കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ബസ് സമരം തുടരുന്നു

കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ബസ് സമരം തുടരുന്നു
കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ബസ് സമരം തുടരുന്നു
Share  
2025 Aug 29, 09:25 AM
PAZHYIDAM
mannan

എടക്കാട് : കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സാധാരണക്കാരുൾപ്പെടെയുള്ളവരുടെ ജീവിതം ദുരിതപൂർണമായി. ഓണക്കാലത്ത് തുടരുന്ന സമരം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവരാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.


നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന വാഹനങ്ങളെ ബൈപ്പാസ് വഴി തിരിച്ചുവിടുകയും പഴയ ദേശീയപാത അടയ്ക്കുകയും ചെയ്‌തതിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച മുതലാണ് സമരം തുടങ്ങിയത്. താഴെ ചൊവ്വയ്ക്കും നടാലിനും ഇടയിലുള്ളവരാണ് ഏറെ കഷ്‌ടപ്പെടുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളും വാഹന ഷോറുമുകളും സർവീസ് സെന്ററുകളുമുള്ള ഈ റൂട്ടിൽ ജോലിക്കായി നൂറുകണക്കിന് ആളുകളെത്തുന്നുണ്ട്. നടാലിലോ താഴെചൊവ്വയിലോ ചെന്ന് ദീർഘദൂര ബസുകളെ ആശ്രയിച്ചാണ് ഈ പ്രദേശത്തുകാർ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നത്. കണ്ണൂരിൽനിന്ന് കിഴുന്ന, കുറ്റിക്കകം ഭാഗത്തേക്കുള്ള ബസുകളെയാണ് തോട്ടട വരെയുള്ളവർ ആശ്രയിക്കുന്നത്.


മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ എ.എൻ. ഷംസീർ എന്നിവരുടെ മണ്ഡലത്തിലൂടെ കടന്നുപോകുന്ന ബസുകളാണ് മൂന്ന് ദിവസങ്ങളായി പണിമുടക്കിയിരിക്കുന്നത്.


സമരം ശക്തമാക്കുമെന്ന് ബസ് ഉടമകൾ


സമരം ശക്തമാക്കാൻ ബസുടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ദേശീയപാതാ അതോറിറ്റിയുടെ ധിക്കാരപരമായ നടപടിയിൽ യോഗം പ്രതിഷേധിച്ചു. നടാൽ-ഒകെ യൂപി സ്‌കൂൾ കർമസമതി ഭാരവാഹികളുമായി ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണംചെയ്യാനും തീരുമാനിച്ചു. ബസ് ഉടമകളുടെ കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് അധ്യക്ഷനായി. പി.വി.മോഹനൻ, പി.കെ.പവിത്രൻ, പി.സി.നാരായണൻ, കെ.പുരുഷോത്തമൻ, പി.രഘുനാഥൻ, എ.ഹാരിസ്, ട്രേഡ് യൂണിയൻ ഭാരവാഹികളായ വി.വി.പുരുഷോത്തമൻ, പി.കൃഷ്‌ണൻ, പി.പ്രസാദ്, ജനാർദനൻ, കെ.രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.


കൂടുതൽ കെഎസ്ആർടിസി ഓടിക്കണം


സമരം തുടരുന്ന സാഹചര്യത്തിൽ തോട്ടട വഴി തലശ്ശേരി, കണ്ണൂർ ഭാഗത്തേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. സമരത്തെ തുടർന്ന് കെഎസ്ആർടിസി നാമമാത്രമായി സർവീസ് നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ യാത്രക്ലേശത്തിന് പരിഹാരമാകുന്നില്ല. കണ്ണൂർ, തലശ്ശേരി ഡിപ്പോകളിൽനിന്നുള്ള ബസുകളാണ് സർവീസ് നടത്തുന്നത്. ജനങ്ങളുടെ ദുരിതം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവർ പറയുന്നു


ജില്ലാ ഭരണകൂടം ഇടപെടണം -എം.പി


കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് അദ്ദേഹം കളക്‌ടർക്ക് കത്ത് നൽകി. ദേശീയപാത അതോറിറ്റിയുടെയും ബസുടമകളുടെയും തൊഴിലാളികളുടെയും യോഗം വിളിക്കണം. ഓണക്കാലമായതിനാൽ അടച്ചിട്ട പഴയ ദേശീയപാത താത്കാലികമായി തുറന്നുനൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കേരളം റബ്ബറിൽ വൻ വീഴ്ച
mannan
THARANI
pazhyoidam