
കോഴിക്കോട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ
പരിഹരിക്കുന്നതിന് തടസ്സംനിൽക്കുന്നത് കേന്ദ്രസർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, വനം വന്യജീവി വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യ-വന്യജീവിസംഘർഷ ലഘൂകരണ തിവ്രയത്നപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവിഹിതമായി വളരെ തുച്ഛമായ തുകമാത്രമാണ് സംസ്ഥാനത്തിന് നൽകുന്നത്. ഇത് വർധിപ്പിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂലസമീപനമുണ്ടായില്ല. എന്നാൽ, പിന്നോട്ടുപോകാൻ സംസ്ഥാനസർക്കാർ തയ്യാറല്ല. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ 70 കോടി രൂപ വന്യജീവി ആക്രമണ ലഘൂകരണപ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക എന്നത് കേരളത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ, കേന്ദ്രം ഇത് തള്ളുകയാണുണ്ടായത്. വനം-വന്യജീവി സംരക്ഷണനിയമത്തിൽ ഒന്ന്, രണ്ട് പട്ടികയിൽ ഉൾപ്പെടുന്ന എല്ലാമൃഗങ്ങളും വനത്തിനകത്തായാലും പുറത്തായാലും വന്യജീവികളാണ്. ഈ നിയമത്തിൽ മാറ്റംവരുത്താനാവില്ല എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.
അപകടകാരികളായ വന്യമൃഗങ്ങളെ സംസ്ഥാനസർക്കാരിന് വെടിവെച്ചുകൊല്ലാമെന്ന് പറയുന്നുണ്ട്. എന്നാൽ, അതിൻ്റെ നടപടിക്രമങ്ങൾ അതിസങ്കീർണമാണ്. ഇത് ലഘൂകരിക്കാനും കേന്ദ്രം തയ്യാറാകുന്നില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാകാതിരിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഇതിന് ശാശ്വതപരിഹാരം കാണാനാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് സംസ്ഥാനത്തിനുനേരേ അകാരണമായി കുറ്റാരോപണം നടത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ 'കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷലഘൂകരണവും മിഷൻ' പ്രഖ്യാപനം. പ്രൈമറി റെസ്പോൺസ് ടീമുകളുടെ പ്രവർത്തനോദ്ഘാടനം എന്നിവ മുഖ്യമന്ത്രി നിർവഹിച്ചു.
'സർപ്പ' പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം, സർപ്പപാഠം കൈപ്പുസ്‌തകത്തിന്റെ പ്രകാശനം, വനാതിർത്തിയിലെ സ്‌മാർട്ട് ഫെൻസിങ് പദ്ധതി പ്രഖ്യാപനം, ജനവാസമേഖലകളിൽ കാണപ്പെടുന്ന നാടൻകുരങ്ങുകളുടെ ശാസ്ത്രീയമായ പുനരധിവാസവും സംഖ്യാനിയന്ത്രണവും പ്ലാൻ പുറത്തിറക്കൽ എന്നിവ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ഇക്കോ ടൂറിസം മൊബൈൽ ആപ്പ് പ്രകാശനം, ആറളം ശലഭഗ്രാമത്തിൻ്റെ പ്രഖ്യാപനം, ഗോത്രഭേരി രണ്ടാംഘട്ടം ഉദ്ഘാടനം, അരണ്യം മാസിക പ്രകാശനം എന്നിവ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
കണ്ടംകുളം മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽനടന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷനായി. മേയർ ബീനാഫിലിപ്പ്, എംഎൽഎമാരായ ടി.പി. രാമകൃഷ്‌ണൻ, കെ.പി. കുഞ്ഞഹമ്മദ് കുട്ടി, അഹമ്മദ് ദേവർകോവിൽ, കെ.എം. സച്ചിൻദേവ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷിജാ ശശി, വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഫ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്‌ണൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുകഴേന്തി, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ജെ. ജസ്റ്റിൻ മോഹൻ, കളക്‌ടർ സ്നേഹിൽ കുമാർ സിങ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻകുമാർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു. ആഷിക് അലി എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group