
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിര്‍മാണത്തിനിടെയെന്ന് സൂചന. സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് അഹ്സാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അനൂപ് മാലിക്ക് എന്നയാളാണ് സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തതെന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുവര്‍ഷമായി ഇവര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ട്. വീട്ടില്‍ പടക്കനിര്‍മാണം നടന്നതായാണ് നിലവിലെ സൂചന. സ്‌ഫോടനം നടന്ന സ്ഥലമായതിനാല്‍ പരിശോധന പൂര്‍ണമായിട്ടില്ല. ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടകവസ്തുക്കളാണ് വീട്ടിലുണ്ടായിരുന്നതെന്നും എന്നാല്‍ ഇവ എത്രമാത്രം ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അനൂപ് മാലിക്ക് നിലവില്‍ ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കീഴറയിലെ വാടകവീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. വീട്ടില്‍ രണ്ടുപേരാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞതിനാല്‍ വിശദമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ രണ്ടാമത്തെയാളെ കണ്ടെത്താനായിട്ടില്ല. സംഭവസമയത്ത് ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിലവിലെ നിഗമനം.
സ്‌ഫോടനത്തില്‍ ഓടുമേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളിലെ ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു. ചിന്നിച്ചിതറിയനിലയിലാണ് സംഭവസ്ഥലത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം, അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് ഇവിടെ പടക്കനിര്‍മാണം നടന്നതെന്നാണ് വിവരം.
വാടകയ്‌ക്കെടുത്തത് അനൂപ് മാലിക്ക്, മുന്‍പും സമാനകേസുകള്‍...
അനൂപ് മാലിക്ക് എന്നയാളാണ് കീഴറയിലെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട് വാടകയ്‌ക്കെടുത്തിരുന്നത്. സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസിനെന്ന് പറഞ്ഞാണ് ഇയാള്‍ വീട് വാടകയ്‌ക്കെടുത്തിരുന്നത്. മൂന്നുപേര്‍ ഇവിടെ താമസിക്കുമെന്നും ഇയാള്‍ വീട്ടുടമയോട് പറഞ്ഞിരുന്നു. കൃത്യമായി വാടകയും നല്‍കി. അടുത്തിടെ ഇവിടെ പോയപ്പോളും സംശയാസ്പദമായി ഒന്നും കണ്ടില്ലെന്നാണ് വീട്ടുടമയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. മഴ ആരംഭിച്ചതോടെ വൃത്തിയാക്കാനായാണ് അടുത്തിടെ പോയത്. അപ്പോള്‍ ഇങ്ങനെയുള്ള സ്‌ഫോടകവസ്തുക്കളോ മറ്റോ വീട്ടില്‍ കണ്ടില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, അനൂപ് മാലിക്ക് എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമുള്ള ഏഴുകേസുകളില്‍ പ്രതിയായ ആളാണെന്നാണ് വിവരം. 2016-ലും ഇയാള്‍ക്കെതിരേ സമാനകേസുണ്ടായിരുന്നു. അന്ന് കണ്ണൂര്‍ പുഴാതിയിലെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ സൂക്ഷിച്ച പടക്കങ്ങള്‍ ഉള്‍പ്പെടെ പൊട്ടിത്തെറിച്ച് അനൂപ് മാലിക്കിന്റെ കുടുംബാംഗങ്ങള്‍ക്കടക്കം പരിക്കേറ്റിരുന്നു. ഉത്സവസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് അന്ന് പൊട്ടിത്തെറിച്ചത്.
അനൂപ് മാലിക്കിന്റെ രണ്ട് തൊഴിലാളികളാണ് കീഴറയിലെ വാടകവീട്ടിലും താമസിച്ചുവന്നിരുന്നത്. ഇവര്‍ ആരുമായും അധികം സംസാരിക്കാറില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. രാത്രികാലങ്ങളിലായിരുന്നു വീട്ടിലേക്ക് ഇവര്‍ വന്നുപോയിരുന്നത്. രണ്ടുബൈക്കുകളും വീടിന് മുന്നില്‍ കാണാറുണ്ടായിരുന്നെന്നും സമീപവാസികള്‍ പ്രതികരിച്ചു.
ഉഗ്രശബ്ദം, ഇടിവെട്ടിയെന്നോ ബോംബെറിഞ്ഞെന്നോ കരുതി
വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നവരെ അവര്‍ താമസം ആരംഭിച്ചകാലം മുതലേ സംശയമുണ്ടായിരുന്നതായി സമീപവാസിയായ സ്ത്രീ പറഞ്ഞു. കള്ളക്കടത്തുകാരാണെന്നാണ് സംശയിച്ചിരുന്നത്. എപ്പോഴും വീടിന്റെ വാതില്‍ അടച്ചിട്ടിരിക്കും. ആരോടും സംസാരിച്ചിരുന്നില്ല. ഒരുകൊല്ലമായി അവര്‍ ഇവിടെ താമസിക്കുന്നുണ്ട്. പുലര്‍ച്ചെ രണ്ടുമണിക്കാണ് ഒച്ച കേട്ടത്. ഇടിമിന്നലേറ്റ് വീട് തകര്‍ന്നെന്നാണ് ആദ്യംകരുതിയത്. ശബ്ദംകേട്ട് കരഞ്ഞു. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ കരിമരുന്നിന്റെ മണം അനുഭവപ്പെട്ടു. ആരെങ്കിലും ബോംബെറിഞ്ഞതാണെന്നും കരുതി. പിന്നീടാണ് സമീപത്തെ വീട്ടില്‍ സ്‌ഫോടനം നടന്നത് അറിഞ്ഞതെന്നും സമീപവാസി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group