
ജാതി മതവ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യനെ ഒന്നായി കാണുന്ന നവലോകമാണ് ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനം -
ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രപ്പോലീത്ത
‘നവപൂജിതം’ ഭക്തിസാന്ദ്രം ;ഗുരുവിന്റെ ജന്മദിനോഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍
പോത്തന്‍കോട് (തിരുവനന്തപുരം) : മനുഷ്യനെ മനുഷ്യനായി കാണാതെ മാനവികതയെ കൊല ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ആദ്ധ്യത്മികതയും സാമൂഹിക രാഷ്ട്രീയ സേവന രംഗങ്ങളിലെ ധാര്‍മ്മികതയും ദൂരേയ്ക്ക് വലിച്ചെറിയാതെ അവ ഉയര്‍ത്തിപ്പിടിച്ച് ഒരു പുതിയ ലോകം സൃഷ്ടിക്കുവാന്‍ കഴിയണമെന്നുളള വലിയ ദര്‍ശനമാണ് നവജ്യോതിശ്രീകരുണാകരഗുരു നല്‍കിയതെന്നും ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യനെ ഒന്നായി കാണുന്ന നവലോകമാണ് ഗുരുവിന്റെ ദര്‍ശനമെന്നും ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രപ്പോലീത്ത.
പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.
ഇന്നത്തെ സമൂഹത്തില്‍ നമുക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് ഒത്തൊരുമയാണ്.
ഒത്തൊരുമ ഉളളിടത്ത് സമാധാനമുണ്ടാകും. ഐക്യം എന്നു പറയുന്നത് മനസ്സും ഹൃദയവും തമ്മിലുളള ഒത്തൊരുമയുടെ അനന്തര ഫലമാണ്. നമ്മുടെ ആശയവിനിമയങ്ങളില്‍, സ്വപ്നങ്ങളില്‍, ആഗ്രഹങ്ങളില്‍, മറ്റുളളവനെ തന്റേതായി കണക്കാക്കുമ്പോഴാണ് ഐക്യം ഉണ്ടാക്കുവാന്‍ സാധിക്കുന്നത്.
ഇന്ന് ലോകത്ത് എവിടെ നോക്കിയാലും അങ്ങനെയുളള പ്രവണതകള്‍ വളരെക്കുറവാണ്. എല്ലാ വിഭാഗങ്ങളും ഒരു മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നു.
അങ്ങനെയുളള വര്‍ത്തമാനകാലത്ത് നവജ്യോതിശ്രീ കരുണാകരഗൂരുവിന്റെ ആശയങ്ങള്‍ അന്വര്‍ത്ഥമാണ്.
എല്ലാവരും ദൈവത്തെ വിളിക്കുന്നു എന്നു പറയുമ്പോള്‍ ദൈവം ഒന്നേയുളളൂ, ആ ദൈവത്തിന്റെ മക്കളാണ് നമ്മള്‍. ജാതിയും മതവും വിഭാഗീയതയുമൊന്നും ദൈവം കൊണ്ടുവന്നതല്ല.
അതു നമ്മള്‍ സൃഷ്ടിച്ചതാണ്. ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കുന്നവര്‍ തമ്മില്‍ പോലും വേര്‍തിരിവുകളുണ്ടാവുന്നു. കൂടെയുളളവരെ സ്നേഹിക്കാനും അവരുടെ നന്മയെ കാണാനും ധാര്‍മ്മിക ബോധത്തോടെ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും നമുക്ക് സാധിക്കണം.
അതിനു വലിയൊരു പ്രചോദനമാണ് നവജ്യോതിശ്രീ കരുണാകരഗുരു. ഗുരുവിന്റെ ദര്‍ശനങ്ങളെ പുന:രുജ്ജീവിപ്പിക്കുന്ന ഉണര്‍വിന്റെ ദിനമായി ‘നവപൂജിതം’ ആഘോഷങ്ങളെ കണ്ടുകൊണ്ട് വ്യക്തിപരമായും കുടുംബപരമായും സാമൂഹികപരമായും അത് ഏറ്റെടുക്കാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും മെത്രപ്പോലീത്ത പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഇന്നത്തെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തില്‍ ശ്രീകരുണാ കരഗുരുവിന്റെ ജീവിതവും ഉപദേശങ്ങളും അത്യന്തം പ്രസക്തമാണ്. ഗുരു ജാതിക്കും മതത്തിനും അതീതമായി മനുഷ്യകേന്ദ്രീകൃത ആത്മീയതയാണ് നമുക്ക് നല്‍കിയതെന്നും മനുഷ്യന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി നിലകൊളളുന്ന ആശ്രമമാണ് ശാന്തിഗിരിയെന്നും എം.പി പറഞ്ഞു.
യു.എ.ഇ അബ്ദുളള ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബു അബ്ദുളള, ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സ്വാമി സത്യാനന്ദ തീര്‍ത്ഥ എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി.
എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അഡ്വ. എ.എ. റഹീം ,എം.എല്‍.എ മാരായ വി. ജോയി, ഐ.ബി. സതീഷ്, പി.സി .വിഷ്ണുനാഥ്, മുന്‍ നിയമസഭ സ്പീക്കര്‍ എം.വിജയകുമാര്‍, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്, മുന്‍ എം.എല്‍.എമാരായ അഡ്വ.എം.എ. വാഹിദ്, ഇ.എസ്. ബിജിമോള്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ പി.സുദീപ്, ബിജെപി. തിരുവനന്തപുരം നോര്‍ത്ത് എസ്.ആര്‍. രജികുമാര്‍, സ്വാമി ഗുരുസവിധ്, പ്രദീപ് കുമാര്‍ ശര്‍മ്മ, ബി.ആര്‍.എം. ഷഫീര്‍, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, എം. ബാലമുരളി, അഡ്വ. അഭിജിത്ത് എസ്.കെ, സജീവ് കെ., എം. അനില്‍ കുമാര്‍, കോലിയക്കോട് മഹീന്ദ്രന്‍, മണക്കാട് രാമചന്ദ്രന്‍, ദീപ അനില്‍, ജേക്കബ് കെ. ഏബ്രഹാം, റ്റി. മണികണ്ഠന്‍ നായര്‍, കെ. രമണന്‍, ഡോ.എന്‍. ജയശ്രീ , പത്മജകുമാരി എസ്. ശാന്തിദത്തന്‍ എസ്., കുമാരി ഗുരുചന്ദ്രിക ആര്‍.പി. എന്നിവര്‍ സംസാരിച്ചു. ദിവംഗതനായ ജി.ജനാര്‍ദ്ധനന്‍ മേനോന്‍ രചിച്ച ‘വിസ്ഡം ബ്ലോസംസ് ഇന്‍ റിമംമ്പറന്‍സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.
നവപൂജിതം ദിനത്തില്‍ രാവിലെ 5 മണിക്ക് താമരപ്പര്‍ണ്ണശാലയില്‍ സന്ന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് തുടക്കമായി. ആറു മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെയും നേതൃത്വത്തില്‍ ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങള്‍ ചേര്‍ന്ന് ധ്വജാരോഹണം നടത്തി. രാവിലെ 7 മണി മുതല്‍ നടന്ന പുഷ്പസമര്‍പ്പണത്തില്‍ വ്രതാനുഷ്ഠാനങ്ങളോടെ ഗുരുഭക്തര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 12 ന് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരകണക്കിന് ഗുരുഭക്തര്‍ പ്രാര്‍ത്ഥനയിലും വിവിധ ചടങ്ങുകളിലും സംബന്ധിച്ചു.
ഫോട്ടോ : നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ ‘നവപൂജിതം‘ പൊതുസമ്മേളനം ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഡോ. സാമുവല്‍ മോര്‍ തിയോഫിലസ് മെത്രപ്പോലീത്ത ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ചൈതന്യ ജ്ഞാന തപസ്വി, കൊടിക്കുന്നില്‍ സുരേഷ് എം.പി, ഇ.എസ്. ബിജിമോള്‍, വി.എസ്.ശിവകുമാര്‍, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി , ബിനോയ് വിശ്വം, ബു അബ്ദുളള, പി.സി.വിഷ്ണുനാഥ്, എം.വിജയകുമാര്‍, ഐ.ബി. സതീഷ് എം.എല്‍.എ, ജോര്‍ജ് സെബാസ്റ്റ്യന്‍, സ്വാമി സത്യാനന്ദ തീര്‍ത്ഥ, എം.എ. വാഹിദ് തുടങ്ങിയവര്‍ സമീപം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group