
കല്പറ്റ: ഓണത്തിന് സംസ്ഥാനത്ത് ഒരുലക്ഷംപേർക്ക് തൊഴിൽ നൽകാൻ കുടുംബശ്രീ തയ്യാറെടുപ്പ് തുടങ്ങി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ രജിസ്റ്റർചെയ്തതും ഹരിതകർമസേനയുടെ സേവനം ലഭിക്കുന്നതുമായ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി തൊഴിലവസരങ്ങൾ കണ്ടെത്തുകയാണ് ആദ്യഘട്ടം. ഇതിനുവേണ്ടി പ്രചാരണപ്രവർത്തനങ്ങൾ ജില്ലയിൽ പൂർത്തിയായി,
ജില്ലയിൽമാത്രം 5000 പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് കുടുംബശ്രീ തീരുമാനം. തൊഴിലില്ലായ്മ കുറയ്ക്കുക, തൊഴിൽമേഖലയിൽ സ്ത്രീപങ്കാളിത്തം കൂട്ടുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവരെ കണ്ടെത്തിയ തൊഴിൽദാതാക്കളായ സ്ഥാപനങ്ങളിൽ 2322 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഫർണിച്ചർ സ്ഥാപനങ്ങൾ, ജൂവലറികൾ, തയ്യൽ യൂണിറ്റുകൾ, കുടുംബശ്രീ സംരംഭങ്ങൾ തുടങ്ങിയവ ജോലിനൽകാൻ സന്നദ്ധരായിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങൾ എഡിഎസുകൾക്കു കീഴിലെ ഏജന്റുമാർ വിജ്ഞാനകേരളം സൈറ്റിൽ അപ്ലോഡ് ചെയ്യും.
ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഇതേ സൈറ്റിൽ ലഭ്യമാക്കും. ഇതുവഴി തൊഴിൽദാതാക്കളെയും തൊഴിലന്വേഷകരെയും ബന്ധിപ്പിക്കാം. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലുമുള്ള തൊഴിലന്വേഷകരെ അതതു സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിയമിക്കാൻ ശ്രമിക്കും. പിന്നീട് അതത് സിഡിഎസുകൾക്കു കീഴിൽ തൊഴിൽമേളകൾ നടത്തി തൊഴിൽരഹിതരായ ആളുകൾക്ക് ജോലി ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി തൊഴിൽനൈപുണി കോഴ്സുകൾ പഠിപ്പിക്കുന്നതിന് പഞ്ചായത്തുകൾ അഞ്ചും ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പത്തും ജില്ലാപഞ്ചായത്ത് പതിനഞ്ചും ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്.
ജില്ലയിൽ പദ്ധതി ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി ഏറ്റവും മികച്ച തൊഴിൽദാതാവിന് വിജ്ഞാനശ്രി അവാർഡും മികച്ച സിഡിഎസ് ചെയർപേഴ്സണ് വിജ്ഞാനജ്യോതി അവാർഡും മികച്ച പാർജ് ഓഫീസർക്ക് വിജ്ഞാനരത്നം അവാർഡും നൽകും. വിജ്ഞാനകേരളം പ്രചാരണപരിപാടിയുടെ ഭാഗമായി സെപ്റ്റംബർ ഒന്നിന് എല്ലാ വാർഡുകളിലും ബാലസംഗമങ്ങൾ നടത്തും. 'ഓണത്തിന് ഒരുലക്ഷം തൊഴിൽ' എന്ന വിഷയത്തിൽ കാർട്ടൂൺ പോസ്റ്റർ രചന, റീൽസ് തയ്യാറാക്കൽ മത്സരങ്ങൾ നടക്കും. പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനുമായി സംസാരിച്ച് വനിതകൾക്ക് കണ്ടക്‌ടർ പരിശീലനം നൽകി ബസ് ഹോസ്റ്റസ്‌മാരായി നിയമിക്കാനുള്ള നടപടികളും സ്വീകരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group