂലധനത്തിൽ പിടിമുറുക്കുകയും ചെയ്തു.
അക്വാകൾച്ചർ വഴി ഉത്പാദിപ്പിക്കുന്ന വനാമി ചെമ്മീനാണ് പ്രധാനമായും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി നിലച്ചെങ്കിലും കർഷകരിൽനിന്ന് ഇതു വാങ്ങി സംസ്കരിച്ചു സൂക്ഷിക്കണം. അനുകൂല സാഹചര്യംവന്നാൽ ഉടൻ ഉപയോഗപ്പെടുത്തുന്നതിനാണിത്. അല്ലെങ്കിൽ വൻകമ്പനികൾ പൂട്ടിയിടേണ്ടിവരും. വലിയ തൊഴിൽനഷ്‌ടവും വരും.
ബാങ്കുകൾ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കയറ്റുമതി സംഘടന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, ഫിഷറീസ് മന്ത്രി ലാലൻസിങ് എന്നിവരെ കണ്ടിരുന്നു. എന്നാൽ, ഉദ്ദേശിച്ച പ്രയോജനമുണ്ടായിട്ടില്ല.
ബുധനാഴ്ച കയറ്റുമതിക്കാർ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ കണ്ടിരുന്നു. അമേരിക്കയുടെ അധികനികുതി മൂലം പ്രതിസന്ധി നേരിടുന്ന മറ്റു രാജ്യങ്ങളിൽ അടിയന്തര ഇൻസൻ്റീവ് ഉത്പാദകർക്കും കയറ്റുമതിക്കാർക്കും നൽകിയത് അവർ ധരിപ്പിച്ചിട്ടുണ്ട്.
അമേരിക്കയും ചൈനയും ഒഴിച്ചുള്ള മറ്റൊരു വിപണി കണ്ടെത്താൻ എളുപ്പമല്ലെന്ന് സീഫുഡ് എക്‌സ്‌പോർട്ടേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റ് അലക്‌സ് കെ. നൈനാൻ പറഞ്ഞു.
കെട്ടിക്കിടക്കുന്നത്ര അളവ് ആഭ്യന്തരവിപണിയിൽ ഇറക്കുന്നതും പ്രായോഗികമല്ല. അത്രയധികം ആവശ്യക്കാരും രാജ്യത്തില്ല. കേരളത്തിലെ പ്രതിശീർഷ മത്സ്യഉപഭോഗം പ്രതിവർഷം 27-30 കിലോയാകുമ്പോൾ രാജ്യത്ത് ഇത് 5-5 കിലോ മാത്രമാണ്. സ്പെയിൻ, ഫ്രാൻസ്, ബെൽജിയം പോലെയുള്ള മറ്റു രാജ്യങ്ങൾ, ആഭ്യന്തരവിപണി എന്നിവയുടെ സാധ്യതകൾ തുറക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഓൾ ഇന്ത്യ ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group