
കാസർകോട്: കാസർകോട്, വയനാട് മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രണ്ടിടത്തും 50 വീതം കുട്ടികൾക്കാണ് പ്രവേശനം. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജുകളായി. സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെൻ്റ് പൂർത്തിയായി രണ്ടാംഘട്ട അലോട്മെന്റ് തുടങ്ങാനിരിക്കെയാണ് പുതിയ മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിനുള്ള അനുമതി. ഇതോടെ സർക്കാർ മേഖലയിൽ 100 സീറ്റുകൾ കൂടിയായി, അംഗീകാരമുള്ള കോളേജുകളുടെ പട്ടികയിലുൾപ്പെടുത്തി ഇവിടെ ഒപ്ഷൻ നൽകാൻ വിദ്യാർഥികൾക്ക് അവസരം നൽകും. കാസർകോട് ഉക്കിനടുക്കയിലും വയനാട്ടിൽ മാനന്തവാടിയിലുമാണ് മെഡിക്കൽ കോളേജ്.
രണ്ടിനും കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സമ്മതപത്രം നേരത്തേ ലഭിച്ചിരുന്നു. തുടർന്ന് ദേശീയ മെഡിക്കൽ കമ്മിഷന്റെ അനുമതിക്കായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. വയനാട്ടിൽ നേരിട്ട് പരിശോധന നടത്തിയ കമ്മിഷൻ ഉക്കിനടുക്കയിലെ അക്കാദമിക ബ്ലോക്കിലും കോളേജിൻ്റെ അധ്യാപന-പരിശീലനത്തിനുള്ള ആസ്പത്രിയാക്കി മാറ്റിയ കാസർകോട് ജനറൽ ആസ്‌പത്രിയിലും വെർച്വൽ പരിശോധനയാണ് നടത്തിയത്. ആദ്യവർഷ കോഴ്‌സിനായി ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ കമ്മിഷൻ ചില സൗകര്യങ്ങൾ കൂടി ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നു. കോളേജ് അധികൃതർ ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി വിവരം കമ്മിഷന് കൈമാറി. ഇവ പരിഗണിച്ചാണിപ്പോൾ അംഗീകാരം നൽകിയത്. വയനാട്ടിൽ മുമ്പ് രണ്ടുതവണ പരിശോധന നടന്നിരുന്നു. 2013-ൽ ഉമ്മൻചാണ്ടി സർക്കാരാണ് ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടത്. പിന്നാലെ വന്ന പിണറായി സർക്കാരാണ് ആസ്പത്രി കെട്ടിടത്തിന് തറക്കല്ലിട്ടത്. ഉക്കിനടുക്കയിൽ അക്കാദമിക് ബ്ലോക്ക് മാത്രമേ പൂർത്തിയായിട്ടുള്ളു.
മിക്ക ചികിത്സയ്ക്കും മംഗളൂരുവിനെ ആശ്രയിക്കുന്ന കാസർകോടിന് സ്വന്തം മെഡിക്കൽ കോളേജ് എന്നത് ദീർഘകാല സ്വപ്‌നമായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group