
പുത്തിഗെ വിളകളുടെ രോഗബാധയും നാശവും കാരണം ആശങ്കയിലാണ് മലയോരമേഖലയിലെ കവുങ്ങ് കർഷകൻ. പുത്തിഗെ ബദിയടുക്ക ഗ്രാമപ്പഞ്ചായത്തുകളിലെ അടയ്ക്കാകർഷകരാണ് കവുങ്ങിന് ബാധിച്ച മഹാളിരോഗംമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് സൗജന്യ വൈദ്യുതിപദ്ധതി കുടിശ്ശിക സംബന്ധിച്ചുള്ള പ്രശ്നവും നിലനിൽക്കുന്നത്. രോഗബാധമൂലം 80 ശതമാനത്തിലധികം വിളകളും കഴിഞ്ഞ വിളവെടുപ്പുകാലത്ത് നഷ്‌ടപ്പെട്ടെന്ന് അടയ്ക്കാകർഷകർ പറയുന്നു.
ജില്ലയിൽതന്നെ വ്യാപകമായി കവുങ്ങ് കൃഷിചെയ്യുന്ന മേഖലകളാണ് പുത്തിഗെ, ബദിയടുക്ക മേഖലകൾ. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന അടക്കയ്ക്ക് വിപണിയിൽ നല്ല മൂല്യവുമുണ്ടായിരുന്നു. ഇവിടെനിന്നുമുള്ള വിത്തിനും കവുങ്ങിൻ തൈകൾക്കും ജില്ലയുടെ തെക്കൻഭാഗങ്ങളിലും ആവശ്യക്കാരേറെയാണ്.
വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് മേഖലയിലെ അടയ്ക്കാ ഉത്പാദനം. മഹാളിരോഗം തടയുന്നതിനായി കവുങ്ങുകർഷകർ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ബോർഡോ മിശ്രിതം തളിക്കൽ തുടർച്ചയായി പെയ്യുന്ന മഴകാരണം കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മേയിൽ തുടങ്ങിയ മഴ ഇടതടവില്ലാതെ ഏതാനും ദിവസങ്ങൾക്കു മുൻപുവരെ പെയ്‌തു. ഇതുമൂലം രോഗബാധ നിയന്ത്രിക്കാൻ കഴിയാതെ വരികയും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് പടർന്നുപിടിക്കുകയും ചെയ്‌തു. തോട്ടങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കാനിടയായത് പാകമാകാത്ത പച്ചയടയ്ക്കകളുടെ കൊഴിച്ചിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
കൂടാതെ, മഞ്ഞളിപ്പ്, ഇലപ്പുള്ളി, പൂങ്കുല കരിയൽ എന്നിവയും കർഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു. വാനരപ്പടയും പാകമാകാത്ത അടയ്ക്കാക്കുലകൾ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.
സൗജന്യ വൈദ്യുതിപദ്ധതിയിൽ തിരുമാനമായില്ല
പുത്തിഗെയിലെ 200-ഓളം കർഷകരെ സൗജന്യ വൈദ്യുതിപദ്ധതിയിൽനിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. നാലുവർഷമായി കൃഷിഭവൻ അടക്കേണ്ടിയിരുന്ന തുക അടയ്ക്കാത്തതായിരുന്നു പ്രശ്‌നം. കുടിശ്ശിക വന്നതോടെ സീതാംഗോളി വൈദ്യുതി സെക്ഷൻ അധികൃതർ നടപടി തുടങ്ങി.
ഭീമമായ തുക കർഷകർക്ക് കുടിശ്ശിക അടയ്ക്കുന്നതിനായി നോട്ടീസ് വന്നിരുന്നു. സൗജന്യ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നം കിസാൻസേന, വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല.
വൈദ്യുതി വിച്ഛേദിക്കുമെന്ന ഘട്ടം വന്നപ്പോൾ കർഷകർ സമരവുമായി രംഗത്തുവന്നു. ഇതോടെ വൈദ്യുതി വിച്ഛേദിക്കുമെന്ന ഭീഷണിക്ക് താത്‌കാലിക ശമനമായി. മുകളിൽനിന്ന് ഉത്തരവുവരുന്നതുവരെ ആരുടെയും വൈദ്യുതി വിച്ഛേദിക്കരുതെന്ന് വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നാണറിയുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group