
ആത്മീയ നേതാക്കള്‍ക്ക് സാമൂഹിക പുരോഗതിയില്‍ പങ്കു വഹിക്കാന്‍ കഴിയും : മുഖ്യമന്ത്രി പിണറായി വിജയന്‍
പോത്തന്‍കോട് (തിരുവനന്തപുരം) : ആത്മീയതയുടെയും മാനുഷിക മൂല്യങ്ങളുടെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച മഹാപ്രതിഭയാണ് ശ്രീകരുണാകരഗുരു. കേരളം പുരോഗമിച്ച നാടായി മാറിയതിനു ഒരുപാട് മഹാരഥന്‍മാരുടെ ത്യാഗങ്ങളും ദര്‍ശനങ്ങളുമുണ്ട്. ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ മഹത്തായ സാമൂഹിക വിപ്ലവത്തിന്റെ ചരിത്രമുണ്ട്. അതില്‍ ശ്രദ്ധിക്കേണ്ട ഭാഗം ചരിത്രനിര്‍മ്മാണത്തില്‍ ആത്മീയ ആചാര്യന്‍മാര്‍ പകര്‍ന്ന വെളിച്ചം ചെറുതല്ല എന്നതാണ്. ജാതിയുടെ പേരിലുളള അയിത്തത്തിന്റെയും അനാചാരങ്ങളുടെയും ഈറ്റില്ലമായിരുന്നു ഒരു കാലത്ത് കേരളം. പരസ്പരം കണ്ടു കൂടാത്തവര്‍, തൊട്ടുകൂടാത്തവര്‍, മാന്യമായി വസ്ത്രം ധരിക്കാന്‍ അവകാശമില്ലാതിരുന്നവര്‍, വഴി നടക്കാനുളള അവകാശം നിഷേധിക്കപ്പെട്ടവര്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍, അങ്ങനെ വലിയൊരു വിഭാഗം ജനത നമ്മുടെ നാട്ടിലുണ്ടായിരുന്നു. ആ കേരളത്തെ നോക്കിയാണ് സ്വാമി വിവേകാന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ചത്. ആ ഇരുണ്ട കാലത്തെ തകര്‍ത്തെറിഞ്ഞത് നവോത്ഥാന നായകന്‍മാരുടെ ഇടപെടലുകളാണ്. അവരാകട്ടെ പലരും ആത്മീയ നേതാക്കളായിരുന്നു.
ആത്മീയ നേതാക്കള്‍ക്ക് സാമൂഹിക പുരോഗതിയില്‍ പങ്കു വഹിക്കാന്‍ കഴിയുമെന്നും കേരളത്തിലെ നവോത്ഥാന നായകന്‍മാരെ സൂക്ഷ്മായി പഠിച്ചാല്‍ ഇത് ബോധ്യമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ ‘നവപൂജിതം‘ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . ആത്മീയ ആചാര്യന്‍മാര്‍ക്ക് സമൂഹത്തെ ഭൌതികമായി പരിവര്‍ത്തിപ്പിക്കപ്പെടുത്താനും പുരോഗമനത്തിലേക്ക് നയിക്കാനും കഴിയും എന്നതാണ് ചരിത്രം.
ആ ആത്മീയതയുടെ പൈതൃകം നഷ്ടപ്പെടാതെ നോക്കണം. നിരവധി ഗുരുക്കന്‍മാര്‍ നടത്തിയ സാമൂഹിക ഇടപെടലുകളാണ് ആധുനിക കേരളത്തിന് മാനസികമായ അടിത്തറ പാകിയത്. കേവലം ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലോ, ആത്മീയ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നതിലോ ഒതുങ്ങാതെ ഒരു സമൂഹത്തെ ഒന്നാകെ മാറ്റിയെടുക്കാനാണ് അവര്‍ പരിശ്രമിച്ചത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും പൊയ്കയില്‍ അപ്പച്ചനും മക്തി തങ്ങളുമൊക്കെ സ്വീകരിച്ച പുരോഗമനപരാമായ നിലപാടുകള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല.
ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് ഈ ആചാര്യന്‍മാര്‍ നമുക്ക് കാണിച്ചു തന്നു. ഈ നിലയിലാണ് ശ്രീകരുണാകരഗുരുവിന്റെയും സ്ഥാനം. നവോത്ഥാനത്തിന്റെ തൊട്ടുപിന്നാലെ വന്ന ഘട്ടമാണ് ശ്രീകരുണാകരഗുരുവിന്റെ പ്രവര്‍ത്തനകാലം. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ധം വളര്‍ത്താനും എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിപ്പിക്കാനും ഗുരു പഠിപ്പിച്ചു. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകിയും വിശക്കുന്നവന് ആഹാരം കൊടുത്തും വൈദ്യശുശ്രൂഷയയ്ക്ക് പ്രാധാന്യം നല്‍കിയും ആത്മീയതയില്‍ വേറിട്ട ഒരു പാത സൃഷ്ടിക്കാൻ ഗുരുവിന് കഴിഞ്ഞു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശിഷ്ടാതിഥിയായി. ഒരിക്കലും ഒരു വിശ്വാസിയും വർഗ്ഗീയവാദിയല്ല, ഏതു മതത്തിൽപ്പെട്ടവരായാലും. വർഗ്ഗീയവാദിയ്ക്ക് യഥാർത്ഥത്തിൽ വിശ്വാസമില്ല. അവർ വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം തങ്ങളൂടെ വിശ്വാസപ്രമാണങ്ങളെ സ്പർദ്ധയുടെയോ, വൈകാരിക വേർതിരിവുകളൂടേയോ പശ്ചാത്തലത്തിൽ കൈകാര്യം ചെയ്യുന്നവരല്ല. എല്ലാ മതങ്ങളുടെയും സത്ത മനുഷ്യത്വമാണെന്ന ദാർശിനികതയാണ് ശ്രീകരുണാകരഗുരുവിൻ്റേതെന്നും ഐശ്വര്യപൂർണ്ണമായ കേരളത്തിൻ്റെ പ്രതിഫലനമാണ് ശാന്തിഗിരിയുടെ സദസ്സെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യമനസ്സുകളെ തമ്മിലകറ്റുന്ന മതിലുകള്‍ക്ക് പകരം മനുഷ്യനെ തമ്മില്‍ ചേര്‍ത്തു നിര്‍ത്തുന്ന കണ്ണികളാണ് നമുക്ക് ആവശ്യമെന്ന് ഗുരു നമ്മെ പഠിപ്പിക്കുന്നുവെന്നും ശാന്തിഗിരിയുടെ സന്ദേശം അതാണെന്നും അദ്ദേഹം പറഞ്ഞു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് തിരുവനന്തപുരം ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാസിയോസ് എപ്പിസ്കോപ്പ, മാര്‍ത്തോമ സഭ ഡയോസീയന്‍ സെക്രട്ടറി ഫാ.ഷിബു ഒ പ്ലാവിള, ആലുവ ഇമാം ഫൈസല്‍ അസ്‌ഹരി , സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ഡി.സി.സി ജില്ല വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീര്‍, ഡോ.ജി.ആര്‍.കിരണ്‍, ഡോ.മാത്യൂസ് കെ.ലൂക്കോസ് മന്നിയോട്ട്, ഇ.എ. സലീം, ആര്‍. സഹീറത്ത് ബീവി, പൂലന്തറ കെ കിരണ്‍ദാസ്, അനില്‍ ചേര്‍ത്തല, പി.പി. ബാബു, ഡോ. പി.എ. ഹേമലത, സബീര്‍ തിരുമല എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.
നവപൂജിതം ദിനമായ ആഗസ്ത് 29 ന് രാവിലെ 5 ന് ആരാധന, പ്രത്യേക പുഷ്പാജ്ഞലി, ധ്വജാരോഹണം, പുഷ്പസമര്‍പ്പണം. 10 ന് നവപൂജിതം സമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും ഉണ്ടാകും. ഉച്ചയ്ക്ക് 2.30 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മേഖലകളിലെ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളുല്‍ സംബന്ധിക്കും. രാത്രി 7.30 ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നവപൂജിതം സമര്‍പ്പണം സന്ദേശം നല്‍കും.
ഫോട്ടോ : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ‘നവപൂജിതം‘ ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായർ, സബീര്‍ തിരുമല, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, പാലോട് രവി, ഡോ.മാത്യൂസ് കെ.ലൂക്കോസ് മന്നിയോട്ട് തുടങ്ങിയവർ സമീപം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group